ജെ.എന്‍.യുവില്‍ ഫാസിസം ഇരയെ തിരയുന്നു
ജെ.എന്‍.യു വിദ്യാര്‍ഥി നജീബിന്റെ തിരോധാനത്തിന് രണ്ടാഴ്ച പിന്നിടുന്നു. യൂനിവേഴ്‌സിറ്റി അധികാരികളുടെയോ ഡല്‍ഹി പോലിസിന്റെയോ ഭാഗത്തുനിന്നും ഇതുവരെ കാര്യമായ അന്വേഷണ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. തുടക്കം മുതല്‍ തന്നെ വൈസ് ചാന്‍സലര്‍ അടക്കം ജെ.എന്‍.യു അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്തുനിന്നും പ്രകടമായിരുന്ന അമാന്തത്തിനെതിരേ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവം നടന്ന് രണ്ടാഴ്ച കഴിയുമ്പോഴും അന്വേഷണം അതിന്റെ പ്രാഥമിക തലത്തില്‍ തന്നെ തങ്ങിനില്‍ക്കുന്നത് ഇതിനു പിന്നിലെ ഫാസിസ്റ്റ് നിഗൂഢതകളെയാണ് തുറന്നുകാട്ടുന്നത്.
സംഭവം നടക്കുന്നതിന്റെ മുന്‍പത്തെ ദിവസം ചില എ.ബി.വി.പി പ്രവര്‍ത്തകര്‍ നജീബുമായി വാഗ്വാദമുണ്ടാവുകയും അതിനെ തുടര്‍ന്ന്, അവനെ വഴിയില്‍ തടഞ്ഞുവച്ച് മര്‍ദിക്കുകയും അവശനാക്കുകയും ചെയ്തിരുന്നു. ഇതിനു വിദ്യാര്‍ഥികള്‍ ദൃക്‌സാക്ഷികളുമാണ്. ഈ സംഘത്തില്‍ കാംപസിനു പുറത്തുളള ആളുകളും ഉണ്ടായിരുന്നുവെന്നാണ് സാക്ഷിമൊഴികള്‍.
തിരോധാനത്തിനു മുമ്പ് പ്രതിയിലേക്കു സൂചന നല്‍കുന്ന ഇത്രമാത്രം വ്യക്തമായ ചില സംഭവങ്ങള്‍ ഉണ്ടായിട്ടും അതിനെക്കുറിച്ചൊന്നും അന്വേഷിക്കാനോ അവര്‍ക്കെതിരേ നടപടിയെടുക്കാനോ വി.സിയും വാഴ്‌സിറ്റി അധികാരികളും ധൈര്യം കാണിക്കേണ്ടിയിരുന്നു. പക്ഷേ, അങ്ങനെയൊന്ന് ഇതുവരെ ഉണ്ടായിട്ടില്ല. എന്നല്ല, തീര്‍ത്തും ഏകപക്ഷീയമായ അഭിപ്രായ പ്രകടനങ്ങളാണ് അവരുടെ ഭാഗത്തുനിന്നും ഉയര്‍ന്നുവന്നിട്ടുള്ളത്.
വിഷയവുമായി ബന്ധപ്പെട്ട് അവരുടെ ഭാഗത്തുനിന്നുമുണ്ടായ പ്രഥമ പ്രതികരണത്തില്‍തന്നെ തീര്‍ത്തും എ.ബി.വി.പിയുടെ ഭാഷ ഉപയോഗിച്ചുകൊണ്ടാണ് അവര്‍ സംസാരിച്ചിരുന്നത്. ആരോപിതന്‍ (എക്യൂസ്ഡ്) എന്ന ശീര്‍ഷകത്തിലാണ് അവരന്ന് നജീബിനെ പരിചയപ്പെടുത്തിയിരുന്നത്. എന്നാല്‍, ഈയിടെ പുറത്തിറക്കിയ ഒരു ബുള്ളറ്റിനില്‍ ഈ വാക്ക് കളയുകയും നജീബ് മറ്റൊരു വിദ്യാര്‍ഥിയെ മര്‍ദിച്ചിരുന്നു എന്നു കാണിച്ചുകൊണ്ട് അക്ഷരം നിരത്തുകയും ചെയ്തിരിക്കുന്നു. എ.ബി.വി.പി പ്രവര്‍ത്തകര്‍ നജീബിനെ മര്‍ദിച്ച വിവരം ഈ കുറിപ്പ് സ്പര്‍ശിക്കുന്നുപോലുമില്ലതാനും. നജീബ് വിഷയത്തില്‍ തുടക്കം മുതല്‍തന്നെ ജെ.എന്‍.യു അധികാരികളും ഡല്‍ഹി പൊലിസും ഒളിച്ചുകളി തുടരുകയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. പല മാധ്യമങ്ങളും ഇക്കാര്യം മറച്ചുപിടിക്കുകയും ചെയ്യുന്നു.
