തുഷാറിനെ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറിയാക്കി ബി.ഡി.ജെ.എസ് ഏറ്റെടുക്കാന്‍ വെള്ളാപ്പള്ളിയുടെ നീക്കം
സ്വന്തം ലേഖകന്‍
കൊല്ലം: തുഷാര്‍ വെള്ളാപ്പള്ളിയെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയാക്കി പകരം ബി.ഡി.ജെ.എസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ വെള്ളാപ്പള്ളിയുടെ നീക്കം.
കൂടുതല്‍ കാലം താന്‍ യോഗത്തിന്റെ നേതൃത്വത്തില്‍ ഇരിക്കില്ലെന്നു കഴിഞ്ഞദിവസം വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. കുടുംബത്തിന് പുറത്തേക്ക് സംഘടനയുടെ ശക്തി പോകുന്നതില്‍ വെള്ളാപ്പള്ളിക്ക് താല്‍പ്പര്യമില്ലാത്തതിനാല്‍ സ്ഥാനം വച്ചുമാറലിനാണ് അവസരം ഒരുങ്ങുന്നത്.
2015ലാണ് യോഗം നേതൃത്വത്തിലേക്കു തെരഞ്ഞെടുപ്പ് നടന്നത്. ഭരണസമിതിക്കു 2020വരെ കാലാവധിയുണ്ട്. എന്നാല്‍ ശിവഗിരി മഠത്തെ ഉപയോഗിച്ച് കൂടുതല്‍ വെള്ളാപ്പള്ളി പക്ഷക്കാരെ അടര്‍ത്തിയെടുക്കാനുള്ള നീക്കത്തിലാണ് ഗോകുലം ഗോപാലനും ബിജു രമേശും. തുഷാറിനെ യോഗത്തിലെ കസേര ഏല്‍പ്പിച്ച് വെള്ളാപ്പള്ളി ബി.ഡി.ജെ.എസിന്റെ നേതൃത്വത്തിലേക്ക് വരുമ്പോള്‍ തുഷാര്‍ മറ്റെല്ലാ സ്ഥാനങ്ങളും ഉപേക്ഷിച്ച് എസ്.എന്‍.ഡി.പിയെ നയിക്കാനെത്തും. യോഗം മുന്‍ വൈസ് പ്രസിഡന്റും ഒരുകാലത്തു വെള്ളാപ്പള്ളിയുടെ വിശ്വസ്തനുമായിരുന്ന എം.ബി ശ്രീകുമാര്‍ എസ്.എന്‍.ഡി.പി പ്രവര്‍ത്തനങ്ങളുമായി വീണ്ടും സജീവമായതും തുഷാറിന്റെ സ്ഥാനാരോഹണം മുന്നില്‍ക്കണ്ടാണ്. തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ബി.ഡി.ജെ.എസ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വമ്പന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്.ആ ക്ഷീണം മാറ്റാനും രാഷ്ട്രീയരംഗത്ത് പരസ്യ നിലപാടുകളുമായി ഇറങ്ങാനും വെള്ളാപ്പള്ളി തയ്യാറെടുത്തു കഴിഞ്ഞതായാണ് വിവരം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെതിരെ പരസ്യനിലപാടെടുത്ത് ബി.ജെ.പി സംഘ്പരിവാര്‍ പക്ഷത്തേക്ക് ചുവടുമാറിയ വെള്ളാപ്പള്ളിക്കും മകനുമെതിരെ സി.പി.എം ശക്തമായ നീക്കം നടത്തുന്നുണ്ട്. എസ.്എന്‍.ഡി.പി യോഗം പിടിച്ചെടുക്കാനും വെള്ളാപ്പള്ളിയുടെ ആധിപത്യം അവസാനിപ്പിക്കാനും സി.പി.എം ശ്രമിക്കുന്നതായുള്ള സൂചനകള്‍ ശക്തമാകുന്നതിനിടെയാണ്് വെള്ളാപ്പള്ളിയുടെ പുതിയ രാഷ്ട്രീയ നീക്കം. തുഷാറിന്റെ നേതൃത്വം ബി.ഡി.ജെ.എസില്‍ പലരും അംഗീകരിക്കാത്തതും പല വിഷയങ്ങളിലും തുഷാറിന്റെ പ്രതികരണങ്ങളും തന്ത്രങ്ങളും പാളിപ്പോകുന്നതും ബി.ഡി.ജെ.എസ് എന്ന രാഷ്ട്രീയ പാര്‍ട്ടിതന്നെ ഇല്ലാതാകുമെന്ന ഭയവും വെള്ളാപ്പള്ളിയെ അലട്ടുന്നുണ്ട്.
