ജില്ലാ സീനിയര്‍ ബാസ്കറ്റ്ബോള്‍ കിരീടം മുട്ടം ഷന്താള്‍ ജ്യോതിക്ക്
തൊടുപുഴ: ഇടുക്കി ജില്ലാ ബാസ്കറ്റ്ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കുട്ടിക്കാനം മരിയന്‍ കോളജില്‍ നടന്ന ജില്ലാ സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മുട്ടം ഷന്താള്‍ ജ്യോതി പുരുഷ വിഭാഗം കിരീടം സ്വന്തമാക്കി.
ആതിഥേയരായ കുട്ടിക്കാനം മരിയന്‍ കോളജിനെ 65 - 59 എന്ന സ്കോറിനാണു കലാശപ്പോരാട്ടത്തില്‍ ഷന്താള്‍ ജ്യോതി മറികടന്നത്.
ടൂര്‍ണ്ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ഷന്താളിന്റെ അശ്വിന് ബിനു ടോപ് സ്കോററുമായി.
പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ക്ക് ശേഷം നടന്ന സെമിഫൈനല്‍ മല്‍സരങ്ങളില്‍ മുട്ടം ഷന്താള്‍, തൊടുപുഴ ഡീപോള്‍ സ്പോര്‍ട്സ് ഫൗണ്ടേഷനേയും കുട്ടിക്കാനം മരിയന്‍ കോളജ്, സണ്‍സ് ക്ലബിനേയും പരാജയപ്പെടുത്തിയാണു കലാശക്കളിക്ക് യോഗ്യത നേടിയത്. സമാപന സമ്മേളനത്തില്‍ കുട്ടിക്കാനം മരിയന്‍ കോളജ് പ്രിന്‍സിപ്പല്‍ ഫാ. റോയ് പി. എബ്രാഹം വിജയികള്‍ക്കുള്ള മണര്‍കാട്ട് എം എം ജോസഫ് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി സമ്മാനിച്ചു.
ജില്ലാ ബാസ്കറ്റ്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ജെന്‍സ് വി വര്‍ഗീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷന് അസോസിയേറ്റ് സെക്രട്ടറി സി എന്‍ ബാലകൃഷ്ണന്, കോട്ടയം ജില്ലാ പവര്‍ലിഫ്റ്റിങ്ങ് അസോസിയേഷന് പ്രസിഡന്റും മണര്‍കാട്ട് ഹോട്ടല്‍സ് മാനേജിങ്ങ് ഡയറക്ടറുമായ ജോസഫ് മാത്യു മണര്‍കാട്ട്, ജില്ലാ ബാസ്കറ്റ്ബോള്‍ അസോസിയേഷന് വൈസ് പ്രസിഡന്റുമാരായ പി പി സൂര്യകുമാര്‍, പ്രൊഫ. ബോബി കെ മാണി, ജില്ലാ സെക്രട്ടറിയും മുട്ടം ഷന്താളിന്റെ പ്രിശീലകനുമായ ഡോ. പ്രിന്‍സ് കെ മറ്റം, ഇ വി തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."