ഇവിടെ ന്യായമായും രണ്ടു ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഒക്ടോബര്‍ 16 ാം തിയതി പ്രസ്തുത ഹോസ്റ്റല്‍ വാഡന്മാരുടെ ഒരു മീറ്റിങ് നടന്നു. അതില്‍, 14 ാം തിയതി നജീബിന് ചിലരുടെ ഭാഗത്തുനിന്നും ശക്തമായ മര്‍ദനങ്ങള്‍ ഏറ്റിരുന്നതായി അവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വാഡന്‍ കമ്മിറ്റി പോലെ ജെ.എന്‍.യുവിലെ ഒരു ഔദ്യോഗിക ബോഡി മര്‍ദന വിവരം സ്ഥിരീകരിച്ചിട്ടും എന്തുകൊണ്ട് വി.സിയും യൂനിവേഴ്‌സിറ്റി ഭരണവിഭാഗവും ഈ വിഷയത്തില്‍ മൗനം പാലിക്കുന്നു? ഒരു വിദ്യാര്‍ഥിയെ കാണ്‍മാനില്ല എന്നു കാണിച്ച് ഡല്‍ഹി പൊലിസിന് യൂനിവേഴ്‌സിറ്റി അധികാരികള്‍ എന്തുകൊണ്ട് ഒരു പരാതി നല്‍കിയില്ല? ഏറെ പ്രസക്തമായ രണ്ടു ചോദ്യങ്ങളാണിവ.
മര്‍ദനത്തെ തുടര്‍ന്ന് കാണാതായ നജീബിനെ കണ്ടെത്തി പുറത്തുകൊണ്ടുവരുന്നതിനേക്കാള്‍ ജെ.എന്‍.യു അധികാരികളുടെ മുമ്പില്‍ മുഖ്യ വിഷയമായിട്ടുള്ളത് കുറ്റവാളികളെ സംരക്ഷിക്കലാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. നജീബിന്റെ ഉമ്മയുടെയും സഹോദരിയുടെയും വേദന മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. എത്ര പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും 'നജീബിനെ മര്‍ദിച്ചവര്‍ക്കെതിരേ ഒരക്ഷരവും മിണ്ടരുത്' എന്ന നയത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അവരിന്നും.
അതേസമയം, ചില മാധ്യമങ്ങളും സോഷ്യല്‍മീഡിയയും ഇരയായ നജീബിനെ അപകടകാരിയായ ഒരു ക്രിമിനലായി അവതരിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളും മറുഭാഗത്ത് നടത്തിവരുന്നു. യൂനിവേഴ്‌സിറ്റി അധികാരി വര്‍ഗത്തിന്റെ ഏകപക്ഷീയവും വര്‍ഗീയത മണക്കുന്നതുമായ ഈയൊരു നിലപാട് ഏറെ പരിഹാസ്യമാണ്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അവകാശ പോരാട്ടം നടത്തുന്ന വിദ്യാര്‍ഥി സംഘടനകള്‍ക്കെതിരേ ഒരു ആവശ്യവുമില്ലാതെ ഇടപെട്ടുകൊണ്ടിരിക്കുകയും അതിന്റെ നേതാക്കന്മാരെ ഭീഷണിപ്പെടുത്തിയും ഓഫിസ് ഓര്‍ഡര്‍ ഇറക്കിയും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു ഭരണവിഭാഗം എന്തുകൊണ്ട് അനിവാര്യമായും ഇടപെടേണ്ട നജീബ് വിഷയത്തില്‍ ഒളിച്ചുകളി നടത്തുന്നുവെന്നതില്‍ ദുരൂഹതയുണ്ട്. എ.ബി.വി.പിയും മറ്റു സംഘടനകളും ഒരുപോലെ പങ്കാളികളായ പ്രതിഷേധ സമരങ്ങളില്‍ തങ്ങള്‍ ഉന്നം വയ്ക്കുന്ന ചില ഗ്രൂപ്പ് നേതാക്കള്‍ക്കുമാത്രം നോട്ടിസ് അയക്കുന്ന സംഭവങ്ങളും ഈയടുത്തായി ജെ.എന്‍.യുവില്‍ വര്‍ധിച്ച തോതില്‍ കണ്ടുവരുന്നു. എ.ബി.വി.പി പോലെയുള്ള ഒരു വര്‍ഗീയ കൂട്ടായ്മയോട് ഭരണ തലത്തിനുള്ള വിധേയത്വ മനസ്സ് പുറത്തുകൊണ്ടുവരുകയാണ് ഇത്തരം സമീപനങ്ങള്‍. നജീബ് വിഷയത്തിലും അതുതന്നെയാണ് നിലവിലെ യൂനിവേഴ്‌സിറ്റി അധികാരികള്‍ കാണിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ നാലിന് ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരേ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ഗുജറാത്ത് സര്‍ക്കാരിന്റെയും ഗോരക്ഷകിന്റെയും കോലം കത്തിച്ചത് അവിടെ സൃഷ്ടിച്ച പുകിലുകള്‍ ഭീകരമായിരുന്നു. ഇത്തരം പ്രതിഷേധങ്ങള്‍ ജെ.എന്‍.യു കാംപസില്‍ സര്‍വസാധാരണമാണ്. എന്നാല്‍, പ്രതിഷേധിക്കാനുള്ള അവകാശത്തെ പോലും ചോദ്യം ചെയ്യുംവിധം കാംപസിന്റെ സജീവമായ ചിന്താസ്വാതന്ത്ര്യത്തെ പോലും അടിച്ചമര്‍ത്തുന്നതാണ് ജഗദീഷ് കുമാര്‍ വി.സിയായി വന്നതിനു ശേഷമുള്ള പല സംഭവങ്ങളും. കശ്മിര്‍ പണ്ഡിറ്റായ അയാള്‍ പക്കാ ഫാസിസ്റ്റ് അജന്‍ഡയാണ് അവിടെ കളിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയോടെ ഈയൊരു സ്ഥാപനത്തെ ഫാസിസ്റ്റ വല്‍ക്കരിക്കാന്‍ അവര്‍ കിണഞ്ഞു പരിശ്രമിക്കുന്നു.
