ബാങ്ക് ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കണം: ബെഫി
തൊടുപുഴ:രാജ്യത്തെ ആധുനിക ഡിജിറ്റല്‍ ബാങ്കിങ് സംവിധാനത്തിലുള്ള വിശ്വാസ്യത നിലനിര്‍ത്താന്‍ ഇടപാടുകളുടെ സുരക്ഷയ്ക്ക് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി) 12-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
സാങ്കേതികവിദ്യയുടെ ഫലമായി ഇടപാടുകളില്‍ വേഗതയും വ്യാപ്തിയും വര്‍ധിപ്പിച്ച് ലാഭത്തിലേക്ക് നീങ്ങാന്‍ ബാങ്കുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി സൈബര്‍ കുറ്റകൃത്യങ്ങളും പ്രകടമാണ്. ഇന്ത്യന്‍ ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് വേണ്ടത്ര സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുന്നില്ല എന്നതാണ് വര്‍ധിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നത്. കുറ്റവാളികള്‍ പലപ്പോഴും രാജ്യത്തിനു വെളിയിലുള്ളവരായതിനാല്‍ രക്ഷപ്പെടുന്നു.
ബാങ്കുകളുടെ പ്രവര്‍ത്തന പാളിച്ചകളും കുറ്റകൃത്യങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. ഡിജിറ്റല്‍ ബാങ്കിങ് ഇടപാടുകള്‍ ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ അഭേദ്യ ഭാഗമാണ്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ സേവ് ചെയ്താല്‍ മാത്രം വ്യാപാരം അനുവദിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ മറ്റൊരു ഭീഷണിയാണ്. വ്യാജ ടെലിഫോണ്‍ വഴി ബാങ്കുകളില്‍ നിന്നാണ് എന്ന് തെറ്റിധരിപ്പിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്ന രീതിയും വ്യാപകമാകുന്നു.
അന്താരാഷ്ട്ര തലത്തില്‍ ഹൈടെക് സ്ഥാപനങ്ങളായ ജെപിമോര്‍ഗന്‍ ചേസ്, സിറ്റി ബാങ്ക് തുടങ്ങിയ വലിയ ബാങ്കുകളില്‍ നടന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് ദശലക്ഷക്കണക്കിന് ഇടപാടുകാരാണ് ഇരയായത്. ഈ പശ്ചാത്തലത്തില്‍ വേണം ഇന്ത്യയിലെ ബാങ്കുകള്‍ക്കുനേരെയുള്ള സൈബര്‍ ആക്രമണങ്ങളുടെ സാധ്യത വിലയിരുത്തേണ്ടത്. ബാങ്കുകളുടെ സോഫ്റ്റ്‌വെയറുകള്‍ തയാറാക്കുന്നത് സ്വകാര്യ കുത്തക കമ്പനികളാണ്. കുറ്റമറ്റ രീതിയില്‍ സോഫ്റ്റ് വെയറുകള്‍ ഉണ്ടാക്കാന്‍ കഴിയുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ തഴയുന്നു.
ഇലക്‌ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, സിഡാക്, ഭാരത് ഇലക്‌ട്രോണിക്‌സ്, കേന്ദ്ര ഇലക്‌ടോണിക്‌സ് എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി കേരളത്തിന്റെ കെല്‍ട്രോണ്‍ വരെയുള്ള സ്ഥാപനങ്ങളെ ആശ്രയിച്ച് പൊതുമേഖലാ ബാങ്കുകള്‍ക്ക് ചെലവു കുറച്ച് സുശക്തമായ സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയും. എന്നാല്‍, കൊള്ളലാഭം ലക്ഷ്യമിട്ട് പ്രധാനപ്പെട്ട ജോലികള്‍ പോലും സ്വകാര്യമേഖലക്ക് പുറംകരാര്‍ നല്‍കുകയാണ്. ഇത് ഇടപാടുകാരുടെ സുരക്ഷിതത്വത്തിന് അപകടകരമാണെന്നും സമ്മേളനം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."