ബാങ്കുകളില്‍ നീണ്ട ക്യൂ: കനത്ത തിരിച്ചടിയേറ്റ് ജില്ലയിലെ വ്യാപാര മേഖല
കൊല്ലം: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഒരു ദിവസം അടച്ചിട്ട ബാങ്കുകള്‍ ഇന്നലെ തുറന്നതോടെ ജില്ലയിലെ ബാങ്കുകളില്‍ പണം മാറാനും നിക്ഷേപിക്കാനുമെത്തുന്നവരുടെ നീണ്ട ക്യൂവായിരുന്നു. പോസ്റ്റ് ഓഫിസുകളിലും നിരവധിപേര്‍ എത്തിയിരുന്നു. എസ്.ബി.ടി, എസ്.ബി.ഐ, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയ എല്ലാ ബാങ്കുകളും നോട്ടുകള്‍ മാറുന്നതിനു പ്രത്യേകം കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ എട്ടോടെ ആവശ്യക്കാര്‍ ബാങ്കുകള്‍ക്ക് മുന്നില്‍ തടിച്ച് കൂടിയിരുന്നു. എത്ര രൂപ പിന്‍വലിക്കാനാകുമെന്നും, ബാങ്കില്‍ അക്കൗണ്ട് ഉണ്ടങ്കില്‍ മാത്രമേ പണം പിന്‍വലിക്കാനാവുകയുള്ളോ, എത്ര രൂപ വരെ പണം പിന്‍വലിക്കാനാകും എന്നീ സംശയങ്ങളാണ് ഏവര്‍ക്കുമുള്ളത്. ബാങ്കുകളില്‍ നിന്നും പണം മാറ്റിയെടുത്ത വിവരം പലരും പറഞ്ഞ് അറിഞ്ഞതോടെ രാവിലെ 10 കഴിഞ്ഞപ്പോള്‍ തിരക്ക് കൂടുകയും ചെയ്തു. വിതരണം ചെയ്യുന്നതിനായി എസ്.ബി.ടിയുടെ ട്രഷറി ബ്രാഞ്ചില്‍ നിന്ന് പുതിയ 500, 2000 നോട്ടുകള്‍ എത്തിയിരുന്നു.
പോസ്റ്റ് ഓഫിസുകളില്‍ പണം മാറ്റിയെടുക്കുന്നതില്‍ ചെറിയ ആശയക്കുഴപ്പവും ഉണ്ടായിരുന്നു. പോസ്റ്റ് ഓഫിസുകളില്‍ എല്ലാം പണം മാറ്റിയെടുക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ചെറിയ പോസ്‌റ്റോഫിസുകളില്‍ മാറ്റിനല്‍കാന്‍ പണം എത്തിച്ചിരുന്നില്ല.
എന്നാല്‍ ചില ബാങ്കുകളില്‍ പണം എത്താതിരുന്നതു പ്രതിഷേധത്തിനു കാരണമായിരുന്നു. ശനിയും ഞായറും ബാങ്കുകള്‍ തുറക്കും. രാത്രിയാത്ര കഴിഞ്ഞു റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ യാത്രക്കാര്‍ നട്ടം തിരിഞ്ഞു. 500 രൂപ നല്‍കി പ്ലാറ്റ്‌ഫോം ടിക്കറ്റെടുക്കാന്‍ തയാറായവരും നിരവധിയാണ്. എല്ലാ സമ്പന്നരും ഇന്നലെ ജീവിച്ചത് മുണ്ട് മുറുക്കിയുടുത്തായിരുന്നു. അസാധുവായ 500, 1000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങേണ്ടതെങ്ങനെ? സമര്‍പ്പിക്കേണ്ട ഫോം ഡൗണ്‍ലോഡ് ചെയ്യാം എന്നിങ്ങനെയുള്ള സംശയങ്ങളാണ് ഉയര്‍ന്നത്. നാലായിരം രൂപ വരെ മാത്രമേ ഒരാള്‍ക്ക് ഒരു ദിവസം പിന്‍വലിക്കാനാവുകയുള്ളുവെന്നതിനാല്‍ കുടുംബ സമേതമായി തന്നെ പണം പിന്‍വലിക്കാനായി നിരവധിപേരാണ് ബാങ്കുകളില്‍ എത്തിയത്. ലീവെടുത്തും ഹാഫ് ഡേ ലീവെടുത്തും എത്തിയവര്‍ നിരവധിയാണ്. പ
