നിരോധിച്ച നോട്ടിന്റെ മറവിലും ലാഭ കൊയ്ത്ത്
കൊടുങ്ങല്ലൂര്‍: നിരോധിച്ച നോട്ടിന്റെ മറവിലും കൊടുങ്ങല്ലൂരില്‍ ലാഭ കൊയ്ത്ത്. നിരോധിക്കപ്പെട്ട ആയിരം-അഞ്ഞൂറ് രൂപ നോട്ടുകള്‍ വാങ്ങി പകരം നൂറിന്റെ നോട്ടുകള്‍ നല്‍കുന്ന സംഘങ്ങള്‍ നഗരത്തിലും പരിസരത്തും വ്യാപകമായി. ആയിരത്തിന്റെ നോട്ട് വാങ്ങി എണ്ണൂറ് രൂപയുടെ നൂറിന്റെ നോട്ടും, അഞ്ഞൂറിന്റേതിന് നാനൂറ് രൂപയും നല്‍കി അത്യാവശ്യക്കാരില്‍ നിന്നും വന്‍ കൊയ്ത്താണ് ഈ സംഘങ്ങള്‍ നടത്തുന്നത്. നഗരത്തിലെയും, ശ്രീനാരായണപുരത്തെയും മദ്യവില്‍പന ശാലക്ക് മുന്നിലും, ചില നാട്ടിന്‍പുറങ്ങളിലുമാണ് ഇത്തരം സംഘങ്ങള്‍ ചുറ്റിക്കറങ്ങുന്നത്.
കൊടുങ്ങല്ലൂരില്‍ നിരോധിച്ച ആയിരം അഞ്ഞൂറ് രൂപ നോട്ടുകള്‍ക്ക് പകരമായി കൊടുങ്ങല്ലൂര്‍ പോസറ്റ് ഓഫിസില്‍ നിന്നും വിതരണം ചെയ്തത് 18 ലക്ഷം രൂപയുടെ ചെറിയ നോട്ടുകളും, ചില്ലറ നാണയങ്ങളും. ഒരു രൂപ മുതല്‍ പത്ത് രൂപ വരെയുള്ള ചില്ലറ നാണയങ്ങളും, 5 രൂപ മുതല്‍ 50 രൂപ വരെയുള്ള നോട്ടുകളുമാണ് വിതരണത്തിന് എത്തിയത്. രാവിലെ മുതല്‍ പോസ്റ്റാഫിസിന് മുന്നില്‍ വരി നിന്നവര്‍ പണം എത്താത്തതുമൂലം മടങ്ങിപോയിയിരുന്നു. തുടര്‍ന്ന് 11 മണിയോടെയാണ് എസ്.ബി.ടി. യില്‍ നിന്നും ഇവിടേക്ക് പണം എത്തിച്ചത്. പണം കൊടുത്ത് തുടങ്ങിയതോടെ വീണ്ടും വലിയ തിരക്ക് ഉണ്ടാവുകയായിരുന്നു. ചില്ലറയുള്‍പെടെയുള്ള പണം കൊണ്ടുപോകുവാന്‍ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."