കുറ്റവാളിയില്‍ നിന്ന് ഒരെഴുത്തുകാരി ജനിക്കുന്നു
ഒരു സ്ത്രീ തടവിലാക്കപ്പെടുമ്പോള്‍ അനാഥമാകുന്നത് ഒരു കുടുംബമാണ്. ജയില്‍ മുറികള്‍ക്കു പുറത്തു കുറ്റവും ശിക്ഷയും മാത്രം വിലയിരുത്തുമ്പോള്‍ കാരാഗൃഹത്തിലടയ്ക്കപ്പെട്ട സ്ത്രീജന്മങ്ങള്‍ പ്രിയപ്പെട്ടവരെയും ഉറ്റവരെയും ഓര്‍ത്ത് ഉരുകിത്തീരുകയാണ്. മരണത്തിനും ജീവിതത്തിനുമിടയില്‍ പകച്ചുനിന്നപ്പോള്‍ ഒരു നിമിഷത്തില്‍ ചെയ്ത കൈതെറ്റ്, അല്ലെങ്കില്‍ ആത്മാഭിമാനത്തിന്റെ തീച്ചൂളയില്‍ വെന്തുരുകാതിരിക്കാന്‍ നടത്തിയ പ്രതിരോധത്തിന്റെ ബാക്കിപത്രം. പിന്നെ അവള്‍ സമൂഹത്തിനു മുന്‍പില്‍ 'സ്ത്രീ കുറ്റവാളി', തെളിവുകളും സാക്ഷിമൊഴികളും എതിരാകുമ്പോള്‍ ഒടുവില്‍ കാരാഗൃഹത്തില്‍. അതോടെ സമൂഹത്തില്‍ നിന്നും ആ സ്ത്രീ നിഷ്‌കാസിതയാകുന്നു. ഒരു സ്ത്രീക്കായി തടവറയുടെ ഇരുമ്പുവാതിലുകള്‍ തുറന്നടയുമ്പോള്‍ ഒരു കുടുംബത്തിനുമേല്‍ അനാഥത്വത്തിന്റെയും അരക്ഷിതത്വത്തിന്റെയും വാതിലുകള്‍ കൂടിയാണ് തുറക്കുന്നത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ വനിതാ തടവറയില്‍ നിന്നാണ് വയനാട് സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് സ്വദേശിനി ലിസി ശശി തന്റെയും സഹപ്രവര്‍ത്തകരുടെയും ജീവിതാനുഭവങ്ങള്‍ എഴുതുന്നത്. ചിലപ്പോള്‍ കവിതയായി, കഥകളായി, അതുമല്ലെങ്കില്‍ നുറുങ്ങ് കുറിപ്പുകളായി. ഈ രചനകള്‍ ഇപ്പോള്‍ പുസ്തകരൂപത്തില്‍ പ്രകാശിതമാകുകയാണ്. ആദ്യമായാണ് ഒരു തടവുകാരിയുടെ പുസ്തകം പുറത്തിറങ്ങുന്നതും.
തടവറയിലേക്കുള്ള വഴികള്‍
തടവറയിലേക്കുള്ള ലിസിയുടെ വഴികള്‍ അവളുടേതു മാത്രമല്ല, കാലവും ദേശവും മാത്രമേ മാറുന്നുള്ളൂ ഓരോ സ്ത്രീ തടവുകാര്‍ക്കും. ലിസി പറയുന്നു. പെണ്‍മക്കളുടെ മാനം കാക്കാന്‍ കുറ്റവാളികളായ അമ്മമാരുണ്ട് തടവറയില്‍. ഓരോ രാത്രിയും ഇവര്‍ ഞെട്ടിയുണരുന്നു. മാതൃത്വത്തിന്റെ തുണ നഷ്ടപ്പെട്ട തങ്ങളുടെ പൊന്നോമനകളുടെ മാനം പിച്ചിച്ചീന്താന്‍ ഏതു നിമിഷവും കടന്നുവന്നേക്കാവുന്ന കാലടി ശബ്ദങ്ങെളയോര്‍ത്ത്. ആ അമ്മമാരുടെ നോവിന്റെ നനവുമുണ്ട് ലിസിയുടെ രചനയ്ക്ക്.
