തൊടുപുഴ ജില്ലാ ആശുപത്രിക്ക് പുതിയ കെട്ടിടം വരുന്നു; ചെലവ് 15 കോടി
തൊടുപുഴ: തൊടുപുഴ ജില്ലാ ആശുപത്രിയോടനുബന്ധിച്ച് ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന പുതിയ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം 12 നു നടക്കും.
ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ ശിലാസ്ഥാപനം നിര്‍വഹിക്കും. 15 കോടി ചെലവില്‍ ആറു നിലകളിലായാണു കെട്ടിടം നിര്‍മിക്കുന്നത്. പഴയ ആശുപത്രി മന്ദിരത്തിനോടു ചേര്‍ന്ന് നേരത്തെയുണ്ടായിരുന്ന മോര്‍ച്ചറി പ്രവര്‍ത്തിച്ചിരുന്ന ഭാഗം ഉള്‍പ്പെടുത്തിയാണ് പുതിയ ബ്ലോക്ക് നിര്‍മിക്കുക.
പുതിയ മന്ദിരത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, അത്യാഹിത വിഭാഗം, ഐസിയു, മെഡിക്കല്‍ വാര്‍ഡ്, ഗൈനക്കോളജി വാര്‍ഡ്, ഓപ്പറേഷന് തിയറ്റര്‍ തുടങ്ങിയവ ഉണ്ടാകും.
അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ് സൗകര്യവും ഒരുക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് തൊടുപുഴ താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രി പദവിയിലേക്ക് ഉയര്‍ത്തിയത്.
തുടര്‍ന്നാണ് ജില്ലാ ആശുപത്രിയോടനുബന്ധിച്ചു പുതിയ മന്ദിരം നിര്‍മിക്കുന്നതിനും അനുമതി നല്‍കിയത്. പി.ജെ ജോസഫ് എം.എല്‍.എ യുടെ ഇടപെടലിനെ തുടര്‍ന്നാണു പുതിയ ബ്ലോക്ക് നിര്‍മിക്കുന്നതിന് മുന്‍ സര്‍ക്കാര്‍ 15 കോടി രൂപ അനുവദിച്ചത്.
പൊതുമരാമത്ത് വകുപ്പ് നിര്‍മിക്കുന്ന കെട്ടിടം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാകും.
പുതിയ കെട്ടിടം കൂടി ഉയരുന്നതോടെ ജില്ലയില്‍ മികച്ച ചികിത്സാ സൗകര്യം ലഭിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയായി തൊടുപുഴ ജില്ലാ ആശുപത്രി മാറും. ഇപ്പോള്‍ തന്നെ ഇവിടെ ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഉണ്ട്.
വൃക്ക രോഗികള്‍ക്കായുള്ള ഡയാലിസിസ് യൂനിറ്റ് ഏറെപ്പേര്‍ക്ക് അനുഗ്രഹമായി മാറിയിട്ടുണ്ട്. സൗകര്യങ്ങളുള്ളപ്പോഴും ആവശ്യത്തിനു ഡോക്ടര്‍മാരില്ലാത്തത് രോഗികളെ വലയ്ക്കുന്നുണ്ട്. നേരത്തെ ഉണ്ടായിരുന്ന പല വിദഗ്ധ ഡോക്ടര്‍മാരും പെന്ഷന് പറ്റിയും സ്ഥലം മാറിയും പോയതിനു പകരം നിയമനം നടത്താത്തതാണു കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."