ഹാള്‍ ടിക്കറ്റ്: പി.എസ്.സിയോട് മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി
തൊടുപുഴ: പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ 20 ദിവസം മുമ്പ് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്താലേ പരീക്ഷ എഴുതാനാകൂവെന്ന തീരുമാനത്തിനെതിരെ നല്‍കിയ പരാതിയില്‍ പി.എസ്.സി സെക്രട്ടറിയോട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനംഗം പി. മോഹന്‍ദാസ് ആവശ്യപ്പെട്ടത്. പി.എസ്.സി തീരുമാനം ഇടുക്കി, വയനാട്, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ ദലിത്, പിന്നാക്ക, ആദിവാസി യുവജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നെന്ന് ചൂണ്ടിക്കാട്ടി തൊടുപുഴ മണക്കാട് സ്വദേശി എ.ടി. സോമശേഖരപിള്ളയാണ് മനുഷ്യാവകാശ കമ്മിഷന് മുന്നില്‍ പരാതിയുമായെത്തിയത്. ഇടമലക്കുടി, മറയൂര്‍, കാന്തല്ലൂര്‍, ചിന്നക്കനാല്‍ തുടങ്ങി വിദൂര ആദിവാസി ഗ്രാമങ്ങളില്‍ വൈദ്യുതി പോലും എത്താത്ത സാഹചര്യത്തില്‍ നിശ്ചിതസമയത്തിനകം കമ്പ്യൂട്ടര്‍ സൗകര്യമുള്ള
സ്ഥലത്ത് ചെന്ന് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ പലര്‍ക്കും സാധിക്കുന്നില്ല. ഇടമലക്കുടിക്കാര്‍ക്ക് 21 കിലോമീറ്റര്‍ കാല്‍നടയായും 26 കിലോമീറ്റര്‍ ജീപ്പിലും സഞ്ചരിക്കണം മൂന്നാര്‍ ടൗണില്‍ എത്താന്‍. ഒട്ടേറെ ക്ലേശങ്ങള്‍ സഹിച്ച് എത്തിയാല്‍ തന്നെ പലപ്പോഴും ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാകാറില്ല. പി.എസ്.സിയുടെ തീരുമാനം പലരുടെയും പരീക്ഷ മുടക്കുകയാണ്. നഗരവാസികളെപ്പോലെ കേരളത്തിലുള്ള മുഴുവന്‍ ജനങ്ങളും കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാവുന്നവരും അതിന് സൗകര്യമുള്ളവരുമാണെന്ന ധാരണയാണ് പിഎസ്‌സിക്കുള്ളത്. പി.എസ്.സിയുടെ
ഉത്തരവ് കടുത്ത മനുഷ്യാവകാശ ലംഘനവും തുല്യനീതി നിഷേധവുമാണെന്നായിരുന്നു പരാതിക്കാരന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."