വയനാട് എന്‍ജി. കോളജിലെ ആറു വിദ്യാര്‍ഥികള്‍ക്കു കൂടി സസ്‌പെന്‍ഷന്‍
കല്‍പ്പറ്റ: വയനാട് ഗവ. എന്‍ജിനീയറിങ് കോളജിലെ ആദിവാസി വിദ്യാര്‍ഥിനിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച സംഭവത്തില്‍ ആറ് വിദ്യാര്‍ഥികളെക്കൂടി കോളജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് മൊത്തം ഒമ്പത് വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് പുറത്താക്കി.
മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ഥികളായ പി അഖില്‍, പി അജില്‍കൃഷ്ണ, എ.ആര്‍ രോഹിത്, ജെ.എം അരുണ്‍, ആര്‍.എം നിഷാം എന്നിവരെ 2018 ജൂലൈ 31 വരെയാണ് സസ്‌പെന്‍ഡു ചെയ്തത്. കെ.എല്‍ എല്‍ബിന്‍, അജീഷ് പൊന്നന്‍, അജീഷ് വിശ്വനാഥന്‍, കെ ശരവണന്‍ എന്നിവരെ അഞ്ചുമാസത്തേക്കുമാണ് പുറത്താക്കിയത്. പി അഖില്‍, പി അജില്‍കൃഷ്ണ, എ.ആര്‍ രോഹിത്, ജെ.എം അരുണ്‍, ആര്‍.എം നിഷാം എന്നിവരെ പരാതിക്കാരി കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുന്ന കാലയളവ് കണക്കാക്കിയാണ് പുറത്താക്കിയിരിക്കുന്നത്. പരാതിക്കാരിയുടെ സുരക്ഷിതത്വം പരിഗണിച്ചാണിത്. ബാക്കിയുള്ള നാലുപേര്‍ക്ക് അഞ്ചുമാസമാണ് സസ്‌പെന്‍ഷന്‍. പരാതിക്കാരി പഠനം പൂര്‍ത്തിയാക്കിയശേഷം ആവശ്യമെങ്കില്‍ മാത്രമേ സസ്‌പെന്‍ഷന്‍ പുനപരിശോധിക്കുകയുള്ളു. സസ്‌പെന്‍ഷന്‍ കാലാവധിക്കുശേഷം ബന്ധപ്പെട്ട വിദ്യാര്‍ഥികള്‍ തൃപ്തികരമായ രീതിയില്‍ കൗണ്‍സലിങിനു വിധേയരായിയെന്നു ഉത്തരവാദപ്പെട്ട അധികാരികള്‍ സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിദ്യാര്‍ഥികളുടെയും കോളജ് ജീവനക്കാരുടെയും അധ്യാപകരുടെയും മുമ്പില്‍ വച്ച് മാപ്പ് പറയണമെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പി അഖില്‍, ജെ.എം. അരുണ്‍ എന്നിവര്‍ മുമ്പ് വേറൊരു വിഷയത്തില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതിനു ശേഷം തിരിച്ചെടുക്കുമ്പോള്‍ ഇരുവരും സമ്മതിച്ച ജാമ്യ വ്യവസ്ഥകള്‍ പുതിയ സംഭവത്തോടെ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കോളജ് അധികൃതര്‍ അഡ്വക്കേറ്റ് ജനറലിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്.
സേവ്യംകൊല്ലിയിലെ ക്വാറിക്കെതിരേ സമരം നടത്തും
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിനായുള്ള നീക്കങ്ങള്‍ നടത്തുന്ന ക്വാറിക്കെതിരേ സമരം നടത്തുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമീപത്തുള്ള വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്താനും ക്വാറി പ്രവര്‍ത്തനം കാരണമാകും. ഈ പ്രദേശത്തുള്ള റോഡിന്റെ പ്രവര്‍ത്തനവും ക്വാറി മാഫിയകള്‍ തടഞ്ഞിരിക്കുകയാണ്. ഇതിനു കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും, ജനപ്രതിനിധികള്‍ക്കുമെതിരെ ശക്തമായ സമരപരിപാടിക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ബിജു പരിയാടന്‍, എന്‍.ജി സുബീഷ്, വിജേഷ് കുര്യന്‍, ബേബി പള്ളിക്കാമാലില്‍, അന്നമ്മ, അച്ചാമ, രമണി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."