ഭോപ്പാല്‍ കൊലപാതകങ്ങള്‍: അഭിഭാഷകന് സിമി തടവുകാരെ കാണാന്‍ അനുമതി
ന്യൂഡല്‍ഹി: ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരായ സിമി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്താന്‍ അഭിഭാഷകരെ അനുവദിക്കരുതെന്നാവശ്യപ്പെട്ടു മധ്യപ്രദേശ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളി. ജയിലില്‍ കഴിഞ്ഞിരുന്ന എട്ടു വിചാരണത്തടവുകാരെ കഴിഞ്ഞമാസം 31നു മധ്യപ്രദേശ് പൊലിസ് വെടിവച്ചുകൊന്നിരുന്നു. ഇതേതുടര്‍ന്ന് ജയിലില്‍ വിവിധ കേസുകള്‍ ചുമത്തപ്പെട്ട് കഴിയുന്ന സിമി പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ പര്‍വേസ് ആലം നല്‍കിയ അപേക്ഷ ഭോപ്പാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (സി.ജെ.എം) ഭുഭാസ്‌കര്‍ യാദവ് സ്വീകരിക്കുകയുണ്ടായി. 20 മിനിറ്റോളം തടവുകാരുമായി സംസാരിക്കാനാണ് അനുമതി ലഭിച്ചിരുന്നത്. ഈ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയാണു ഭോപ്പാല്‍ ജില്ലാ കോടതി തള്ളിയത്. സിമി കേസിലെ എട്ടു വിചാരണത്തടവുകാര്‍ ജയില്‍ ചാടിയ സംഭവവും അവരെ വെടിവച്ചുകൊന്നതും രേഖാമൂലം അറിയിക്കാത്ത പ്രോസികൂഷന്റെ നടപടിയെ കോടതി വിമര്‍ശിക്കുകയും ചെയ്തു.
കഴിഞ്ഞ 31ന് എട്ടു സിമി പ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ച സംഭവത്തിനു പിന്നാലെ ജയിലില്‍ കഴിയുന്ന മറ്റു സിമി പ്രവര്‍ത്തകര്‍ മാനസികവും ശാരീരികവുമായ പീഡനമേറ്റുവാങ്ങുകയാണെന്നും ഇക്കാരണത്താലാണ് അവരുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ചതെന്നും പര്‍വേസ് ആലം പറഞ്ഞു. അഭിഭാഷകന് അദ്ദേഹത്തിന്റെ കക്ഷികളെ ജയിലില്‍ സന്ദര്‍ശിക്കാന്‍ ജയില്‍ മാന്വലില്‍ വ്യവസ്ഥയില്ലെന്നും അതിനാല്‍ സി.ജെ.എമ്മിന്റെ അനുമതി റദ്ദാക്കണമെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. പര്‍വേസ് ആലമിന്റെ അപേക്ഷ സ്വീകരിച്ചാല്‍ സമാന കേസുകളില്‍ വിചാരണ തടവുകാരായ മറ്റുള്ളവരെയും കാണണമെന്നാവശ്യപ്പെട്ട് കൂടുതല്‍ അഭിഭാഷകര്‍ ഹരജിയുമായി വരുമെന്നും ഇത് ജയിലില്‍ തിരക്കു വര്‍ധിക്കാന്‍ കാരണമാവുമെന്നുമാണ് പ്രോസികൂഷന്റെ വാദം. എന്നാല്‍, സര്‍ക്കാരിന്റെ വാദം അഡീഷനല്‍ ജില്ലാ ജഡ്ജി രാംകുമാര്‍ ചൗബെ തള്ളി. ജയില്‍ മാന്വല്‍ 694, 695 ചട്ടങ്ങള്‍ പ്രകാരം അഭിഭാഷകനു തന്റെ കക്ഷിയെ ജയിലില്‍വച്ചു കാണാമെന്നും ജഡ്ജി വ്യക്തമാക്കി. കേസ് വളരെ വൈകാരികത നിറഞ്ഞതായതിനാല്‍ ആദ്യം എഴുതിതയ്യാറാക്കിയ അപേക്ഷനല്‍കണമെന്ന് അഭിഭാഷകനോട് ജയിലധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ജയില്‍ സന്ദര്‍ശിക്കാന്‍ അനുമതിനല്‍കുന്ന ജില്ലാ കോടതി ജഡ്ജിയുടെ അപേക്ഷയുമായി സെന്‍ട്രല്‍ ജയിലിലെത്തിയ ആലമിനെ ഒരുമണിക്കൂറോളം പുറത്തുനിര്‍ത്തിയ ശേഷമാണ് തടവുകാരെ കാണാന്‍ അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."