വിമാനത്താവളം: വീട് നഷ്ടപ്പെട്ട കുടുംബത്തിലെ ഒരാള്‍ക്കു ജോലി
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിനായി വീടു നഷ്ടപ്പെട്ട കുടുംബങ്ങളില്‍ ഒരാള്‍ക്കു ജോലിക്കു മുന്‍ഗണന നല്‍കുമെന്നു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനി നിയമപ്രകാരം അനുബന്ധ സ്ഥാപനത്തിലോ ഒരു കുടുംബത്തിലെ ഒരാള്‍ക്ക് അവരുടെ യോഗ്യതയുടെ അടിസ്ഥാനത്തിലോ ആണ് ജോലിക്കു മുന്‍ഗണന നല്‍കുന്നതെന്നും ഉത്തരവില്‍ വ്യവസ്ഥയുണ്ട്. ഒഴിവുകളില്‍ വേണ്ട യോഗ്യത, പരീക്ഷകളില്‍ മാര്‍ക്കില്‍ ഇളവ്, ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുമുതല്‍ എട്ടുവര്‍ഷം വരെ ഇളവ്, ആവശ്യമായ പ്രവൃത്തി പരിചയത്തില്‍ ഇളവ്, എഴുത്ത് പരീക്ഷയുള്ള തസ്തികകളില്‍ അഞ്ച് ഗ്രേസ് മാര്‍ക്ക് നല്‍കാനും ഇന്റര്‍വ്യൂ ഘട്ടത്തില്‍ മുന്‍ഗണന നല്‍കാനും വ്യവസ്ഥയുണ്ട്. വിമാനത്താവള കമ്പനിയില്‍ ഉണ്ടാവുന്ന ഒഴിവുകളേക്കാള്‍ കൂടുതല്‍ ഒഴിവുകള്‍ വരുന്നത് അനുബന്ധ സ്ഥാപനങ്ങളിലും സര്‍വിസുകളിലുമാണ്. ഇതനുസരിച്ച് ഗ്രൗണ്ട് ഹാന്റ്‌ലിങ്, കാര്‍ഗോ ഹാന്റ്‌ലിങ് തുടങ്ങിയ സെക്ഷനുകളിലാണ് നിയമനം. ഈ വിഭാഗത്തിലേക്ക് ഏജന്‍സികളെ തെരഞ്ഞെടുക്കാനുള്ള പരസ്യത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബത്തിലെ ഒരംഗത്തിനു ജോലിക്കു മുന്‍ഗണന നല്‍കാനുള്ള വ്യവസ്ഥ കര്‍ശനമായും പാലിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."