സ്‌കൂളുകളില്‍ വിറക് അടുപ്പിന് പകരം ഗ്യാസ് അടുപ്പ്; പണം കണ്ടെത്താനാകാതെ പ്രധാനാധ്യാപകര്‍
നീലേശ്വരം: സ്‌കൂളുകളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി ഗ്യാസ് അടുപ്പ് നിര്‍മിക്കുന്നതിനുള്ള ചുമതല പ്രധാനാധ്യാപകര്‍ക്കു നല്‍കിക്കൊണ്ടുള്ള ഉത്തരവിനെതിരേ പ്രതിഷേധം ശക്തം. രാജ്യത്തെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനു വിറകിനു പകരം എല്‍.പി.ജി ഉപയോഗിക്കണമെന്ന കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
പുതുക്കിയ ഉച്ചഭക്ഷണ തുടര്‍ ചെലവുകള്‍ ലഭിക്കണമെങ്കില്‍ പാചകം എല്‍.പി.ജി മുഖേനയായിരിക്കണമെന്നാണു ഉത്തരവിലുള്ളത്. ഇതിനെതിരെയാണു പ്രധാനാധ്യാപകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായത്.
സ്‌കൂളുകളില്‍ എല്‍.പി.ജി അടുപ്പു സ്ഥാപിക്കാന്‍ ചുരുങ്ങിയത് 20000 രൂപയെങ്കിലും വേണ്ടിവരും. ഇത് എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണു പ്രധാനാധ്യാപകര്‍. കൃത്യസമയത്തു അടുപ്പു സ്ഥാപിച്ചില്ലെങ്കില്‍ ഉച്ചഭക്ഷണ പദ്ധതിക്കു ലഭിക്കേണ്ട തുടര്‍ചെലവുകള്‍ ലഭിക്കില്ലെന്നതും പ്രധാനധ്യാപകരെ ആശങ്കയിലാഴ്ത്തുന്നു.
നിലവില്‍ ഉച്ചഭക്ഷണം പാചകം ചെയ്യാന്‍ എല്‍.പി.ജി ഉപയോഗിക്കാത്ത സ്‌കൂളുകള്‍ ഈ അധ്യയനവര്‍ഷാവസാനത്തോടെ എല്‍.പി.ജി ഉപയോഗിക്കുന്നതാണ് എന്നുള്ളതിനുള്ള പ്രധാനധ്യാപകന്റെ രേഖാമൂലമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഉയര്‍ന്ന നിരക്കിലുള്ള കണ്ടിജന്റ് ചാര്‍ജ് അനുവദിക്കാന്‍ പാടുള്ളൂ എന്നും ഉത്തരവിലുണ്ട്.
എന്നാല്‍ ഇതിനുള്ള തുക എങ്ങനെ കണ്ടെത്തണമെന്നതിനെക്കുറിച്ചു നിര്‍ദേശമില്ല. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുക അനുവദിക്കണമെന്നു മുന്‍പു നിര്‍ദേശമുണ്ടായിരുന്നെങ്കിലും ഭൂരിപക്ഷം സ്‌കൂളുകളിലും അതും നടപ്പിലായില്ല.
കുട്ടികളുടെ ശരാശരി കണക്കാക്കിയാണു ഉച്ചഭക്ഷണത്തിനു തുക അനുവദിക്കുന്നത്. 150 വരെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ കുട്ടി ഒന്നിനു എട്ടു രൂപയാണു നല്‍കുന്നത്. 150 മുതല്‍ 500 വരെ കുട്ടികളുള്ള സ്‌കൂളുകളില്‍ ആദ്യത്തെ 150 കുട്ടികള്‍ക്കു എട്ടു രൂപയും, 151 മുതല്‍ 500 വരെയുള്ള കുട്ടികള്‍ക്കു ഏഴു രൂപയും, 500 നു മുകളില്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ ശേഷിക്കുന്ന കുട്ടികള്‍ക്കു കുട്ടി ഒന്നിനു ആറു രൂപയുമാണു പുതുക്കിയ നിരക്കില്‍ അനുവദിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."