സജീവന്റെ കുടുംബത്തിനുള്ള വീടിനു തറക്കല്ലിട്ടു
ഫറോക്ക്: വിദ്യാര്‍ഥികളും പി.ടി.എയും നാട്ടുകാരുമെല്ലാം ഒത്തുചേര്‍ന്നു സജീവന്റെ കുടുംബത്തിനു അന്തിയുറങ്ങാനുളള ഭവനത്തിനു ശിലയിട്ടു. മലബാറിലെ പ്രശസ്ത പാമ്പുപിടിത്തക്കാരനായിരുന്ന ആര്.വി.സജീവന്റെ കുടുംബത്തിനായി ബേപ്പൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലിസ് കേഡറ്റ് യൂനിറ്റും അധ്യാപകരും ജനകീയ പിന്തുണയില്‍ നിര്‍മ്മിച്ചു നല്കുന്ന വീടിന്റെ തറക്കല്ലിടല്‍ ഇന്നലെ വി.കെ.സി.മമ്മദ്കോയ.എം.എല്‍.എ നിര്നഹിച്ചു.
ഒളവണ്ണയില്‍ പാമ്പുപിടുത്തത്തിനിടെ മൂര്‍ഖന്റെ കടിയേറ്റു ദീര്‍ഘകാലം ചികിത്സയില്‍ കഴിഞ്ഞ സജീവന് മരണത്തിനു കീഴടങ്ങിയപ്പോള്‍ ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം അത്താണിയില്ലാതെ ചെറുകുടിലില്‍ ദുരതത്തില്‍ കഴിഞ്ഞു വരികയായിരുന്നു.
ഇത് വിവിധ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. കുടുംബത്തിന്റെ പ്രയാസമറിഞ്ഞ് മകള്‍ പഠിക്കുന്ന ബേപ്പൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പി.ടി.എയും, എസ്.പി.സിയും ഭവന നിര്‍മ്മാണത്തിന് പദ്ധതി ആവിഷ്കരിക്കുകയായിരുന്നു.
ബേപ്പൂര്‍ ഇരട്ടച്ചിറ റോഡില്‍ ഇപ്പോള്‍ സജീവന്റെ കുടുംബം താമസിക്കുന്ന കുടില്‍ പൊളിച്ചുമാറ്റിയ സ്ഥലത്താണ് പുതിയത് നിര്‍മ്മിക്കുന്നത്. പി.ടി.എ പ്രസിഡണ്ട് മുരളി ബേപ്പൂര്‍ അധ്യക്ഷനായി.
അധ്യാപകരുടെ ആദ്യവിഹിതം അരലക്ഷം രൂപ സ്റ്റാഫ് സെക്രട്ടറി സി.ഭാസ്കരനില്‍ നിന്നും പ്രിന്‍സിപ്പല്‍ പി.ജെ.ലൂസി ഏറ്റുവാങ്ങി. വീട് നിര്‍മ്മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജോബി ആല്‍ബര്‍ട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോര്പ്പറേഷന് കൗണ്‍സിലര്‍മാരായ പേരോത്ത് പ്രകാശന്, ടി.അനില്‍കുമാര്‍, എന്‍.സതീശ്കുമാര്‍, എസ്.പി.സി.ജില്ലാ അസി.നോഡല്‍ ഓഫിസര്‍ മോഹനന്, ടി.കെ.അബ്ദുള്‍ ഗഫൂര്‍, കരുവളളി ശശി, കെ.പി.ഹുസൈന്, വി.അബ്ബാസ്, കെ.പ്രബീഷ്കുമാര്‍, ഡോ.പി.ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനധ്യാപിക വി.ജീജ സ്വാഗതവും പി.ടി.എ.വൈസ് പ്രസിഡണ്ട് കെ.വി.മുസ്തഫ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."