ഹെലിബറിയ എസ്‌റ്റേറ്റ്: വനംവകുപ്പ് തെറ്റായ നടപടി സ്വീകരിക്കുന്നുവെന്ന് മാനേജ്‌മെന്റ്
തൊടുപുഴ: ഏലപ്പാറ ഹെലിബറിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള സെമിനി വാലി എസ്റ്റേറ്റിലെ 26 വര്‍ഷം പഴക്കമുളള ജലസംഭരണി അറ്റകുറ്റപ്പണി നടത്തിയതിന്റെ പേരില്‍ വനം വകുപ്പ് തെറ്റായ നിയമനടപടി സ്വീകരിക്കുകയാണെന്ന് മാനേജിംഗ് ഡയറക്ടര്‍ അശോക് ദുഗാര്‍. ഡാമിന്റെ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന മണ്ണു മാന്തി യന്ത്രം അന്യായമായി കസ്റ്റഡിയില്‍ എടുത്ത് കേസ് ചാര്‍ജു ചെയ്തു. ചെക്കു ഡാം നിലനില്‍ക്കുന്ന സ്ഥലം കമ്പനി ഉടമസ്ഥതയിലുളളതാണെന്ന് ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടെന്നും അശോക് ദുഗാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പാഴായിപ്പോകുന്ന ജലം സംഭരിക്കുക എന്ന ലക്ഷ്യത്തോടെ സാങ്കേതിക വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച ചെക്ക്് ഡാം മറ്റൊരു ജലസ്രതോസിന്റെയും സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തിയിട്ടില്ല.
തൊഴിലാളികളുടെ കുടിവെളളത്തിനും അവശ്യഘട്ടത്തില്‍ ജലസേചനത്തിനുമായാണ് ചെക്കുഡാം ഉപയോഗിക്കുന്നത്. ഇതിന് സമാനമായ 48 ചെക്കുഡാമുകള്‍ ഈ മേഖലയിലുണ്ട്. കമ്പനി നട്ടുവളര്‍ത്തിയ കാറ്റാടി മരങ്ങള്‍ ആവശ്യത്തില്‍ കൂടുതലായപ്പോള്‍ വെട്ടിമാറ്റിയിട്ടുണ്ട്. ബദലായി മരത്തൈകള്‍ വെച്ചുപിടിപ്പിച്ചിട്ടുമുണ്ട്. മരങ്ങള്‍ വിറ്റ വകയില്‍ ലഭിച്ച പണം വേതനത്തിനും ഗ്രാറ്റ്വിറ്റിക്കുമായാണ് ഉപയോഗിച്ചത്.
വേതനത്തിലുണ്ടായ 30 ശതമാനം വര്‍ധനവും കുറഞ്ഞുവരുന്ന വില്‍പ്പന വിലയും തേയില വ്യവസായ രംഗത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.ഇപ്പോഴത്തെ വേതനം 312 രൂപയും 40 ശതമാനം അധിക ആനുകൂല്യവും ചേര്‍ന്നതാണ്. അതേ സമയം അസമില്‍ 122 രൂപയും ബംഗാളില്‍ 132 രൂപയും ത്രിപുരയില്‍ 85 രൂപയുമാണ് കൂലി. 1.57 കോടി രൂപ മാത്രം മൂലധനമുളള കമ്പനിയുടെ സഞ്ചിത നഷ്ടം 8.5 കോടിയിലേക്ക് നീങ്ങുകയാണ്. എങ്കിലും 650 സ്ഥിരം തൊഴിലാളികളുടെയും 300 താല്‍ക്കാലിക തൊഴിലാളികളുടെ വേതനവും ആനുകൂല്യവും മുടങ്ങാതിരിക്കാന്‍ കമ്പനി പരിശ്രമിക്കുകയാണെന്നും അശോക് ദുഗാര്‍ പറഞ്ഞു.
പൊലിസ് പിന്തുടരുന്നതിനിടെ 172 കിലോ ഏലക്കാ ഉപേക്ഷിച്ച് 'കാമാക്ഷി എസ്.ഐ' രക്ഷപെട്ടു
കട്ടപ്പന: പച്ച ഏലക്കാ മോഷ്ടിച്ചു കടത്തുന്നതിനിടെ പൊലിസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് വാഹനവും തൊണ്ടിമുതലും ഉപേക്ഷിച്ച് കുപ്രസിദ്ധ മോഷ്ടാവ് രക്ഷപെട്ടു. കാമാക്ഷി എസ്. ഐ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ബിജു (40) ആണ് രക്ഷപെട്ടത്. ഇന്നലെ പുലര്‍ച്ചെ തങ്കമണി കൂട്ടക്കല്ലില്‍വച്ചാണ് ഇയാള്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.
നെല്ലിപ്പാറ നരിതൂക്കില്‍ സിബിയുടെ ഏലക്കാ ഷെഡില്‍നിന്ന് ഇന്നലെ പുലര്‍ച്ച് 1.30നും 3.30നും ഇടയ്ക്കാണ് ഏലക്കാ മോഷണം പോയത്. വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ ഒന്‍പത് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഏലക്കായില്‍ അഞ്ച് ചാക്കുകളിലെ ഏലക്കായാണ് മോഷ്ടിച്ചത്. ഷെഡില്‍ കാവലുണ്ടായിരുന്ന സിബി വീട്ടിലേക്ക് പോയി തിരികെയെത്തുന്നതിനിടെയാണ് മോഷണം നടന്നത്. തിരിച്ചെത്തിയ സിബി മോഷണവിവരമറിഞ്ഞ് ഉടന്‍ തങ്കമണി പൊലിസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു. പൊലിസ് ഉടന്‍തന്നെ തെരച്ചിലാരംഭിച്ചു. കൂട്ടക്കല്ലിനടുത്തുവച്ച് സംശയകരമായ സാഹചര്യത്തില്‍ കെ. എല്‍ 3 ഡി 1379ാം നമ്പര്‍ മാരുതി കാര്‍ ശ്രദ്ധയില്‍പെടുകയും ഇതിനെ പിന്തുടരുകയും ചെയ്തു. പൊലിസ് പിടിയിലാകുമെന്ന് ഉറപ്പായതോടെ വാഹനം ഉപേക്ഷിച്ച് ബിജുവും കൂട്ടാളിയും രക്ഷപെടുകയായിരുന്നു. 172 കിലോ ഏലക്കായാണ് ഇവര്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചത്. തൊണ്ടിമുതലും വഹനവും കസ്റ്റഡിയിലെടുത്തതിനു പിന്നാലെ പ്രതികളെ പിടികൂടാന്‍ ഊര്‍ജിതാന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തങ്കമണി എസ്. ഐ കെ. ജെ ജോഷി, എ. എസ്. ഐ പി. എസ് ഏബ്രഹാം, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ സിബി ടി കുര്യന്‍ എന്നിവരടങ്ങിയ സംഘമാണ് വാഹനം പിടിച്ചെടുത്തത്. ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയായ ബിജു ശിക്ഷ കഴിഞ്ഞും ജാമ്യത്തിലിറങ്ങിയും നിരവധി വമ്പന്‍ മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."