രമിത്ത് വധം: രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
തലശ്ശേരി: പിണറായിയിലെ ബി.ജെ.പി പ്രവര്ത്തകന് കൊല്ലനാണ്ടി വീട്ടില്‍ രമിത്തി(26)നെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. പിണറായി കണ്ടോത്ത് വീട്ടില്‍ ജ്യോതിഷ്(25), പിണറായി കണ്ണാടിമുക്കിലെ ശരണ്യ നിവാസില്‍ ശരത്ത് (23) എന്നിവരെയാണ് തലശ്ശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.
തലശ്ശേരി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. ചെങ്കല്‍ ഡിസൈനിങ് ജോലിക്കാരനായ ജ്യോതിഷും ഡ്രൈവറായ ശരത്തും സംഭവത്തിനു ശേഷം ഒളിവിലായിരുന്നു.
അന്യസംസ്ഥാനത്തേക്ക് കടക്കാനുള്ള നീക്കത്തിനിടെയാണ് പ്രതികളെ പിടികൂടിയത്. ഇരുവര്‍ക്കും കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളതായി പൊലിസ് പറഞ്ഞു. രമിത്തിനെ ആറു തവണ കൊടുവാള് കൊണ്ടു വെട്ടിയത് ജ്യോതിഷാണെന്നും രമിത്ത് വീട്ടില്‍ വന്നു തിരിച്ച് റോഡിലേക്ക് ഇറങ്ങുന്നതുള്പ്പെടെയുള്ള വിവരങ്ങള്‍ കൈമാറിയത് ശരത്തായിരുന്നെന്നും പൊലിസ് പറഞ്ഞു. പ്രാദേശിക സി.പി.എം നേതാക്കള്‍ക്കും കേസില്‍ പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."