പൂര്‍വ വിദ്യാര്‍ഥിക്കായി ഒരു പരീക്ഷ
ഒരു സ്‌കൂളിലാണ് ഈ കഥ നടക്കുന്നത്.
പല വിഷയങ്ങളിലെ അധ്യാപകരെല്ലാവരും ചേര്‍ന്ന് പരീക്ഷ നടത്തുകയാണ്. ഒരൊറ്റ വിദ്യാര്‍ഥിക്ക് വേണ്ടിയാണ് പരീക്ഷ. ശരിക്ക് പറഞ്ഞാല്‍ വെറും പരീക്ഷയല്ല. പുനഃപരീക്ഷയാണ്. വെറും വിദ്യാര്‍ഥിയല്ല, പൂര്‍വ്വ വിദ്യാര്‍ഥിയാണ് 18 വര്‍ഷം മുന്‍പ് സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയതാണ് കക്ഷി!! പേര് വാസര്‍കോഫ്.
പഠനം കൊണ്ട് തനിക്ക് ഒരു നേട്ടവുമുണ്ടായിട്ടില്ലെന്നും അതിനാല്‍ പുനഃപരീക്ഷ നടത്തി തന്റെ അജ്ഞത തെളിയിച്ച് തനിക്ക് ഫീസ് മടക്കിത്തരണമെന്നുമുള്ള വാസര്‍കോഫിന്റെ ആവശ്യം മാനിച്ചാണ് ഈ പുനഃപരീക്ഷ!!
പരീക്ഷാഹാളിലേക്ക് കടന്ന് വന്നപ്പോള്‍ പ്രിന്‍സിപ്പലും അധ്യാപകരുമെല്ലാം ചേര്‍ന്ന് വാസര്‍കോഫിനെ അഭിവാദ്യം ചെയ്തു കൊണ്ടാണ് സ്വീകരിച്ചത്.
'ഇരിക്കെടാ അലസന്മാരേ'
വിദ്യാര്‍ഥിയുടെ പ്രത്യഭിവാദ്യം ഉടന്‍ വന്നു! അരിശം തിളച്ച് പൊങ്ങിയ പ്രിന്‍സിപ്പല്‍ എന്തോ പറയാന്‍ ഭാവിക്കുമ്പോഴേക്ക് മാത്‌സ് അധ്യാപകന്‍ വിലക്കി.
അന്തം വിട്ടാണെങ്കിലും അവര്‍ വിനയത്തോടെ ഇരുന്നു. മാത്‌സ് അധ്യാപകന്‍ വാസര്‍കോഫിനോട് പറഞ്ഞു
'ഡിയര്‍ സര്‍, താങ്കളുടെ അഭിസംബോധനാ രീതി ഒന്നാം തരം! നമ്മുടെ മഹത്തായ സ്ഥാപനത്തിന്റെ പാരമ്പര്യത്തിന് തികച്ചും അനുയോജ്യം! മദ്ധ്യകാലഘട്ടത്തിലെ മാനവികതാവാദികളുടെ വീക്ഷണ പ്രകാരം, അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ സമ്പൂര്‍ണ്ണ സമത്വം അനിവാര്യമാണ്. താങ്കള്‍ വളരെ തന്ത്രപരമായി അക്കാര്യം ഞങ്ങള്‍ക്ക് പഠിപ്പിച്ച് തരികയായിരുന്നു. അതിനാല്‍ ഈ വിഷയത്തില്‍ ഞങ്ങള്‍ താങ്കള്‍ക്ക് ഏറ്റവും ഉന്നതമായ ഗ്രേഡ് നല്‍കുന്നു' 'പെരുമാറ്റം- എക്‌സലന്റ്!!'
മറ്റ് അധ്യാപകരും ആവേശത്തോടെ ശരിവെച്ചു. 'അതേ, അതേ'
പ്രിന്‍സിപ്പല്‍ പറഞ്ഞു; 'താങ്കളുടെ സ്വഭാവമൊക്കെ ഒന്നാം തരം. പക്ഷെ ഉത്തരങ്ങളാണല്ലോ അതിലും പ്രധാനം. ശരിയായ ഉത്തരം നല്‍കാന്‍ തയാറായിക്കൊള്ളൂ'
വാസര്‍കോഫ് കൈ തെറുത്ത് കയറ്റി പറഞ്ഞു.
'ചോദ്യം ചോദിച്ചോളൂ പ്രൊഫസര്‍മാരേ, അതായത് നീളന്‍ ചെവിയുള്ള കഴുതകളേ'
ആദ്യ ഊഴം ഹിസ്റ്ററിക്കാരന്റെതായിരുന്നു. അയാള്‍ വിനയ പൂര്‍വ്വം വാസര്‍കോഫിനോട് സീറ്റിലിരിക്കാന്‍ അഭ്യര്‍ഥിച്ചു.
