നാലു മാസത്തിനു ശേഷം കശ്മീരിലെ സ്കൂളുകള്‍ തുറന്നു
ശ്രീനഗര്‍: ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയ്ക്കു ശേഷം അടച്ചിട്ടിരുന്ന കശ്മിരിലെ സ്കൂളുകളില്‍ ഇന്നലെ മുതല്‍ പരീക്ഷ ആരംഭിച്ചു. ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ എഴുതുന്ന പരീക്ഷയ്ക്കായി കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഇന്നലെ മുതലാണു പന്ത്രണ്ടാംക്ലാസ് പരീക്ഷ ആരംഭിച്ചത്. ഇന്നു പത്താംക്ലാസ് പരീക്ഷയും ആരംഭിക്കും.
പരീക്ഷയില്‍ 98 ശതമാനം വിദ്യാര്‍ഥികളും പങ്കെടുക്കുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. വിദ്യാര്‍ഥി സംഘനടകളടക്കമുള്ളവരില്നിന്നുള്ള ശക്തമായ എതിര്‍പ്പുകള്‍ അവഗണിച്ചാണു കശ്മിരിലെ ബി.ജെ.പി-പി.ഡി.പി സര്‍ക്കാര്‍ സ്കൂളുകളില്‍ പരീക്ഷ പ്രഖ്യാപിച്ചത്. സ്കൂളുകള്‍ക്കു തീയിടല്‍ അടക്കമുള്ള അക്രമപരിപാടികള്‍ അരങ്ങേറിയതോടെയായിരുന്നു സ്കൂളുകള്‍ അടച്ചിട്ടത്. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പരീക്ഷയ്ക്കു കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പത്താംക്ലാസ് പരീക്ഷയെഴുതുന്ന 55,000 വിദ്യാര്‍ഥികള്‍ക്കായി 550 കേന്ദ്രങ്ങളും പന്ത്രണ്ടാംക്ലാസ് പരീക്ഷയെഴുതുന്ന 48,000 വിദ്യാര്‍ഥികള്‍ക്കു 484 കേന്ദ്രങ്ങളുമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."