നോട്ടുവാങ്ങാനായി ജനം കൂട്ടമായെത്തി; ബാങ്കുകളില്‍ തിക്കും തിരക്കും
കിളിമാനൂര്‍: 500, 1000 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ കൂട്ടത്തോടെ പിന്‍വലിച്ചതോടെ നോട്ടുമാറ്റി വാങ്ങാനായി കിളിമാനൂര്‍ ഭാഗങ്ങളിലെ വിവിധ ബാങ്കുകള്‍ക്ക് മുന്നില്‍ ജനം കൂട്ടത്തോടെ ഒഴുകിയെത്തി. രാവിലെ 8 മുതല്‍ പലപൊതുമേഖലാ ബാങ്കുകളിള്‍ക്ക് മുന്നിലും നീണ്ട ക്യൂ ആരംഭിച്ചിരുന്നു. ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ച ആദ്യഘട്ടത്തില്‍ പലയിടത്തും ഇടപാടുകള്‍ സ്തംഭിക്കപ്പെട്ടു.
പലയിടത്തും പൊതുപ്രവര്‍ത്തകരും മറ്റ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും തിരക്ക് നിയന്ത്രിക്കാന്‍ ബാങ്ക് അധികൃതരെ സഹായിക്കാനെത്തിയത് ബാങ്കുജീവനക്കാര്‍ക്ക് വലിയ ആശ്വാസമായി.
കിളിമാനൂര്‍ ഫെഡറല്‍ ബാങ്ക് ശാഖയില്‍ ഒന്നര ലക്ഷം രൂപയോളം നിക്ഷേപിക്കാനായെത്തിയ ഇടപാടുകാരിയുടെ അമ്പതിനായിരം രൂപയോളം നഷ്ടപ്പെട്ടതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കിളിമാനൂര്‍ പൊലിസെത്തി സി.സി.ടി.വി ദൃശം പരിശോധിച്ചു. പണം നഷ്ടമായതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ സൂചനയില്ലെന്നാണ് ലഭിക്കുന്ന വിവരം.
പല ബാങ്കുകളിലും ജീവനക്കാര്‍ ആഹാരം കഴിക്കാനോ മറ്റ് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനോ കഴിയാത്ത സ്ഥിതിയായിരുന്നു. മണിക്കൂറുകള്‍ ക്യൂവില്‍ നിന്നാണ് പലര്‍ക്കും നോട്ടുകള്‍ മാറികിട്ടിയത്. വൈകിട്ട് 6 മണികഴിഞ്ഞും പലബാങ്കുകളും പ്രവര്‍ത്തിച്ചാണ് ഇടപാടുകാരെ സംതൃപ്തരാക്കിയത്.അതേസമയം കെട്ടിടനിര്‍മാണം തുടങ്ങിയവര്‍ ആകെ അങ്കലാപ്പിലാണ്. പാലുകാച്ചല്‍ ദിവസം മുന്‍കൂട്ടി തീരുമാനിച്ച് കെട്ടിടം നിര്‍മിച്ച് നല്‍കാമെന്നേറ്റ കരാറുകാരാണ് ആകെ പുലിവാല് പിടിച്ചത്. അതേസമയം സ്വകാര്യ ട്യൂഷന്‍ സെന്ററുകാര്‍ക്ക് നോട്ടുപിന്‍വലിക്കല്‍ ചാകരയായി മാറി. കുടിശികയായി കിടന്ന ഫീസുകളുള്‍പ്പെടെ ലഭിച്ചതായി പല ട്യൂഷന്‍ സെന്റര്‍ നടത്തിപ്പികാരും അഭിപ്രായപ്പെട്ടു. ഹോട്ടലുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, സ്വകാര്യ സ്‌കൂളുകള്‍ എന്നിവിടങ്ങളിലൊന്നും 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കുന്നില്ല.ബാങ്കുകളുടെ പ്രവര്‍ത്തനം വരും ദിനങ്ങളിലും സംഘര്‍ഷ ഭരിതമാകാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."