ചേളാരി ഐ.ഒ.സിയിലെ ട്രക്ക് തൊഴിലാളി സമരം; ചര്‍ച്ച അലസി
തേഞ്ഞിപ്പലം: ചേളാരി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചക വാതക ഫില്ലിങ് പ്ലാന്റിലെ ലോറി തൊഴിലാളികളുടെ സമരത്തെത്തുടര്‍ന്നു പ്ലാന്റ് പ്രവര്‍ത്തനം ഇന്നലെ പൂര്‍ണമായും സ്തംഭിച്ചു. കോയമ്പത്തൂര്‍ പ്ലാന്റിലേക്കു മാറ്റിയ ആറു ട്രക്കുകള്‍ക്കു ചേളാരിയില്‍ നിന്നു തന്നെ പാചകവാതക സിലിണ്ടറുകള്‍ ലഭിക്കണമെന്നാവശ്യപ്പെട്ടു വെള്ളിയാഴ്ച ഉച്ച മുതല്‍ ആരംഭിച്ച സമരം ഇന്നലെയും തുടര്‍ന്നു.
ഇതോടെ ചേളാരി പ്ലാന്റില്‍ നിന്നും വിവിധ ഏജന്‍സികളിലേക്കു പാചകവാതകം അയക്കുന്നതു നിലച്ചു. വെള്ളിയാഴ്ച ഒന്നാം ഷിഫ്റ്റ് മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. 47 ലോഡുകള്‍ മാത്രമാണു കയറ്റി അയച്ചത്. പ്ലാന്റില്‍ നാലു കെറോസില്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ ദിവസവും 110 മുതല്‍ 124 വരേ ലോഡുകള്‍ കയറ്റി അയച്ചിരുന്നു. ഒരു ലോഡില്‍ 306 സിലിണ്ടറുകള്‍ തോതില്‍ 33,660 സിലിണ്ടറുകള്‍ വിവിധ ഏജന്‍സികളിലേക്ക് എത്തിക്കാനായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഉച്ചയോടെ പ്ലാന്റ് പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് അര ലക്ഷത്തിലേറെ സിലിണ്ടറുകള്‍ ഏജന്‍സികളിലേക്ക് എത്തിക്കാനായില്ല. ഇന്നലെ രാവിലെ പ്ലാന്റ് മാനേജരും തൊഴിലാളികളും തമ്മില്‍ ചര്‍ച്ച നടന്നിരുന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."