'ഭക്ഷണശാലകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണം'
തൊടുപുഴ: ഹോട്ടല്‍, റസ്റ്റോറന്റ്, മറ്റ് ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ വിലവിവരപ്പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന് കലക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ ഭക്ഷ്യോപദേശക സമിതി യോഗം സ്ഥാപന ഉടമകളോട് ആവശ്യപ്പെട്ടു.
മണ്ഡലകാലത്ത് തീര്‍ഥാടകര്‍ക്ക് അളവിലും തൂക്കത്തിലും മിതമായ നിരക്കിലും ഭക്ഷണം ലഭിക്കുന്നതിനും അമിത വില ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍ സംയുക്തമായി നിരന്തരമായ പരിശോധനകള്‍ നടത്തണമെന്നും യോഗം നിര്‍ദേശിച്ചു.
ശുചിത്വവും ആരോഗ്യകരവുമായ സാഹചര്യങ്ങളിലാണ് ഭക്ഷണ സാധനങ്ങള്‍ തയ്യാറാക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. ജില്ലയിലൂടെ കൊണ്ടുപോകുന്ന പാല്‍, പച്ചക്കറി എന്നിവയുടെ പരിശോധന കര്‍ശനമാക്കണം. ഇതിനായി കമ്പംമെട്ട്, കുമളി, ചിന്നാര്‍, കാന്തല്ലൂര്‍ എന്നിവിടങ്ങളില്‍ പരിശോധന ഊര്‍ജ്ജിതമാക്കണം. ഭക്ഷ്യസുരക്ഷാ വിഭാഗത്തെ ഇവിടെ നിയോഗിക്കുന്നതിന് നടപടി സ്വീകരിക്കണം. മറ്റു ജില്ലകളിലേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ കൂടി ജില്ലയിലെ ചെക്ക്‌പോസ്റ്റുകളിലൂടെ കൊണ്ടുപോകുന്നതിനാല്‍ സര്‍ക്കാര്‍ ഫുഡ്‌സേഫ്റ്റി വിഭാഗത്തെ എല്ലാ ചെക്ക്‌പോസ്റ്റുകളിലും നിയോഗിക്കണം. പാലും പാലുല്‍പ്പന്നങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ സ്ഥിരം ലാബുകള്‍ സ്ഥാപിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
റേഷന്‍ വിതരണത്തിനുള്ള മുന്‍ഗണനാ പട്ടികയില്‍ നിന്നും അനര്‍ഹരെ ഒഴിവാക്കി അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ.കെ.ആര്‍ പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍. ജ്ഞാനപ്രകാശം, ഡി.വൈ.എസ്.പി പി. സുകുമാരന്‍, എം.ജെ. മാത്യു, പി. മുത്തുപ്പാണ്ടി, അനില്‍ കൂവപ്ലാക്കല്‍, ജിയോ മാത്യു, ഔസേപ്പച്ചന്‍ ഇടക്കുളത്തില്‍, റോസക്കുട്ടി എബ്രഹാം, ഗ്രേസ് ആന്റണി, എസ്. രാജന്‍, കെ.എസ്. സജീവ്, മുഹമ്മദ് ഫൈസി, തോമസ് കുട്ടി വി.എം, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, സപ്ലൈകോ മാനേജര്‍മാര്‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."