ഭ്രാന്തന് തീരുമാനം,കേരളം രണ്ടുദിവസത്തിനകം പട്ടിണിയിലാകും
കൊച്ചി: മുന്‍കരുതലുകളെടുക്കാതെ നോട്ട് പിന്‍വലിച്ചത് ഭ്രാന്തന് തീരുമാനമാണെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന സര്‍ക്കാരുകളോട് കൂടിയാലോചിക്കാതെയുള്ള തീരുമാനം കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കൂലിവേലക്കാര്‍ക്ക് തൊഴിലും പണവും ഇല്ലാത്ത അവസ്ഥയാണിപ്പോള്‍. ഈ പോക്കുപോയാല്‍ കേരളം രണ്ടുദിവസത്തിനകം പട്ടിണിയിലാകും. ആഴ്ചയില്‍ കൂലി നല്കുന്ന പ്ലാന്റേഷന് മേഖലയും കൂലി നല്കാന് കഴിയാതെ പ്രതിസന്ധിയിലാണ്.
നിര്‍മാണ മേഖല തകര്‍ന്നു. സര്‍വമേഖലയെയും പ്രതിസന്ധി രൂക്ഷമായി ബാധിച്ചു. വിഷയത്തിന്റെ ഗൗരവം മനസിലാക്കി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നും ഐസക് ആവശ്യപ്പെട്ടു. കൊച്ചിയില്‍ എസ്.ബി.ഐ ബ്രോഡ് വേ ബ്രാഞ്ചില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനത്തിന് നികുതി അടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. നികുതി വരുമാനം ഗണ്യമായി കുറഞ്ഞിരിക്കുന്നു. ഇത് സംസ്ഥാന സര്‍ക്കാരിനെ പ്രതികൂലമായി ബാധിക്കും. നാലാഴ്ച സമയം അനുവദിച്ച് നോട്ടുകള്‍ പിന്‍വലിച്ചിരുന്നെങ്കില്‍ കള്ളപ്പണം ഓടിപ്പോകുമായിരുന്നോ എന്നും മന്ത്രി ചോദിച്ചു. പരിമിതികള്‍ക്കുള്ളില്‍ നിന്ന് ബാങ്കുകള്‍ ചെയ്യുന്നത് മികച്ച സേവനമാണെന്നും മന്ത്രി പറഞ്ഞു. എസ്.ബി.ഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി.ഗോപു, മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയാണ് മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."