ഓണ്‍ലൈന്‍ വ്യാപാര കമ്പനി നഷ്ടപരിഹാരം നല്‍കണം
കോഴിക്കോട്: ഓണ്‍ലൈനിലൂടെ ഷൂസ് വാങ്ങിയ ഉപഭോക്താവിന് വ്യാജ ഉല്പന്നം നല്കി കബളിപ്പിച്ച് ഒടുവില്‍ കേസ് ഫയല്‍ ചെയ്തപ്പോള്‍ തുക തിരികെ നല്കിയ കമ്പനി നഷ്ടപരിഹാരവും കോടതി ചെലവും നല്കാന് കോഴിക്കോട് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം ഉത്തരവിട്ടു. ആസ്ക്മി ബസാര്‍ ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ വെബ്സൈറ്റിന്റെ ഉടമകളായ ഗെറ്റിറ്റ് സ്റ്റോര്‍ നോയിഡ, ഗെറ്റിറ്റ് സ്റ്റോര്‍ എരഞ്ഞിപ്പാലം കോഴിക്കോട് എന്നിവര്‍ പരാതിക്കാരനായ നന്മണ്ടയിലെ പ്രണീത് രവിക്ക് 5,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 500 രൂപയും നല്‍കാനാണ് ഉത്തരവായത്.
വെബ്സൈറ്റിലൂടെ 1,199 രൂപയുടെ നൈക്ക് ഷൂസ് ആണ് ഓര്‍ഡര്‍ ചെയ്തത്. ആദ്യം ലഭിച്ചില്ല. വീണ്ടും ഓര്‍ഡര്‍ ചെയ്തു. തുടര്‍ന്ന് ലഭിച്ചത് അഡിഡാസിന്റെ പേരിലുള്ള ഷൂസാണ്. ഇത് ഒറിജിനല്‍ അല്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ തിരികെയെടുക്കാന്‍ ആവശ്യപ്പെട്ടു.
തിരികെ എടുക്കാമെന്നും പുതിയ ഓര്‍ഡര്‍ ചെയ്യാനും അറിയിച്ചു. എന്നാല്‍ ഇതുവരെ തിരികെ എടുക്കുകയോ പുതിയ ഓര്‍ഡര്‍ പ്രകാരം സാധനം ലഭിക്കുകയോ ചെയ്തില്ല. പിന്നീട് നടത്തിയ അന്വേഷണത്തില്‍ വെബ്സൈറ്റില്‍ വില്പനക്കുള്ള നൈക്ക് ഷൂസും വ്യാജമാണെന്ന് ബോധ്യമായി.
ഫോറത്തില്‍ പരാതി നല്കി കമ്പനിക്ക് നോട്ടിസ് കിട്ടിയ ശേഷമാണ് തുക തിരികെ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."