കാരാപ്പുഴയില്‍ പ്രവൃത്തി ഒച്ചിഴയും വേഗത്തില്‍
വാഴവറ്റ: കാരാപ്പുഴ ടൂറിസത്തിന്റെ മുഖച്ഛായ മാറ്റാന്‍ ആരംഭിച്ച നവീകരണ പ്രവൃത്തികള്‍ ഒച്ചിഴയും വേഗത്തില്‍. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് കാരാപ്പുഴ ടൂറിസം മേഖലക്ക് തിരിച്ചടിയാകുന്നത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വേണ്ട ജീവനക്കാരില്ലാത്തതിനാല്‍ ഉള്ള ജീവനക്കാര്‍ക്ക് ജോലിഭാരം കൂടുന്നതായും പരാതിയുണ്ട്. കാരാപ്പുഴ പദ്ധതി പ്രദേശത്തും പരിസരങ്ങളിലുമായി വ്യാപകമായ കയ്യേറ്റവും, കയ്യേറിയുള്ള കൃഷിയും നടക്കുന്നെന്ന പരാതികളുമുയര്‍ന്നിരുന്നു.
ഈ ഭാഗങ്ങളിലെ നിരീക്ഷണത്തിനും 2000ലധികം ഏക്കര്‍ സ്ഥലത്തെ കൈയേറ്റങ്ങള്‍ കണ്ടെത്തുന്നതിനുമായി മൂന്ന് ഡിവിഷനിലുമായി ഒരു എന്‍ജിനീയര്‍ മാത്രമാണുള്ളത്. 16.74 കി.മീ നീളമുള്ള ഇടതുകര കനാലിലൂടെയും 8.85 കി.മീ നീളമുള്ള വലതുകര കനാലിലൂടെയും ഇതിന്റെ കൈവഴികളായി 27.1 കി.മി വലതുകരയിലൂടെയും 16.14 കി.മീറ്റര്‍ വരുന്ന ഇടതു കരയിലൂടെയുമാണ് കൃഷിയിടത്തിലേക്ക് ഇപ്പോള്‍ ജല വിതരണം നടക്കുന്നത്. ഇതിന്റെ ചുമതല കൂടി ഏറ്റെടുക്കുന്നത് നിലവിലുള്ള ജീവനക്കാരുടെ ജോലി ഭാരം കൂട്ടുകയാണ്. ടൂറിസം നവീകരണ പ്രവര്‍ത്തികളുടെ മേല്‍ നോട്ടം, വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തല്‍, കാക്കവയല്‍ മുതല്‍ അമ്പലവയല്‍ വരെയുള്ള റോഡിന്റെ ഉത്തരവാദിത്വം, വാടകക്ക് നല്‍കിയിരിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്റെ മെയ്ന്റനന്‍സ്, കാരാപ്പുഴ പദ്ധതി പ്രദേശത്ത് താമസിക്കുന്ന ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം എന്നിവയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കി നടത്താന്‍ വേണ്ട ഉദ്യോഗസ്ഥന്മാരില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. എട്ടു ഓവര്‍സീയര്‍മാരുടെ ഒഴിവുള്ളിടത്ത് മൂന്നുപേരെ നിയമിച്ചെങ്കിലും ഇവര്‍ ഇതുവരെ ചാര്‍ജ് എടുത്തിട്ടില്ല. ഇതിനുപുറമെ മെക്കാനിക്കല്‍ സെക്ഷനില്‍ മൂന്ന് ഡ്രൈവര്‍മാരുടെ ഒഴിവുകളും, വിവിധ സെക്ഷനിലുകളിലായി നാല് ക്ലാര്‍ക്കുമാരുടെയും, രണ്ട് ഡ്രാഫ്റ്റ്‌മെന്‍ ഒഴിവുമാണ് നികത്താനുള്ളത്. ഈ ഒഴിവുകള്‍ നികത്താനാവാത്തത് നിലവിലുള്ള ജീവനക്കാര്‍ക്ക് ജോലി ഭാരം കൂട്ടുകയാണ്. വിനോദ സഞ്ചാരികള്‍ക്കായി ഒരുങ്ങുന്ന ഗാര്‍ഡനില്‍ ജല സൗകര്യമൊരുക്കുന്നതിനായി പ്ലംബിങ് പ്രവര്‍ത്തികള്‍ ആരംഭിച്ചെങ്കിലും വൈദ്യുതി എത്തിക്കാന്‍ കഴിയാത്തത് ജല ലഭ്യതക്ക് താമസം നേരിടുന്ന സാഹചര്യമാണുള്ളത്. നിലവില്‍ റോസ് ഗാര്‍ഡനില്‍ മാത്രമാണ് ജല സൗകര്യം ലഭ്യമായിട്ടുള്ളത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ജില്ലയിലെ ടൂറിസം മേഖലക്ക് മുതല്‍ക്കൂട്ടാകേണ്ട കാരാപ്പുഴ ടൂറിസം പദ്ധതി അനിശ്ചിതമായി നീളുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."