വഴിക്കടവിലും എയ്ഞ്ചല്‍വാലിയിലും ഉടന്‍ പട്ടയം നല്‍കും: പി.സി ജോര്‍ജ്
ഈരാറ്റുപേട്ട : മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ മലയോര പ്രദേശങ്ങളില്‍ അധിവസിക്കുന്ന കര്‍ഷകര്‍ക്കു പട്ടയം നല്‍കാന്‍ നവംബര്‍ മൂന്നിനു തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ തീരുമാനമായതായി പി.സി ജോര്‍ജ് എം.എല്‍.എ അറിയിച്ചു.
മീനച്ചില്‍ താലൂക്കില്‍, വാഗമണ്ണിനോട് ചേര്‍ന്ന് കിടക്കുന്ന തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര വില്ലേജുകളില്‍പ്പെട്ട വഴിക്കടവില്‍ 51 കര്‍ഷകര്‍ക്കു ഒരേക്കര്‍ വീതം ഭൂമിയ്ക്കു പട്ടയം നല്‍കാന്‍ ഉത്തരവായി.
എന്നാല്‍ 76 സ്ഥിരതാമസക്കാര്‍ ഉണ്ടെന്ന എം.എല്‍.എയുടെ അപേക്ഷ പരിഗണിച്ച് ബാക്കി 25 കര്‍ഷകര്‍ക്കു മറ്റ് വസ്തുവകകള്‍ ഉണ്ടോ എന്ന് കണ്ടെത്തുന്നതിനും പട്ടയത്തിന് യോഗ്യരാണെങ്കില്‍ പട്ടയം നല്‍കുവാനും യോഗം തീരുമാനിച്ചു.
സ്ഥിരതാമസക്കാരായ കര്‍ഷകര്‍ ഒഴികെയുള്ള മുഴുവന്‍ അനധികൃത കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് എം.എല്‍.എ. ആവശ്യപ്പെട്ടു. ഇതിന്മേല്‍ നടപടിയെടുക്കാന്‍ ജില്ലാ കളക്ടറെ മന്ത്രി ചുമതലപ്പെടുത്തി. കാഞ്ഞിരപ്പള്ളി താലൂക്കിലെ എയ്ഞ്ചല്‍വാലിയില്‍ ഇപ്പോള്‍ അപേക്ഷിച്ചിട്ടുള്ള 250-ഓളം കര്‍ഷകര്‍ക്ക് 24ന് കാഞ്ഞിരപ്പള്ളിയില്‍ വച്ച് പട്ടയം വിതരണം ചെയ്യും.
റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കലക്ടര്‍, എരുമേലി, കൂട്ടിക്കല്‍, തീക്കോയി, കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റുമാര്‍, മീനച്ചില്‍, കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍മാര്‍ മറ്റ് റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."