മറ്റൊരു പ്രതിഷേധപ്രകടനത്തിനിടെ ചില വിദ്യാര്‍ഥികള്‍ നരേന്ദ്രമോദിയുടെ കോലം കത്തിച്ചതുമായി ബന്ധപ്പെട്ട് 'ഞങ്ങള്‍ അന്വേഷണം തുടങ്ങി' എന്നാണ് വി.സി തന്റെ ട്വിറ്ററില്‍ കുറിച്ചിരുന്നത്. ഗുജറാത്ത്, മോദി, എ.ബി.വി.പി വിഷയത്തില്‍ എടുത്തുചാടി അന്വേഷണത്തിന് ഉത്തരവിടുന്ന യൂനിവേഴ്‌സിറ്റി അധികാരികള്‍ നജീബ് വിഷയത്തില്‍ ഒളിച്ചുകളി തുടരുന്നത് രാജ്യത്തിന് അഭിമാനമായിരുന്ന ഒരു സെക്യുലര്‍ യൂനിവേഴ്‌സിറ്റി മോദിക്കാലത്ത് എത്രമാത്രം വര്‍ഗീയവല്‍ക്കരിക്കപ്പെട്ടുവെന്നതിനുള്ള വ്യക്തമായ തെളിവാണ്.
യൂനിവേഴ്‌സിറ്റി കാംപസുകളെ കേന്ദ്രീകരിച്ചുള്ള ഈ വര്‍ഗീയ ദ്രുവീകരണവും ഫാസിസ്റ്റ് പ്രീണനവും ജെ.എന്‍.യുവിലെ മാത്രം വിഷയമല്ല. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം രാജ്യത്തെ പ്രധാന കാംപസുകളിലെല്ലാം കണ്ടുവരുന്ന കാര്യമാണ്. ഇരകളെ ക്രിമിനലുകളാക്കി ചിത്രീകരിക്കുകയും അതിനെ തുടര്‍ന്ന് അവരെ അടിച്ചമര്‍ത്തുകയും അതേസമയം ഹിന്ദുത്വ പ്രതികളെ മഹത്വവല്‍കരിക്കുകയും ചെയ്യുന്ന ദാരുണമായ കാഴ്ച.
ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയും അലിഗഢും ജാമിഅ മില്ലിയ്യയും അതിന്റെ അടുത്ത കാല ഇരകളാണ്. കുറച്ചുമുന്‍പ് അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണം നടത്തിയ വഷയത്തില്‍ ജെ.എന്‍.യുവില്‍ തന്നെ ബി.ജെ.പി സര്‍ക്കാര്‍ ഓപറേഷന്‍ നടത്തിയിരുന്നു. എല്ലാവരും തങ്ങളുടെ സ്വതന്ത്ര നിലപാടുകളും സമീപനങ്ങളും മറച്ചുവച്ച് ഹിന്ദുത്വം വിസര്‍ജിക്കുന്ന ഒരു ഇന്ത്യന്‍ വിഭാവനയെ മനസ്സില്‍ ധ്യാനിക്കണമെന്നാണ് ഇവര്‍ സ്വപ്നം കാണുന്നത്.
ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കുന്ന ബഹുസ്വര ഇന്ത്യയില്‍ അത് വിലപോകില്ലെന്ന് അവര്‍ക്ക് അറിയാമെങ്കിലും ഗുണ്ടായിസത്തിലൂടെ അതിനുള്ള തീവ്രയത്‌നം നടത്തുകയാണ് അവരിന്ന്. ഇപ്പോഴത്തെ നജീബ് വിഷയത്തിലും ഇതുതന്നെയാണ് സംഭവിക്കാന്‍ പോകുന്നത് എന്നുവേണം മനസ്സിലാക്കാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."