ശരീഅത്തിന്റെ കാര്യത്തില്‍ ഒത്തുതീര്‍പ്പിനില്ല: ഇ.ടി
കണ്ണൂര്‍: ആരു സമ്മര്‍ദം ചെലുത്തിയാലും ശരീഅത്ത് നിയമത്തിന്റെ കാര്യത്തില്‍ ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പിനുമില്ലെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. ചേംബര്‍ ഹാളില്‍ ഏക സിവില്‍കോഡിനെതിരേ മുസ്‌ലിം കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശരീഅത്ത് നിയമത്തിന്റെ പേരില്‍ ഇപ്പോഴുള്ള കോലാഹലങ്ങള്‍ കരുതിക്കൂട്ടി കുഴപ്പമുണ്ടാക്കാനാണ്. ശരീഅത്ത് നിയമം മുസ്‌ലിം സമുദായത്തിന്റെ ഇടയില്‍ മാത്രമുള്ളതാണ്. ഒരാള്‍ ശരീഅത്ത് നിയമമനുസരിച്ച് മാത്രമേ ജീവിക്കാന്‍ പാടുള്ളൂവെന്ന് ആരും ഇവിടെ നിര്‍ബന്ധിക്കുന്നില്ല. എന്നിട്ടും ശരീഅത്ത് നിയമത്തില്‍ മാറ്റം വരുത്തണമെന്നാണ് ചിലരുടെ പക്ഷം. ഖുര്‍ ആ നിന്റെയും ഹദീസിന്റെയും പേരിലാണ് ശരീഅത്ത് നിയമം പ്രാവര്‍ത്തികമാകുന്നത്. ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പീഡനത്തിനിരയാവുന്നത് വീട്ടിനകത്താണ്. മദ്യപാനികള്‍ ഉണ്ടാക്കുന്ന പ്രശ്‌നം മൂലമാണ് ഗാര്‍ഹിക പീഡനം വര്‍ധിക്കുന്നതെന്നാണ് കണക്ക്. മുത്തലാഖിനെ പര്‍വതീകരിച്ചാണ് പലരും ശരീഅത്തിനെതിരേ തിരിയുന്നത്. രാജ്യത്തെ 14.8 ശതമാനം വരുന്ന മുസ്‌ലിംകളില്‍ എത്രപേരാണ് മുത്തലാഖ് ചൊല്ലുന്നത്. മുത്തലാഖിന്റെ പേരില്‍ സ്ത്രീ സ്വാതന്ത്ര്യം പ്രസംഗിക്കുന്നവര്‍ എന്തുകൊണ്ട് മദ്യനിരോധനം നടപ്പാക്കാന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ലോകാവസാനം വരെ ശരീഅത്തില്‍ ഒരുമാറ്റവും വരുത്താന്‍ മുസ്‌ലിം സമുദായം അനുവദിക്കില്ലെന്നും അതില്‍ മാറ്റം വരുത്തിയാല്‍ മുസ്‌ലിമിനു മുസ്‌ലിമായി ജീവിക്കാനാവില്ലെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി അധ്യക്ഷനായി. കോഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ പി കുഞ്ഞുമുഹമ്മദ്, വഖഫ് ബോര്‍ഡ് അംഗം അഡ്വ. പി.വി സൈനുദ്ദീന്‍, ജില്ലാ നായിബ് ഖാസി പി.പി ഉമര്‍ മുസ്‌ലിയാര്‍, അഹ്മദ് തേര്‍ളായി, ഡോ.സുള്‍ഫിക്കര്‍ അലി, സി.പി ഹാരീസ്, ഷംസുദ്ദീന്‍ പാലക്കോട്, സി.പി സലിം, അഡ്വ. പി മുസ്തഫ, കെ അബ്ദുല്‍ ഖാദര്‍, കെ.കെ മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."