നോട്ട് നിരോധനവും പണിമുടക്കും പൊതുജനം വലഞ്ഞു
കൊച്ചി: പണിമുടക്കും ചില്ലറ ക്ഷാമവും ജില്ലയിലെ സാധാരണക്കാരെ വലച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ.എന്‍ ഗോപിനാഥിനെ വധിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സംയുക്ത ട്രേഡ് യുനിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വാഹന പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. പെട്ടന്നു പ്രഖ്യാപിച്ച പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന അഭിപ്രയങ്ങള്‍ക്കിടയില്‍ രാത്രി വൈകി 1000, 500 രൂപ നോട്ടുകള്‍ അടിയന്തിരമായി പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയുമെത്തി. ഇതോടെ ജില്ലയിലെ ജനജീവിത സ്തംഭനം പൂര്‍ണമായി. പണിമുടക്കും ചില്ലറക്ഷാമവും ഒരുനമിച്ച് വന്നതോടെ ജില്ലയില്‍ ഇന്നലെ ഹര്‍ത്താതിന്റെ പ്രതീതിയായിരുന്നു.
സ്വകാര്യ ബസുകളും, ഓട്ടൊ ടാക്‌സികളും പണിമുടക്കില്‍ പങ്കെടുത്തു. കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വീസുകളും നാമമാത്രമായ ലോക്കല്‍ സര്‍വീസുകളും മാത്രമാണ് ഇന്നലെ നിരത്തിലിറങ്ങിയത്. ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും അവധി നല്‍കിയതോടെ ജില്ലയിലെ വ്യാപാരികളേയും സാധാരണക്കാരെയും ഒരുപോലെ ബാധിച്ചു. ദിവസ വേതന ജോലിക്കാരെയും ഇതര സംസ്ഥാന തൊഴിലാളികളെയും പ്രതിസന്ധിയിലാക്കി. പണിമുടക്കിനെ തുടര്‍ന്ന് സംയുക്ത മോട്ടോര്‍ തൊഴിലാളി കോഓര്‍ഡിനേഷന്റെ നേതൃത്വത്തില്‍ എറണാകുളം ടൗണ്‍ഹാളിന് മുന്‍പില്‍ നിന്ന് നടത്തിയ പ്രതിഷേധ പ്രകടനം ഹൈക്കോടതി കവലയില്‍ സമാപിച്ചു.
സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എം. അഷറഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് കോഓര്‍ഡിനേഷന്‍ കണ്‍വീനര്‍ കെ.എ അലി അക്ബര്‍, എ.ഐ.ടി.യു.സി നേതാവ് ജോണ്‍ ലൂക്കോസ്, എസ്.ടി.യു നേതാവ് രഘുനാഥ് പനവേലി, ജെ.ടി.യു.സി നേതാവ് മനോജ് പെരുമ്പിള്ളി, ടി.കെ രമേശന്‍, വി.വി പ്രവീണ്‍, കെ.കെ കലേശന്‍, എം.എസ് രാജ, ടി.ബി മിനി, സിമേഷ്, സോജന്‍ ആന്റണി, ജബ്ബാര്‍ പുന്നക്കാടന്‍, പി.ആര്‍ റെനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
കളമശേരിപ്രദേശത്തെ പമ്പുകളിലും, തീയേറ്ററുകളടക്കമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ ഉപഭോക്താക്കളുമായി തര്‍ക്കങ്ങള്‍ രൂക്ഷമായി. ചിലയിടത്ത് കയ്യാങ്കളിയിലെത്തി. പമ്പുകളില്‍ ഈ നോട്ടുകള്‍ സ്വീകരിക്കുമെന്ന് പറഞ്ഞെങ്കിലും മിക്കയിടങ്ങളിലും ബാക്കി നല്‍കാന്‍ നൂറ് രൂപയുടെ നോട്ടുകള്‍ ഉണ്ടായില്ല. ചിലയിടങ്ങളില്‍ 500, 1000 രൂപയ്ക്ക് പൂര്‍ണ്ണമായും ഇന്ധനമടിക്കാന്‍ മാത്രമേ അനുവദിച്ചുള്ളൂ. കളമശ്ശേരി എസ് സി എം എസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസടക്കേണ്ട ദിവസമായിരുന്നെങ്കിലും തീയതി നീട്ടി നല്‍കി.
ചില പലചരക്ക് കടകളില്‍ മുഴവന്‍ തുകയ്ക്കും സാധനങ്ങള്‍ വാങ്ങിയാല്‍ 500, 1000 നോട്ടുകള്‍ സ്വീകരിക്കാന്‍ തയ്യാറായി. ഹോട്ടലുകളില്‍ പൊതുവെ തിരക്ക് വളരെ കുറവായിരുന്നു.
പെരുമ്പാവൂര്‍ മേഖലയിലെ സാമ്പത്തിക ജീവനാഡിയായ മരാധിഷ്ഠിത വ്യവസായത്തെയും ക്വാറിക്രഷര്‍ മേഖലയെയും ടെക്‌സ്‌റ്റൈല്‍, മൊബൈല്‍ വിപണിയെയും നോട്ട് നിരോധനം കാര്യമായി ബാധിച്ചു. ഒരു ദിവസം പെരുമ്പാവൂരിലേക്ക് സമീപ ജില്ലകളില്‍ നിന്ന് എത്തുന്നത് 500ലധികം ലോഡ ്മരമാണ്.
ഒരു ലോഡിന് ലക്ഷങ്ങള്‍ തന്നെ വില വരുമെന്നിരിക്കെ ഈ ലോഡിന്റെ വരവിലും വില്‍പനയിലും ഇന്നലെ മുതല്‍ കാര്യമായ മാറ്റം വന്നു കഴിഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികള്‍ ഒരു ലക്ഷത്തോളം വരുന്ന പെരുമ്പാവൂരില്‍ ഇവരെ പ്രധാനമായി ആശ്രയിച്ച് കച്ചവടം നടത്തുന്ന മൊബൈല്‍ കടകളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചതായി മൊബൈല്‍ കടയുടമകള്‍ പറയുന്നു. നിലവില്‍ തൊഴിലാളികള്‍ക്ക് കൂലിയായി നല്‍കിയ അവരുടെ കൈവശമുണ്ടായിരുന്ന തുകകള്‍ കമ്പനി ഉടമകള്‍ക്ക് തിരിച്ച് നല്‍കുന്ന സ്ഥിതി ഉണ്ടായതായി ഉടമകള്‍ പറയുന്നു. ഇവരുടെ കയ്യിലുണ്ടായിരുന്ന തുകകള്‍ എങ്ങനെ മാറ്റുമെന്ന ഇവര്‍ക്ക്ആശങ്കയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."