ദാരിദ്ര്യമാണ് ലിസിയെ തടവറയിലെത്തിച്ചത്. ഒരു തവണ മാത്രമേ തെറ്റു ചെയ്തിട്ടുള്ളൂ. സഹോദരി മിനി ഗുരുതരമായി പൊള്ളലേറ്റു ആശുപത്രിയിലായി. വിദഗ്ധ ചികിത്സയ്ക്കു പണം വേണം. മുട്ടാത്ത വാതിലുകളില്ല, ഇത്ര വലിയ തുകയോ എന്നു ചോദിച്ച് എല്ലാവരും കൈമലര്‍ത്തി. ഒരു സുഹൃത്താണ് പണം വാഗ്ധാനം ചെയ്തത്.
'എന്റെ നല്ല സുഹൃത്തായതിനാല്‍ അയാളെ വിശ്വസിച്ചു. അതുവാങ്ങി എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴേക്കും പൊലിസ് എന്നെ പിടികൂടുകയായിരുന്നു. 2010 ജൂലൈ 26നായിരുന്നു അറസ്റ്റ്. ഒരിക്കലും ചതിക്കില്ല എന്നു കരുതിയ സുഹൃത്താണ് കൊടും ചതി ചെയ്തത്. കുടുംബത്തിന്റെ പട്ടിണിയും സഹോദരിയുടെ ജീവനും മാത്രമേ തുലനം ചെയ്യാനുണ്ടായിരുന്നുള്ളൂ. മറ്റെല്ലാവരും നിയമത്തിന്റെ കൈകളില്‍ നിന്നും വഴുതിമാറി'. അവര്‍ മാത്രം ഒറ്റപ്പെട്ടു. ഏറ്റുവാങ്ങേണ്ടി വന്നത് 25 വര്‍ഷത്തെ തടവറവാസം.
ജയിലില്‍ ജനിച്ച കഥകള്‍
പിന്നെ, കണ്ണൂര്‍ ജയിലില്‍ തടവുകാലം. പിന്നിട്ടതു ആറു വര്‍ഷം. മനസിനെ തടവറയില്‍ തളച്ചിടാന്‍ കഴിഞ്ഞില്ല. കുറേ വായിച്ചു, അതിലേറെ ചിന്തിച്ചു, അല്‍പം എഴുതി. ഇപ്പോള്‍ ലിസി തോല്‍പ്പിച്ചത് തന്റെ പൂര്‍വകാലത്തെ തന്നെയാണ്. ആറു വര്‍ഷം മുന്‍പ് കുനിഞ്ഞ തലയുമായി പൊലിസ് വണ്ടിയിലേക്കു കയറിയ ലിസിയല്ല ഇപ്പോള്‍ പരോളിന്റെ സ്വാതന്ത്ര്യവുമായി സ്വന്തം നാട്ടിലേക്കെത്തിയപ്പോള്‍. ഇന്നു ലിസി എഴുത്തുകാരിയാണ്. തന്റെ തെറ്റിന്റെ പങ്ക് കവിതകളിലൂടെയും കഥകളിലൂടെയും അവര്‍ നാട്ടുകാരെ അറിയിച്ചു. അവരും പ്രാര്‍ഥിക്കുന്നു കടുത്ത ശിക്ഷ ഒന്നു കുറച്ചുകൊടുക്കാന്‍ നീതിപീഠത്തിനു കനിവുണ്ടാകണമെന്ന്. രോഗം തളര്‍ത്തിയ അമ്മയ്ക്കു മാത്രമല്ല, നാട്ടുകാര്‍ക്കും ലിസിയെ വേണം.