ണം പിന്‍വലിക്കാനായി അക്കൗണ്ട് ഉള്ള ബാങ്കുകളില്‍ എത്തിയവര്‍ക്കും കൈവശമുള്ള പണം മാറ്റിയെടുക്കാനായി അക്കൗണ്ടില്ലാത്തവര്‍ എന്നിവര്‍ക്കായി പ്രത്യേകം കൗണ്ടറുകള്‍ ബാങ്കുകളില്‍ സജീകരിച്ചിട്ടുണ്ട്. ഇന്നു മുതല്‍ എ.ടി.എമ്മുകള്‍ തുറക്കുന്നതോടെ തിരക്ക് നിയന്ത്രണാതീതമാകുമെന്നാണ് ബാങ്ക് അധികൃതരും പ്രതീക്ഷിക്കുന്നു. കൈയിലുള്ള 500, 1000 നോട്ടുകള്‍ ഡിസംബര്‍ 30 വരെ ബാങ്കില്‍ നിക്ഷേപിക്കാമെങ്കിലും നിശ്ചിത തുകയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നവരെ ധനമന്ത്രാലയം നിരീക്ഷിക്കും. രണ്ടര ലക്ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങള്‍ പരിശോധിക്കാനാണു തീരുമാനം. ഇവ വരുമാനവുമായി ഒത്തുനോക്കി പൊരുത്തപ്പെടുന്നില്ലെങ്കില്‍ ആദായനികുതിക്കു പുറമെ 200 ശതമാനം പിഴ ഈടാക്കാനാണു തീരുമാനം. നിയമം കര്‍ശനമാക്കിയതോടെ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് അനധികൃതമായി കൈവശം പണം സുക്ഷിച്ചിരുന്നവര്‍. 1,000, 500 നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതോടെ ജില്ലയിലെ ഹോട്ടലുകളും പണി കിട്ടിയ അവസ്ഥയിലായി.
നഗരത്തിലെല്ലാം ഹര്‍ത്താല്‍ പ്രതീതിയായതോടെ ഹോട്ടലുകളില്‍ ഒന്നും കച്ചവടം നടക്കാതെയായി. സാധാരണ പോലെ ഉച്ചയൂണും ബിരിയാണിയും തയാറാക്കിയ ഹോട്ടലുകാര്‍ ഇനി എന്തു ചെയ്യുമെന്നാണ് ചോദിക്കുന്നത്. നിരോധിച്ച നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് രാവിലെ പ്രഖ്യാപിച്ചവര്‍ എന്തെങ്കിലും തന്ന് ഭക്ഷണം കഴിക്കൂ എന്ന നിലപാടിലേക്ക് ഉച്ചയോടെ മാറി. പല ഹോട്ടലുകള്‍ക്ക് മുന്നിലും 1,000, 500 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കുമെന്ന ബോര്‍ഡും ഉയര്‍ന്നു.
ചെറുകിട കച്ചവട സ്ഥാപനങ്ങളിലെല്ലാം 1,000, 500 രൂപ നോട്ടുകള്‍ സ്വീകരിക്കുന്നതല്ലെന്ന ബോര്‍ഡ് ഉയര്‍ന്നു കഴിഞ്ഞു. ചില്ലറയ്ക്കായി ലോട്ടറി എടുക്കുന്നവരും പമ്പില്‍ കയറി വലിയ അളവില്‍ ഇന്ധനം നിറയ്ക്കുന്നവരും നിരവധിയായിരുന്നു. പച്ചക്കറി, പഴം വിപണികളിലും കച്ചവടം വലിയ തോതില്‍ കുറഞ്ഞതു വ്യാപാര മേഖലയ്ക്ക് കനത്ത തിരിച്ചടിയുണ്ടാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."