ജനം കാത്തിരിക്കുന്നു; ഇനി എടിഎം എപ്പോള്‍ തുറക്കും?
കൊല്ലം: രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം കൊല്ലം ജില്ലയിലും എടിഎം കൗണ്ടറുകള്‍ തുറന്നെങ്കിലും കൊല്ലത്ത് പ്രവര്ത്തക്കാത്തതു ധാരാളം.
ബാങ്കുകള്‍ നേരിട്ട് പണം നിറയ്ക്കുന്ന എടിഎമ്മുകളാണ് പ്രവര്‍ത്തിക്കുന്നത്. പണം നിറയ്ക്കാന്‍ പുറംകരാര്‍ നല്കിയിട്ടുള്ളവ പ്രവര്‍ത്തിക്കുന്നില്ല. ബാങ്കില്‍നിന്നു പണം നല്‍കിയാലെ എടിഎം നിറയ്ക്കാന്‍ സാധിക്കൂ.
അതിനുശേഷമേ എല്ലാ എടിഎമ്മുകളും പ്രവര്‍ത്തനസജ്ജമാകൂ. അതേസമയം പ്രവര്‍ത്തനം തുടങ്ങിയ എടിഎം കൗണ്ടറുകളിലേക്ക് വന്‍ജനപ്രവാഹമാണുള്ളത്. ഇന്നു രാവിലെ നിറച്ച പണം പല എടിഎമ്മുകളിലും തീര്‍ന്നു.
എന്നാല്‍, തീരുന്ന മുറയ്ക്ക് പണം നിറയ്ക്കുമെന്നു ബാങ്കുകള്‍ അറിയിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ തുറക്കാത്ത എടിഎമ്മുകള്‍ക്കു മുന്നിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
എടിഎം തുറക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങളുടെ കാത്തിരിപ്പ്. നൂറിന്റെയും അന്പതിന്റെയും നോട്ടുകളാണ് പ്രധാനമായും എടിഎമ്മുകളില്‍ നിന്നു ലഭിക്കുന്നത്. ഒരു ദിവസം പരമാവധി 2,000 രൂപ വരെ പിന്‍വലിക്കാം.
പണം നിക്ഷേപിക്കുന്ന ഡിപ്പോസിറ്റ് മെഷീനുകളും (സിഡിഎം) ഇന്നു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. അസാധുവായ നോട്ടുകള്‍ ഇതിലൂടെ നിക്ഷേപിക്കാന്‍ കഴിയും. ചില ബാങ്കുകള്‍ 50 രൂപാ നോട്ട് എടിഎമ്മുകളില്‍ കൈകാര്യം ചെയ്യാത്തതിനാല്‍ അവിടെനിന്നു 100 രൂപ നോട്ടുകള്‍ മാത്രമേ ലഭിക്കൂ.
100 രൂപയുടെ ദൗര്‍ലഭ്യം കാരണം കഴിഞ്ഞദിവസം ചില ശാഖകള്‍ക്ക് ഉച്ചയ്ക്കു തന്നെ അസാധുവായ നോട്ടുകള്‍ മാറ്റിക്കൊടുക്കുന്നത് അവസാനിപ്പിക്കേണ്ടി വന്നു.
എടിഎമ്മുകളിലും ആവശ്യത്തിനു നൂറിന്റെ നോട്ടുകള്‍ നിറയ്ക്കാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."