മടക്കയാത്ര
ലിസിക്കു ഇനിയും തടവറയിലേക്കു തിരിച്ച് ചുരമിറങ്ങണം. ഒരു മാസം നീളുന്ന പരോള്‍ കാലം നവംബര്‍ 19നു അവസാനിക്കും. അതിനിടയ്ക്ക് ഒരുപാട് ചെയ്തുതീര്‍ക്കാനുണ്ട്. ആറു വര്‍ഷത്തെ തടവുകാലത്തിനിടയ്ക്ക് എഴുതിത്തീര്‍ത്ത കവിതകളും കഥകളും പുസ്തകരൂപത്തില്‍ തയാറായിക്കഴിഞ്ഞു. അതിന്റെ പ്രകാശനം നിര്‍വഹിക്കണം. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ തന്നെ ആദ്യമായി പുറത്തിറങ്ങുന്ന ഒരു തടവുകാരിയുടെ പുസ്തകം പ്രകാശനം ചെയ്യണമെന്നാണ് ലിസി ആഗ്രഹിക്കുന്നത്. പൂര്‍ണ പബ്ലിക്കേഷന്‍ പുറത്തിറക്കുന്ന 'കുറ്റവാളിയില്‍നിന്ന് എഴുത്തുകാരിയിലേക്ക്' എന്ന പുസ്തകം തയാറാക്കിയിരിക്കുന്നതു തിരുവനന്തപുരത്തെ പബ്ലിക് റിലേഷന്‍ കമ്പനിയായ കൊക്കോപ്പെല്ലിയുടെ മാനേജിങ് ഡയറക്ടറും മാധ്യമപ്രവര്‍ത്തകനുമായ സുബിന്‍ മാനന്തവാടിയാണ്.
ലിസിയുടെ കുടുംബം ?
സുല്‍ത്താന്‍ ബത്തേരിക്കടുത്ത ചുള്ളിയോട് പുള്ളോലിക്കല്‍ ജോര്‍ജിന്റെയും റോസക്കുട്ടിയുടെയും ആറു മക്കളില്‍ രണ്ടാമത്തവള്‍. ഒരു ക്രിസ്തുമസ് ആഘോഷത്തിനിടെ കാല്‍ വഴുതിവീണ് അപ്പച്ചന്‍ മരിച്ചു. പിന്നീട് ഒരു ചായത്തോട്ടത്തില്‍ ജോലി ചെയ്തു അമ്മയായിരുന്നു കുടുംബം നോക്കിയിരുന്നത്. പത്താം ക്ലാസ് പാസായെങ്കിലും സാമ്പത്തിക പ്രശ്‌നം കാരണം പിന്നീട് പഠിക്കാന്‍ കഴിഞ്ഞില്ല. പാലക്കാട് സ്വദേശിയായ ശശിയുമൊത്ത് 22 വര്‍ഷം മുന്‍പായിരുന്നു വിവാഹം. പ്രണയവിവാഹമായിരുന്നു. തുടക്കത്തില്‍ വീട്ടുകാരൊക്കെ എതിര്‍ത്തു. നാലഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ എല്ലാം ശരിയായി. എന്നാല്‍ പത്തു വര്‍ഷം മുന്‍പ് ഭര്‍ത്താവ് അസുഖം ബാധിച്ചു മരിച്ചു. ഇടക്കു പാലക്കാട് ഓട്ടോ ഡ്രൈവറായി ലിസി ജോലി ചെയ്തു. ഒരു അപകടമുണ്ടായതിനെ തുടര്‍ന്ന് ആ തൊഴിലും ഉപേക്ഷിച്ചു. ഭര്‍ത്താവിന്റെ മരണത്തോടെ പിന്നെ വയനാട്ടില്‍ അമ്മയോടൊപ്പമായി താമസം.
എഴുത്ത്, സ്വപ്നങ്ങള്‍ ?
