പോസ്റ്റ് ഓഫിസുകളിലും വന്‍ തിരക്ക്
കോഴിക്കോട്: നോട്ടുകള്‍ മാറ്റി വാങ്ങാന്‍ പോസ്റ്റ് ഓഫിസുകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടോടെയാണ് കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസില്‍ രണ്ടായിരം രൂപയുടെ നോട്ടുകള്‍ എത്തിയത്. ഇവിടെ നടപടികള്‍ വൈകിയത് ഇടപാടുകാരുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തി. പിന്നീട് പണമിടപാട് ആരംഭിച്ച ശേഷം നാലു വരെ നോട്ടുകള്‍ വിതരണം ചെയ്തു. ഇന്നു രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ നോട്ടുകള്‍ മാറ്റിക്കൊടുക്കുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ പോസ്റ്റ് ഓഫിസ് അധികൃതര്‍ പഴയ നോട്ടുകള്‍ ഉള്‍പ്പെട്ട 40 ലക്ഷം രൂപയുമായി കോഴിക്കോട് എസ്.ബി.ഐ ശാഖയില്‍ എത്തിയെങ്കിലും പണം മാറ്റി നല്കാന് ബാങ്ക് അധികൃതര്‍ വിസമ്മതിച്ചു. ഇടപാടുകാര്‍ക്ക് വേണ്ടി പണം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു പോസ്റ്റ് ഓഫിസ് അധികൃതര്‍.
എന്നാല്‍ പോസ്റ്റ് ഓഫിസും തങ്ങളുടെ ഒരു ഇടപാടുകാരന് മാത്രമാണെന്നും അതിനാല്‍ ഒരേ സമയം പതിനായിരം രൂപയില്‍ കൂടുതല്‍ നല്കാന് കഴിയില്ലെന്നും പറഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നു. ഇന്നലെ രാവിലെ മുതല്‍ 12 വരെ മുന്നൂറ്റന്പതോളം പേരാണ് നോട്ടുകള്‍ മാറിക്കിട്ടാന്‍ മാനാഞ്ചിറയ്ക്ക് സമീപമുള്ള ഹെഡ്പോസ്റ്റ് ഓഫിസില്‍ എത്തിയത്. എന്നാല്‍ ബാങ്കില്‍ നിന്ന് പണം കിട്ടാത്തതിനാല്‍ ഇവര്‍ മടങ്ങിപ്പോയി. കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസിന് കീഴില്‍ നഗരപരിധിയിലുള്ള രാമനാട്ടുകര, എലത്തൂര്‍, മാവൂര്‍ എന്നീ ഭാഗങ്ങളിലുള്‍പ്പെടെ 42 ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളാണുള്ളത്. ഇവിടങ്ങളില്‍ എത്തിയ ഇടപാടുകാരും രാവിലെ പണം മാറ്റി കിട്ടാതെ തിരിച്ചുപോയി. പുതിയ നോട്ടുകള്‍ കിട്ടാത്തതിനാല്‍ പോസ്റ്റ് ഓഫിസില്‍ മണിഓര്‍ഡര്‍, രജിസ്റ്റേര്‍ഡ് പാര്‍സലുകള്‍, വി.പി.പി എന്നിവ ഉള്‍പ്പെടെയുള്ള സേവനങ്ങളെല്ലാം മുടങ്ങി. ചെറിയ തുകയ്ക്കുള്ള സ്റ്റാമ്പ് വില്‍പ്പന മാത്രമേ ഉച്ചവരെ നടന്നുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."