ശബരിമല തീര്‍ഥാടകര്‍ക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിച്ചതു മൂലം നാളെ തുടങ്ങുന്ന ശബരിമല തീര്‍ഥാടനത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പ്.
ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി തോമസ് ഐസക് എന്നിവര്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ് ലിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ഉറപ്പുലഭിച്ചത്. ശബരിമല റൂട്ടിലെ ബാങ്കുകളില്‍ പണം മാറാന്‍ തീര്‍ഥാടകര്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ തുടങ്ങുമെന്ന് ജയ്റ്റ്‌ലി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപടി കള്ളപ്പണം തടയാനുള്ളതാണെങ്കിലും പൊതുജനത്തിന് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ നിലവിലെ നടപടികള്‍ പര്യാപ്തമല്ല.
പണം മാറ്റിയെടുക്കാന്‍ സഹകരണ ബാങ്കുകളെ കൂടി അനുവദിക്കണമെന്ന ആവശ്യത്തില്‍ തീരുമാനമായില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യം പരിശോധിക്കാമെന്ന് പറഞ്ഞ ധനമന്ത്രി പഴയ നോട്ടുകള്‍ മാറ്റാനുള്ള സമയ പരിധി നീട്ടിയതായും മുഖ്യമന്ത്രിയെ അറിയിച്ചു. അതേസമയം, ജനങ്ങളെ ദ്രോഹിക്കുന്ന നടപടി ഒരുകാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ജെയ്റ്റ്‌ലിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
വിദേശ യാത്രകഴിഞ്ഞ് തിരിച്ചെത്തിയ പ്രധാനമന്ത്രി, നടപടിയെ ന്യായീകരിച്ച് വികാരാധീനനായി സംസാരിച്ചിരുന്നു. എങ്ങനെ വൈകാരികമായി വിശദീകരിച്ചാലും ജനങ്ങളെ ദ്രോഹിക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."