നിരീക്ഷണക്കണ്ണുമായി ആദായനികുതി വകുപ്പ്
തിരുവനന്തപുരം: ഇന്നലെ ബാങ്കുകള്‍ തുറന്നു പണം സ്വീകരിച്ചതോടെ നിരീക്ഷണ കണ്ണുമായി ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും രംഗത്തെത്തി. ഇന്നലെ മുതല്‍ ബാങ്കുകളില്‍ നടക്കുന്ന നിക്ഷേപങ്ങള്‍ ഇവര്‍ കര്‍ശനമായി നിരീക്ഷിക്കുകയാണ്. വ്യക്തികള്‍ നടത്തുന്ന വന്‍ തുകയുടെ ഇടപാടുകള്‍ക്കു മേലാണ് ഇവരുടെ കണ്ണുകള്‍. പ്രതിദിനം പണമായി മാറ്റിയെടുക്കാന്‍ കഴിയുന്നത് 4,000 രൂപ മാത്രമാണ്. എന്നാല്‍ എത്രതുക വേണമെങ്കിലും സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം. ഡിസംബര്‍ 30 വരെ വലിയ തുകകള്‍ നിക്ഷേപിക്കുന്നവരെ നിരീക്ഷിക്കാനും അവരുടെ വരുമാനം പരിശോധിക്കാനുമാണ് തീരുമാനം. ആദായനികുതി പരിധിക്ക് പുറത്തു വരുമാനമുണ്ടായിട്ടും നികുതിയടയ്ക്കാതെ പണം കൈയില്‍ സൂക്ഷിച്ചിരുന്നവര്‍ ഇതോടെ കുടുങ്ങും.
രണ്ടര ലക്ഷത്തിനു മുകളില്‍ പണം നിക്ഷേപിച്ചവരുടെയെല്ലാം വിവരങ്ങള്‍ ബാങ്കുകള്‍ നികുതി വകുപ്പിന് നല്‍കും. ഇവരുടെ ആദായ നികുതി റിട്ടേണുമായി നിക്ഷേപിച്ച പണം താരതമ്യം ചെയ്തശേഷം വരവില്‍ കവിഞ്ഞ സമ്പാദ്യമുണ്ടെന്ന് കണ്ടെത്തിയാല്‍ പിടികൂടും.
10 ലക്ഷത്തിന് മുകളില്‍ പണം നിക്ഷേപിക്കുകയും ആദായ നികുതി റിട്ടേണില്‍ പണത്തിന് ഉറവിടം വ്യക്തമാക്കുകയും ചെയ്യാത്തവരുടേത് നികുതി വെട്ടിപ്പായി കണക്കാക്കും. ഇവരില്‍ നിന്ന് നിയമപ്രകാരമുള്ള നികുതി ഈടാക്കുന്നതിനൊപ്പം 200 ശതമാനം പിഴയും ഈടാക്കും. കണക്കില്ലാത്ത പണം ഉപയോഗിച്ച് സ്വര്‍ണം വാങ്ങി സൂക്ഷിക്കാന്‍ പദ്ധതിയിടുന്നവരുണ്ടെന്നും നികുതി വകുപ്പ് കണക്കുകൂട്ടുന്നുണ്ട്. സ്വര്‍ണം വാങ്ങാനെത്തുന്നവരുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാവണം ബില്ലുകള്‍ നല്‍കേണ്ടതെന്ന് നേരത്തെതന്നെ നികുതി വകുപ്പ് ജ്വല്ലറികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് എല്ലാ സ്വര്‍ണവ്യാപാരികളും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഫീല്‍ഡ് ഓഫിസര്‍മാര്‍ക്ക് നികുതി വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജ്വല്ലറി ഉടമകളുടെ പണം ബാങ്കുകളില്‍ നിക്ഷേപിക്കുമ്പോള്‍ ഇവര്‍ നല്‍കിയ കണക്ക് പ്രകാരമുള്ള വില്‍പനയാണോ നടന്നതെന്നും പാന്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുമെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി.
സ്വന്തമായുള്ള കൃഷിഭൂമിയില്‍ നിന്നു കിട്ടാന്‍ സാധ്യതയുള്ള വരുമാനത്തേക്കാള്‍ വലിയ തുക നിക്ഷേപിക്കുന്ന കര്‍ഷകരെയും ആദായ നികുതി വകുപ്പ് നിരീക്ഷിക്കും. പണം നിക്ഷേപിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക ഫോം റിസര്‍വ് ബാങ്ക് തയാറാക്കി ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ബാങ്കുകളിലെ സി.സി.ടി.വി അടക്കമുള്ളവ പരിശോധിച്ച് നടപടികള്‍ കര്‍ശനമാക്കാന്‍ നികുതി വകുപ്പിന് പദ്ധതികളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."