ചെറുപ്പം മുതലേ എഴുതുമായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ നാടകങ്ങള്‍ എഴുതി വേദിയില്‍ അവതരിപ്പിച്ചു. പിന്നീട് ജയിലില്‍ വന്ന ശേഷമാണ് അക്ഷരങ്ങളുടെ ലോകത്തേക്കു വരുന്നത്. 2011 ഒക്‌ടോബര്‍ ആറിനാണു കണ്ണൂര്‍ വനിതാ ജയിലില്‍ എത്തുന്നത്. തുടക്കത്തില്‍ ചെറുകവിതകള്‍ എഴുതി. വായനയോടും എഴുത്തിനോടുമുള്ള താല്‍പ്പര്യം കണ്ട് മുന്‍ വെല്‍ഫെയര്‍ ഓഫിസര്‍ ശോഭനയാണ് പ്രോത്സാഹിപ്പിച്ചത്. മഴയെക്കുറിച്ചായിരുന്നു ജയിലില്‍ നിന്നുള്ള ആദ്യ രചന.
വിരഹം, മുഖങ്ങള്‍, വിധി, പ്രണയം, സ്വപ്നം തുടങ്ങി നിരവധി കവിതകള്‍ എഴുതി. ജയിലും പീഡനവും ഒറ്റപ്പെടലും തിരിച്ചറിവുമൊക്കെയായിരുന്നു വിഷയങ്ങള്‍. ഇപ്പോള്‍ പുതിയൊരു നോവലിന്റെ പണിപ്പുരയിലാണ്. വിധി വേര്‍പ്പെടുത്തിയ തന്റെ കാമുകനെ കുറ്റവാളിയായി ജയിലിലെ ഒരു വനിതാ വാര്‍ഡനു കാണേണ്ടി വരുന്ന കഥയാണിത്. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയാലും എഴുത്തു നിര്‍ത്തരുത് എന്ന് ആഗ്രഹമുണ്ട്. എഴുതി എന്തെങ്കിലുമൊക്കെ ആയിത്തീരണം. ഇന്ന് എനിക്കു കിട്ടുന്ന പ്രോത്സാഹനം നേരത്തെ കിട്ടിയിരുന്നെങ്കില്‍ ഞാന്‍ ജയിലില്‍ എത്തില്ലായിരുന്നു. പക്ഷെ അന്നെനിക്ക് ആരുമില്ലാതായിപ്പോയി. എഴുത്തിലൂടെ ഞാന്‍ ഉണ്ടാക്കിയ ചീത്തപ്പേര് മാറ്റിയെടുക്കണം. ഞാന്‍ വായിക്കുന്നതും എഴുതുന്നതും കൂടുതലും രാത്രിയിലാണ്. പകലില്‍ ചില ഇടവേളകളിലും വായിക്കും. എന്തു പുസ്തകങ്ങള്‍ ചോദിച്ചാലും ജയിലിലെ സാറുമാര്‍ കൊണ്ടുതരും. എഴുതുമ്പോഴാണ് ഏറ്റവും കൂടുതല്‍ സന്തോഷം കിട്ടുന്നത്. ഞാന്‍ എഴുത്തു തുടങ്ങിയ ശേഷം മറ്റു ജയിലിലുള്ളവരൊക്കെ എനിക്കു കത്തെഴുതാറുണ്ട്.
കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് ഒരു തടവുകാരന്‍ കത്തെഴുതിയിരുന്നു. എഴുത്തു തുടരണമെന്നും എല്ലാവിധ പിന്തുണയും ഞങ്ങള്‍ ചെയ്തുതരുമെന്നും പറഞ്ഞു. എല്ലാവരുടെയും സ്‌നേഹം കാണുമ്പോള്‍ കൂടുതല്‍ എഴുതാന്‍ തോന്നുകയാണ്.
ജയിലില്‍ ജോലി ചെയ്യുന്നില്ലേ ?
