മോദി തുഗ്‌ളക്കിന്റെ പുതിയ അവതാരം: ചെന്നിത്തല
തിരുവനന്തപുരം: വീണ്ടുവിചാരങ്ങളില്ലാത്ത തീരുമാനങ്ങളിലൂടെ ജനങ്ങളെ ദുരിതത്തിലാക്കിയ മുഹമ്മദ് ബീന്‍ തുഗ്‌ളക്കിന്റെ പുതിയ അവതാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആയിരത്തിന്റെയും നൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കുകയെന്ന വലിയ തീരുമാനം അവധാനതയോടെയും മുന്നൊരുക്കങ്ങളോടെയുമാണ് നടപ്പാക്കേണ്ടിയിരുന്നത്. പകരം അതേ തുകയ്ക്കുള്ളതോ കുറഞ്ഞ തുകയ്ക്കുള്ളതോ ആയ നോട്ടുകള്‍ അച്ചടിക്കണമായിരുന്നു. അതൊന്നും ചെയ്യാത്തതിനാല്‍ ജനങ്ങള്‍ നിത്യചെലവിന് പണമില്ലാതെ നരകിക്കുമ്പോള്‍ പ്രധാനമന്ത്രി ജപ്പാനില്‍ ഉല്ലാസയാത്രയിലാണ്. ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഒരു ഭരണാധികാരിക്ക് ഇങ്ങനെ പെരുമാറാന്‍ കഴിയില്ല. രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ഇവിടെ തന്നെ ഇരുന്ന് പരിഹാരം കാണുകയായിരുന്നു പ്രധാനമന്ത്രി ചെയ്യേണ്ടിയിരുന്നത്. അഞ്ചാം ദിവസമായിട്ടും പ്രതിസന്ധിക്ക് അയവുണ്ടാവുന്നില്ല. പണത്തിനായി ജനങ്ങള്‍ പൊരിവെയിലത്ത് ക്യൂ നില്‍ക്കുന്നു. എ.ടി.എമ്മുകളില്‍ ഇപ്പോഴും പണമില്ല. റിസര്‍ ബാങ്ക് ആവശ്യമായത്ര നോട്ട് എത്തിക്കാത്തതിനാല്‍ അടുത്തൊന്നും പ്രതിസന്ധി തീരില്ലെന്നാണ് ബാങ്ക് അധികൃതര്‍ തന്നെ പറയുന്നത്.
ഇടപാടുകള്‍ ഓണ്‍ലൈനായി നടത്താന്‍ പറയുന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഏത് ഗ്രഹത്തിലാണ് ജീവിക്കുന്നത്. നിത്യപട്ടിണിക്കരായ ഇന്ത്യയിലെ കോടിക്കണക്കിന് സാധാരണക്കാര്‍ക്ക് എവിടെയാണ് ഓണ്‍ലൈന്‍ സംവിധാനമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."