'സീറ്റ് പോയിത്തുലയട്ടെ, ഞാന്‍ നില്‍ക്കും; വിദ്യാര്‍ഥി അലറി'
ആ മറുപടിയില്‍ കയറിപ്പിടിച്ച് ഹിസ്റ്ററി മാസ്റ്റര്‍ തുടങ്ങി.
'ആഹാ. എക്‌സലന്റ്. ഇതില്‍ നിന്ന് വാസര്‍കോഫ് നമ്മെ മനസ്സിലാക്കിത്തരാന്‍ ശ്രമിക്കുന്ന രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്- എഴുത്ത് പരീക്ഷയില്‍ അദ്ദേഹത്തിന് താല്‍പ്പര്യമില്ല. ചോദ്യങ്ങള്‍ക്ക് നേരിട്ട് ഉത്തരം നല്‍കാന്‍ ഇഷ്ടപ്പെടുന്നു. രണ്ട്- നില്‍ക്കാന്‍ അദ്ദേഹം റെഡിയാണ്. ശാരീരികാരോഗ്യം - ഒന്നാം തരം. അതിനാല്‍ ഇതാ ഗ്രേഡ് നല്‍കുകയാണ്;
കായികശേഷി - എക്‌സലന്റ്!'
'അതേ അതേ..' മറ്റുള്ളവര്‍ കൈയടിച്ച് അതും പാസാക്കി.
വാസര്‍കോഫ് ഉടന്‍ കസേരയില്‍ ചാടിക്കയറി ഇരിപ്പുറപ്പിച്ചു.
'ആഹാ, ഒരിക്കല്‍ കൂടി നിങ്ങളെന്നെ പിടികൂടി, അല്ലേ. ഇനി അത് പറ്റില്ല. ഞാനിനി എന്റെ കാതുകള്‍ ശരിക്കും തുറന്ന് വെക്കും'
ഉടനെ പ്രിന്‍സിപ്പല്‍ അതിനുമിട്ടു മാര്‍ക്ക്!!
'ശ്രദ്ധ- വെരിഗുഡ്'
മറ്റുള്ളവരും മോശമാക്കിയില്ല. 'ക്ഷമ- അസാധാരണം' 'ലോജിക് - എക്‌സലന്റ്'
'വേഗം ചോദ്യം ചോദിക്കൂ' എന്ന് ആവശ്യപ്പെട്ടതിനും കിട്ടി മാര്‍ക്ക്;
'ആഗ്രഹം - എക്‌സലന്റ്!!'
ഒടുവില്‍ ഹിസ്റ്ററി അദ്ധ്യാപകന്റെ ചോദ്യം പുറത്ത് വന്നു.
'30 വര്‍ഷത്തെ യുദ്ധം എത്ര കാലം നീണ്ടു നിന്നു?'
വാസര്‍കോഫ് നല്‍കിയ ഉത്തരം കേള്‍ക്കണോ? 'ഏഴ് മീറ്റര്‍!!'
എത്ര നീണ്ട് നിന്നു എന്നല്ലേ ചോദ്യം!! ഏഴ് മീറ്റര്‍!
പക്ഷെ ഹിസ്റ്ററി മാസ്റ്റര്‍ വിട്ടില്ല; ഉത്തരം വെരി വെരി കറക്റ്റ്! ഗ്രേഡ്- എക്‌സലന്റ്!
ആ ഉത്തരം ശരിയാണെന്ന് വ്യാഖ്യാനിച്ചുറപ്പിക്കാന്‍ ഹിസ്റ്ററി മാഷ് തപ്പിത്തടയുന്നതിനിടയില്‍ മാത്‌സ് ടീച്ചറുടെ സഹായം കിട്ടി. ഐന്‍സ്റ്റീന്റെ ആപേക്ഷിക സിദ്ധാന്ത പ്രകാരം അത് ശരിയാണ്‍ ക്വാണ്ടം തിയറി, ആറ്റം, ശൂന്യാകാശം ദ്രവ്യം, പിണ്ഡം.. സര്‍വവുമെത്തി!
അതോടെ ഹിസ്റ്ററിക്കാരന്‍ വീണ്ടും ഉഷാറായി. യുദ്ധം നടക്കുന്നത് പകല്‍ മാത്രമല്ലേ. 30 കൊല്ലത്തിന്റെ പാതി 15 വര്‍ഷം. ഭക്ഷണ സമയത്ത് യുദ്ധമില്ല. വീണ്ടും മൂന്ന് മണിക്കൂര്‍ കൂടി കുറഞ്ഞു. അതോടെ യുദ്ധ കാലയളവ് 12 ആയി വര്‍ഷമായി.
സമാധാന സംഭാഷണം, ഉച്ച മയക്കം, യുദ്ധേതരമായ മറ്റു പ്രവര്‍ത്തനങ്ങള്‍ അങ്ങനെയങ്ങനെ ഏഴ്മീറ്ററിന് തുല്യമായി ഒടുവില്‍ വര്‍ഷം കുറഞ്ഞ് കുറഞ്ഞ് വന്നു!. ഉത്തരം കറക്റ്റായി!!!