എന്തെങ്കിലും ജോലി ചെയ്യുമ്പോള്‍ മനസിനു സന്തോഷമാണ്. മറ്റുള്ള ചിന്തകളൊന്നും ആ സമയത്തു വരില്ല. വല്ലാത്ത മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് ഇത്തരം ജോലികളില്‍ ഏര്‍പ്പെടുന്നത്. പല സ്ഥലത്തുനിന്നും വരുന്നവരല്ലേ ഇവിടെ. ജോലിയൊന്നും ജയിലില്‍ ഇല്ലെങ്കില്‍ മുഴുവന്‍ അടിപിടി ആയിരിക്കും. ഇപ്പോള്‍ പകല്‍സമയം ജോലി ചെയ്യുന്നതുകൊണ്ട് ആ ക്ഷീണം കാരണം രാത്രി എല്ലാവരും വേഗം കിടക്കും. ഞാന്‍ ആദ്യം പശുപരിപാലനത്തിലാണ് ഏര്‍പ്പെട്ടിരുന്നത്. ഇപ്പോള്‍ ക്ലീനിങാണ്. ജയിലില്‍നിന്നു കിട്ടുന്ന തുക കൃത്യമായി അമ്മച്ചിക്ക് അയച്ചുകൊടുക്കും. ഇടയ്ക്കു അമ്മച്ചിയെ ഫോണില്‍ വിളിക്കുമ്പോള്‍ മോളയച്ച പൈസ കൊണ്ട് മരുന്നു വാങ്ങിയെന്നൊക്കെ പറയും.
അങ്ങനെ പറഞ്ഞുകേള്‍ക്കുമ്പോള്‍ സന്തോഷമാണ്. അമ്മയ്ക്കു ശ്വാസം മുട്ടലൊക്കെയാണ്. ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഞാന്‍ അമ്മയെ ഫോണില്‍ വിളിക്കും. ഇപ്പോള്‍ അമ്മയ്ക്കു അസുഖം കൂടിയിരിക്കുകയാണ്. പരോളിനു നാട്ടില്‍ വരാന്‍ കഴിഞ്ഞതിനാല്‍ അമ്മയുടെ ചികിത്സാകാര്യം കുറച്ചു നോക്കാനായി. ജയിലിലേക്കു പോയിക്കഴിഞ്ഞാല്‍ അമ്മയെ കുറിച്ചോര്‍ത്ത് ദു:ഖമുണ്ട്. സമൂഹം തന്നെ കുറ്റവാളിയെന്നു കുറ്റപ്പെടുത്താത്തതിന്റെ സന്തോഷം അമ്മയ്ക്കുണ്ട്. അതാണ് തനിക്കേറ്റവും വലുതും.
ജയില്‍ ജീവിതത്തെ കുറിച്ച്?
രണ്ടു കേസുകളിലായി 25 വര്‍ഷമാണ് ശിക്ഷ. രണ്ടായി തന്നെ ശിക്ഷ അനുഭവിക്കണമെന്നുണ്ട്. ശിക്ഷ ഇളവു ചെയ്തുതരണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതീക്ഷയുണ്ട്. നിയമത്തെക്കുറിച്ചുള്ള അജ്ഞത ശിക്ഷയില്‍ നിന്നും ഇളവു നേടാനുള്ള കാരണമല്ലെന്ന് അറിയാം. എങ്കിലും എന്നെപ്പോലെയുള്ള സ്ത്രീകളെ ചതിയിലൂടെ തെറ്റുകാരാക്കി തടവറയില്‍ എത്തിച്ചവര്‍ ഇപ്പോഴും പുറത്തുണ്ട്. സ്ത്രീ തടവുകാര്‍ അനുഭവിക്കുന്ന ശിക്ഷ കാരാഗൃഹത്തിലെ ഏകാന്തവാസം മാത്രമല്ല, ഉറ്റവരുടെ ഓര്‍മയില്‍ കരള്‍ പിളര്‍ന്നാണ് ഞങ്ങളിവിടെ കഴിയുന്നത്. അതിനു വര്‍ഷങ്ങളുടെ കണക്കു വേണോയെന്ന് നീതിപീഠമാണ് വിലയിരുത്തേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."