അസാധുവാക്കിയ നോട്ടുകളില്‍ വ്യാപക കള്ളനോട്ടുകള്‍
തലശ്ശേരി: 500, 1000 രൂപ നോട്ടുകള്‍ മാറുന്നതിനിടെ വ്യാപകമായി കള്ളനോട്ടുകളും പുറത്തിറങ്ങി. തലശ്ശേരി, കതിരൂര്‍, കൂത്തുപറമ്പ് പ്രദേശങ്ങളില്‍ തിങ്കളാഴ്ച ബാങ്കുകളില്‍ നോട്ട് മാറാനായി എത്തിയവരില്‍ നിന്നാണ് നോട്ട് എണ്ണുന്ന യന്ത്രത്തിലൂടെ കള്ളനോട്ടുകള്‍ കണ്ടെടുത്തത്. ബാങ്ക് ജീവനക്കാര്‍ക്ക് നോട്ട് തിരിച്ചറിയാനാവാത്ത അവസ്ഥയിലായിരുന്നു. ബാങ്ക് ജീവനക്കാര്‍ പിടിച്ചെടുത്ത കള്ളനോട്ടുകള്‍ കൊടുത്തവരുടെ മുന്നില്‍ നിന്നുതന്നെ നശിപ്പിച്ചു കളയുകയാണ് ചെയ്യുന്നത്. അറിഞ്ഞുകൊണ്ട് ആരെങ്കിലും കള്ളനോട്ടുമായി വരിനില്ക്കുന്നുണ്ടെങ്കില് അവരെ നിയമനടപടിക്ക് വിധേയമാക്കുമെന്നു ബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞയുടന്‍ രണ്ടുപേര്‍ വരിയില്‍ നിന്നു മാറിപ്പോയ സംഭവവുമുണ്ടായി.
കതിരൂരിലെ ഒരു ബാങ്കിലെ പരിശോധനാ യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മറ്റൊന്ന് എത്തുന്നതുവരെ നോട്ടുകള്‍ മാറ്റി നല്‍കിയില്ല. പല ബാങ്കുകളിലും ഉച്ചയോടെ പണം തീര്‍ന്നു. ഇന്നലെ പുതിയ 500 രൂപാ നോട്ട് ബാങ്കുകളില്‍ എത്തിക്കുമെന്ന് പറഞ്ഞെങ്കിലും എവിടെയും എത്തിയിരുന്നില്ല. പണം ഇല്ലാത്തതിനാല്‍ തലശ്ശേരി, കതിരൂര്‍ പ്രദേശങ്ങളിലെ ഭൂരിഭാഗം എ.ടി.എമ്മുകളും ഇന്നലെയും അടഞ്ഞുകിടന്നു.
ആറാംദിനത്തില്‍ വീണ്ടും ഉദിച്ചു '2000'
കണ്ണൂര്‍: കറന്‍സി പിന്‍വലിച്ചു ആറാംദിനമായ ഇന്നലെ ബാങ്കുകളിലും പോസ്റ്റ് ഓഫിസുകളിലും വീണ്ടുമെത്തിയത് രണ്ടായിരത്തിന്റെ കറന്‍സി. സൂപ്പര്‍മൂണെന്ന അത്ഭുത പ്രതിഭാസംപോലെ തിളങ്ങുകയാണ് രണ്ടായിരം. എന്നാലിതും പഴയ നോട്ടുകളും ഒരുപോലെയാണെന്നാണ് ലഭിച്ചവര്‍ പറയുന്നത്. പുത്തന്‍ നോട്ടുകൊടുത്താല്‍ ആരും ചില്ലറ തരില്ല. ഒന്നും വാങ്ങാന്‍ കഴിയാതെ പഴ്സില്‍ ഒളിപ്പിച്ചുവയ്ക്കാം. പഴയതിന്റെ സ്ഥിതിയും അതുതന്നെ. ജനങ്ങള്‍ക്കാവശ്യമായ കൂടുതല്‍ ചെറുനോട്ടുകള്‍ ബാങ്കുകളിലെത്തിക്കുമെന്ന് ആര്.ബി.ഐ അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ഇന്നലെയും ജില്ലയിലെത്തിയത് രണ്ടായിരത്തിന്റെ കെട്ടുകളായിരുന്നു. ഇതാകാട്ടെ ചെറുകിട മാര്‍ക്കറ്റുകളില്‍ ചിലവാക്കാന്‍ കഴിയില്ല. എ.ടി.എമ്മുകളില്‍ എണ്‍പതുശതമാനവും അടഞ്ഞു തന്നെ കിടന്നു. പോസ്റ്റ് ഓഫിസുകളില്‍ നിന്നും കൂടുതലായി ലഭിച്ചത് രണ്ടായിരം തന്നെയാണ്. ആശുപത്രി, പെട്രോള്‍പമ്പ്, എയര്‍പോര്‍ട്ട്, റെയില്‍വേ, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ പഴയനോട്ടുകള്‍ സ്വീകരിക്കുന്നത് പത്തുദിവസത്തേക്കു നീട്ടിയത് ജനങ്ങളില്‍ താത്കാലിക ആശ്വാസം പകര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."