ട്രംപിനെ പേടിച്ച് അമേരിക്കക്കാര്‍ രാജ്യംവിടാന്‍ ഒരുങ്ങുന്നു
ലണ്ടന്‍: യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അമേരിക്കക്കാര്‍ രാജ്യംവിടാന്‍ ആലോചിക്കുന്നു. ട്രംപിനെതിരേ അമേരിക്കയില്‍ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിലാണ് ബ്രിട്ടനിലേക്കും മറ്റും സ്ഥലം മാറാനാണ് അമേരിക്കക്കാര്‍ ആലോചിക്കുന്നത്. ബ്രിട്ടനിലെ പ്രമുഖ പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ സൂപ്ലയില്‍ 45 ശതമാനം അന്വേഷണങ്ങളും വന്നത് അമേരിക്കയില്‍ നിന്നാണെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ട്രംപിനു കീഴിലുള്ള ഭരണം സുരക്ഷിതമാകില്ലെന്ന ഭീതിയാണ് ഇതിനു പിന്നിലെന്നാണ് വിലയിരുത്തല്‍. ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ കഴിഞ്ഞ ഒരു മാസത്തേക്കാള്‍ 45.3 ശതമാനം വെബ് ട്രാഫിക് തങ്ങളുടെ സൈറ്റില്‍ കൂടുതലായിരുന്നുവെന്ന് സൂപ്ല പറഞ്ഞു. കഴിഞ്ഞ ആറു മാസത്തെ ട്രാഫിക്കിനേക്കാള്‍ 25.5 ശതമാനം കൂടുതലായിരുന്നു ഇത്. ബ്രിട്ടനില്‍ വീടും സ്ഥലവും ലഭിക്കുമോയെന്നാണ് പലരും അന്വേഷിച്ചതെന്ന് സൂപ്ല വക്താവ് ലോറന്‍സ് ഹാള്‍ പറഞ്ഞു.
ബ്രെക്‌സിറ്റിനെ തുടര്‍ന്ന് ബ്രിട്ടനില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തകര്‍ച്ചയുണ്ടായിരുന്നു. ഇതോടെ വസ്തുവ്യാപാരം ഇടിയുകയും വിലകുറയുകയും ചെയ്തിരുന്നു. യു.എസില്‍ നിന്നുള്ള ആളുകളുടെ തള്ളിക്കയറ്റം മൂലം കനേഡിയന്‍ ഇമിഗ്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റും തകരാറിലായി. കാനഡയിലേക്കുള്ള കുടിയേറ്റം ആരാഞ്ഞാണ് മിക്ക അമേരിക്കക്കാരും കാനഡയെ സമീപിച്ചത്.
ഗൂഗിളിലും അമേരിക്കക്കാര്‍ പരതിയത് ഇതൊക്കെയാണെന്ന് ഗൂഗിള്‍ പത്രകുറിപ്പില്‍ അറിയിച്ചു. ട്രംപ് വിജയിച്ചത് എങ്ങനെ? ബ്രിട്ടന്‍, കാനഡ എന്നിവിടങ്ങളിലേക്ക് എങ്ങനെ കുടിയേറാം?, പ്രസിഡന്റിനെ എങ്ങനെ ഇംപീച്ച് ചെയ്യാം എന്നൊക്കെയാണ് അമേരിക്കക്കാര്‍ ഏറ്റവും കൂടുതലായി ഗൂഗിളില്‍ പരതിയതെന്ന് ഗൂഗിള്‍ വ്യക്തമാക്കി.
ട്രംപിനെ യു.എസ് പൗരന്മാര്‍ എത്രത്തോളം വെറുക്കുന്നുവെന്നതിന്റെ ഉദാഹരണങ്ങളാണ് ഇതെല്ലാം. അതിനിടെ, ട്രംപിനെതിരേ അമേരിക്കയില്‍ നടക്കുന്ന പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. വെടിവയ്പും കണ്ണീര്‍വാതക പ്രയോഗവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."