എസ.്എന്‍.ഡി.പി യോഗത്തിന്റെ തലപ്പത്തിരുന്ന് പരസ്യമായി രാഷ്ട്രീയ പ്രചരണത്തിനിറങ്ങുന്നതിന് വെള്ളാപ്പള്ളിക്ക് പരിമിതികളുമുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തും പ്രചരണരംഗത്തിറങ്ങിയപ്പോള്‍ കോണ്‍ഗ്രസിനുവേണ്ടി സുധീരനും സി.പി.എമ്മിനുവേണ്ടി വി.എസ് ഉള്‍പ്പെടെയുള്ള നേതാക്കളും യോഗം ജനറല്‍ സെക്രട്ടറി പരസ്യ രാഷ്ട്രീയചായ്‌വുമായി രംഗത്തിറങ്ങുന്നതിനെയാണ് പ്രധാനമായും എതിര്‍ത്തത്. ഈ ആയുധം ഇനിയുള്ള രാഷ്ട്രീയ നീക്കങ്ങളിലും തനിക്കെതിരെ പുറത്തെടുക്കാന്‍ സാധ്യതയുണ്ടെന്ന് വെള്ളാപ്പള്ളിക്കറിയാം. എന്നാല്‍ എസ്.എന്‍.ഡി.പി പദവിയൊഴിഞ്ഞ് മുഴുവന്‍സമയ രാഷ്ട്രീയക്കാരനായാല്‍ എതിരാളികളുടെ വായടക്കാമെന്നും കടുത്ത വിമര്‍ശനങ്ങള്‍ നടത്താമെന്നും വെള്ളാപ്പള്ളി കരുതുന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. തുഷാറിനെ എ.എസ്.എന്‍.ഡി.പി നേതൃസ്ഥാനം ഏല്‍പിച്ചാല്‍ പിന്‍സീറ്റിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കാമെന്നാണ് വെള്ളാപ്പള്ളി കണക്കുകൂട്ടുന്നത്. പരസ്യ നിലപാടുകള്‍ ആവശ്യമുള്ള സംഘടനാകാര്യങ്ങള്‍ മകനെക്കൊണ്ട് പറയിപ്പിക്കാനുമാകും. അതേസമയം, യോഗത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതായുള്ള ആരോപണം കേള്‍ക്കേണ്ടിവരികയില്ലെന്നും അദ്ദേഹം കരുതുന്നു.
പക്ഷേ, സംഘടനയില്‍ തനിക്കുള്ള പിന്തുണയുടെ ബലത്തില്‍ മകന് യോഗത്തിന്റെ സെക്രട്ടറി പദം കൈമാറുന്നത് അത്ര എളുപ്പമാവില്ലെന്നാണ് സൂചനകള്‍. എന്നാല്‍ ശാഖാ യോഗങ്ങളുടെ കരുത്ത് ചോര്‍ത്തി വെള്ളാപ്പള്ളിയെ ദുര്‍ബലനാക്കാനും സംസ്ഥാനത്ത് ശ്രീനാരായണ ധര്‍മ്മസംരക്ഷണ സമിതി വ്യാപിപ്പിക്കാനുമാണ് സി.പി.എം നീക്കം.
ഗോകുലം ഗോപാലന്റെയും ബിജു രമേശിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ധര്‍മ്മവേദി സംസ്ഥാനത്ത് ഇപ്പോള്‍ ശുഷ്‌ക്കമാണെങ്കിലും സി.പി.എമ്മിന്റെ പിന്തുണ ലഭിക്കുന്നതോടെ സംഘടന കൂടുതല്‍ ശക്തിയാര്‍ജിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."