ഹിസ്റ്ററിയില്‍ വാസര്‍കോഫിന് വെരിഗുഡ്!. അഭിനന്ദന പ്രവാഹം!
ഫിസിക്‌സ് ആയിരുന്നു അടുത്ത വിഷയം. വാസര്‍കോഫ് അയാളെ നരഭോജി എന്ന് വിളിച്ചിട്ടും, പണ്ട് ക്ലാസ്സില്‍ കുരുക്കിട്ട് കെട്ടി തള്ളിയിട്ടത് താനായിരുന്നുവെന്ന് വെളിപ്പെടുത്തിയിട്ടും ഫിസിക്‌സുകാരന്‍ അങ്ങേയറ്റം വിനയത്തോടെ തന്നെ ചോദ്യം ചോദിച്ചു;
'പള്ളി ഗോപുരത്തിന്റെ മുകളിലെ ക്ലോക്കിന്റെ സൂചി, നാം അകലേക്ക് പോവുമ്പോള്‍ ശരിക്കും ചെറുതാവുകയാണോ അതോ നമുക്ക് അങ്ങിനെ തോന്നുകയാണോ?'
'ഇതെന്ത് മണ്ടന്‍ ചോദ്യം? ക്ലോക്കില്‍ നിന്ന് ഞാന്‍ ദൂരേക്ക് പോവുമ്പോള്‍ അത് ശരിക്കും വലുതാവുകയാണ് ചെയ്യുക! ശരിക്കും നിങ്ങള്‍ ഒരു കഴുതയാണ്. അതാണെന്റെ ഉത്തരം!!'
വാസര്‍കോഫിന്റെ ആ 'മഹത്തായ' ഉത്തരവും അദ്ധ്യാപകര്‍ ശരിയാക്കി!
'ജര്‍മ്മന്‍ പ്രവിശ്യയായ ബ്രണ്‍സ്വിക്കിന്റെ അതേ പേരുള്ള മറ്റൊരു സിറ്റിയുടെ പേരെന്ത'് എന്ന ചോദ്യത്തിന് കൊടുത്ത വിചിത്ര ഉത്തരവും ശരിയും എക്‌സലന്റുമാക്കാന്‍ ഗുരുക്കന്മാര്‍ക്ക് മടിയുണ്ടായില്ല!!
ഹംഗേറിയന്‍ എഴുത്തുകാരനായ ഫ്രിറ്റ്‌സ് കരിന്തി - എൃശ്വേ ഗമൃശിവ്യേ - യുടെ റീഫണ്ട് എന്ന നാടകം അങ്ങിനെ തുടര്‍ന്ന,് കൂടുതല്‍ രസകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നു.
മണ്ടന്‍ ഉത്തരങ്ങള്‍ക്ക് ഉഗ്രന്‍ മാര്‍ക്ക് ലഭിച്ച വാസര്‍കോഫുമാരെ നിങ്ങള്‍ക്ക് പരിചയം തോന്നുന്നുവോ?
ഏത് ചോദ്യങ്ങള്‍ക്കും ഇത്തരത്തില്‍ എന്തെങ്കിലും എഴുതി വെച്ചാല്‍ പാസാവുന്ന അവസ്ഥയടെ ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റുമുണ്ടോ?
ഉണ്ടെങ്കില്‍ അങ്ങനെ വെറുതെ പാസാവുന്നത് കൊണ്ട് വല്ല ഗുണവുമുണ്ടോ?
മരമണ്ടന്‍ ഉത്തരങ്ങളിലൂടെ നേടിയ മികച്ച ഗ്രേഡ് വാസര്‍കോഫിന് പ്രയോജനം ചെയ്‌തോ?
ഇംഗ്ലീഷ് ഭാഷ, രക്തത്തില്‍ വെള്ളം പോലെ അലിഞ്ഞു ചേര്‍ന്നില്ലെങ്കില്‍ കാശ് തിരിച്ചു തരും എന്ന വാഗ്ദാനവുമായി സ്‌പോക്കണ്‍ ഇംഗ്ലീഷിന് വന്‍ ഫീസ് വാങ്ങുന്ന ചിലരൊക്കെ ഇങ്ങിനെയാവുമോ ജയിപ്പിക്കുന്നത്?
അര്‍ഹിക്കുന്നത് തോല്‍വിയാണെങ്കില്‍ അതിന് വഴങ്ങുകയും പിന്നീട് ശരിക്കും പഠിച്ച് ജയിക്കുകയും ചെയ്യുന്നതിന് പകരം, അക്കാദമിക് ജയം തട്ടിക്കൂട്ടി നേടിയെടുക്കുന്നത് കടുത്ത നഷ്ടങ്ങളിലേക്ക് നയിക്കുമെന്ന് അനുഭവങ്ങള്‍ നമ്മെ പഠിപ്പിച്ച് കൊണ്ടേയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."