എടക്കല്‍ ഗുഹയ്ക്ക് സമീപം അനധികൃത നിര്‍മാണം
അമ്പലവയല്‍: ചരിത്രപ്രസിദ്ധമായ എടയ്ക്കല്‍ ഗുഹയ്ക്ക് കോട്ടം തട്ടുന്ന തരത്തില്‍ ഗുഹയുടെ സമീപത്ത് അനധികൃത നിര്‍മാണം. ഗുഹയോട് ചേര്‍ന്ന് പൂര്‍ണമായും നിര്‍മാണ നിരോധിത മേഖലയിലാണ് അടിക്കാടും മരവും വെട്ടിമാറ്റി മണ്ണെടുത്ത് നിര്‍മാണം പുരോഗമിക്കുന്നത്. ഗുഹയോട് ചേര്‍ന്ന് സ്ഥലമുള്ള സ്വകാര്യവ്യക്തിയുടെ ഒരു ഏക്കര്‍ സ്ഥലത്താണ് നിര്‍മാണം.
പാര്‍ക്കിങ് ഏരിയയില്‍ നിന്നും ഗുഹയിലേക്കുള്ള പാതയ്ക്ക് അഭിമുഖമായ സ്ഥലമാണിത്. സ്വകാര്യ വ്യക്തി ആദ്യം അടിക്കാട് വെട്ടിമാറ്റി. പിന്നീട് സ്ഥലത്തേക്ക് വഴിവെട്ടുകയും ഇവിടെയുള്ള വലിയ ആറുമരങ്ങള്‍ വെട്ടിമാറ്റിയിട്ടുമുണ്ട്. ഗുഹയ്ക്ക് ദോഷം വരുന്ന തരത്തിലാണ് നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നത്.
വലിയ പാറകൂട്ടങ്ങളുള്ള കുത്തനെയുള്ള സ്ഥലമാണിത്. ഇവിടെ മരങ്ങളുടെ തടസ്സത്തിലാണ് പാറകൂട്ടങ്ങള്‍ നില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ മരം വെട്ടിമാറ്റുമ്പോള്‍ കല്ലുകള്‍ ഇളകി ഗുഹയിലേക്കുള്ള പാതയില്‍ പതിക്കാനും സഞ്ചാരികള്‍ക്ക് പരിക്കേല്‍ക്കാനും സാധ്യയുണ്ടെന്നാണ് ആര്‍ക്കിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതറിഞ്ഞ് നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് കറപ്പന്‍, വൈസ് പ്രസിഡന്റ് മേരി ടീച്ചര്‍, എടക്കല്‍ ഗുഹയുടെ സംരക്ഷണപ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന ആര്‍ക്കിയോളജി വകുപ്പ് ഉദ്യോഗസ്ഥ ജീവ, ഡി.റ്റി.പി.സി മാനേജര്‍ ബിജു അടക്കമുള്ളവര്‍ സ്ഥലത്തെത്തി സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. അനധികൃതമായി നടത്തുന്ന നിര്‍മാണ പ്രവൃത്തിക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പുരാവസ്തു വകുപ്പ് പൊലിസിലും നെന്മേനി വില്ലേജ് ഓഫിസര്‍ക്കും പരാതിയും നല്‍കി.
നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത് ഗുഹയോട് ചേര്‍ന്ന് 35 ഏക്കര്‍ സംരക്ഷിത പ്രദേശമായി പുരാവസ്തു പ്രഖ്യപിച്ചസ്ഥലത്താണ്.
എന്നാല്‍ ആര്‍ക്കിയോളജി വകുപ്പിന് അനുവദിച്ച സ്ഥലത്തിന്റെ അതിരുകള്‍ അളന്ന് തിട്ടപെടുത്താതെ ഇത്തരത്തിലുള്ള നിര്‍മാണ പ്രവൃത്തികള്‍ തടയുന്നതില്‍ വകുപ്പിനും ഡി.റ്റി.പി.സിക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."