തിരക്കൊഴിയാതെ ബാങ്കുകള്‍
മീനങ്ങാടി: അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഞായറാഴ്ചയും ബാങ്കുകള്‍ക്ക് പ്രവര്‍ത്തിദിനമാക്കിയതോടെ അവധി ദിനത്തിലും അസാധുവായ നോട്ട്മാറ്റാന്‍ ആയിരങ്ങള്‍ ബാങ്കിലെത്തി. നോട്ടുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് ശേഷമുള്ള അവധി ദിനം കഴിഞ്ഞ് പ്രവര്‍ത്തനമാരംഭിച്ച ബാങ്ക് ജീവനക്കാര്‍ക്ക് വിശ്രമമില്ലാത്ത ജോലിയാണ്. തിരിച്ചറിയല്‍ രേഖകളും പഴയ നോട്ടുകളുമായി എത്തുന്നവര്‍ നല്‍കുന്ന ഫോമുകളും രേഖയും പരിശോധിച്ച് പണം നല്‍കുമ്പോള്‍ ഫോമുകള്‍ പൂര്‍ണമല്ലാത്തതും തിരിച്ചറിയല്‍ രേഖ ഇല്ലാത്തവരും പഴയ നോട്ടുകള്‍ നല്‍കുമ്പോള്‍ കള്ളനോട്ടുകള്‍ അകപ്പെടുന്നതും ജീവനക്കാര്‍ക്ക് തലവേദനയാകുകയാണ്.
ഇതിനുപുറമെയാണ് ഒരേ വ്യക്തി ഒന്നിലധികം തവണ കൗണ്ടറുകളിലെത്തുന്നത്. ഇങ്ങനെ കൈപ്പറ്റിയവര്‍ക്കെതിരെ നിയമ നടപടിയുണ്ടാവുമെന്നും നിങ്ങള്‍ സി.സി ടി.വി നിരീക്ഷണത്തിലാണെന്നുമുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ച ബാങ്കുകളുമുണ്ട്. രണ്ടായിരം രൂപക്ക് പുറത്ത് ചില്ലറയായി പഴയ നോട്ടുകള്‍ മാത്രമെ ലഭിക്കുന്നുള്ളൂ എന്നതിനാല്‍ രണ്ടായിരം രൂപക്കു പകരമായി ചില്ലറ തന്നാല്‍ മതിയെന്ന് ആവശ്യപ്പെടുന്നവരും ഏറെയാണ്. ഇത് മനസ്സിലാക്കിയ ചില ബാങ്കുകളില്‍ പഴയ നോട്ടുകള്‍ക്ക് പകരമായി 2000 രൂപയുടെ നോട്ടുകളും 10 രൂപയുടെ കോയിനും മാത്രമേ ലഭിക്കുകയുള്ളൂ എന്ന് എഴുതി വച്ചിട്ടുമുണ്ട്. ഉപഭോക്താക്കള്‍ക്ക് ചില്ലറ നല്‍കാനില്ലാത്തത് കൊണ്ട് വ്യാപാര സ്ഥാപനങ്ങളധികവും അടച്ചിട്ടിരിക്കുകയാണ്. വിവിധ പരിശോധനകള്‍ക്കായി രോഗികളെത്തുന്ന ലാബുകളിലും പുതിയ നോട്ടുകള്‍ മാത്രമേ സ്വീകരിക്കുന്നുള്ളൂ. ഇത് കാരണം റിസള്‍ട്ട് ലഭിക്കുന്നതിനായി പുതിയ നോട്ടിനായി ബാങ്കുകള്‍ക്ക് മുന്നില്‍ മണിക്കൂറുകളോളം വരി നില്‍ക്കേണ്ട അവസ്ഥയിലാണ് രോഗികളും ബന്ധുക്കളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."