വലിയവിള ഇരപ്പില്‍ നിവാസികളുടെ സ്വപ്നം യാഥാര്‍ഥ്യമാകുന്നു ചിറ്റാറിന് കുറുകേ പാലം പണിയാന്‍ തീരുമാനം
കിളിമാനൂര്‍ : ടൗണില്‍ നിന്നും വളരെ അകലെ അല്ലാതെ താമസിച്ചിട്ടും ചിറ്റാര്‍ നദി കുറുകെ ഉള്ളതിനാല്‍ ടൗണിലെത്താന്‍ യാത്രാക്ലേശം അനുഭവിക്കുന്ന കിളിമാനൂരിലെ വലിയവിള ഇരപ്പില്‍ നിവാസികളുടെ ചിരകാല സ്വപ്നം യാഥാര്‍ഥ്യമാകുന്നു. നദിക്കു കുറുകേ നടപ്പാലം നിര്‍മിക്കാന്‍ ഗ്രാമ പഞ്ചായത്ത് തത്വത്തില്‍ തീരുമാനിച്ചു.
പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്തിലെ മഹാദേവേശ്വരം വാര്‍ഡില്‍ കിളിമാനൂര്‍ ടൗണില്‍ നിന്നും വളരെ അകലെ അല്ലാതെ താമസിക്കുന്നവരാണ് വലിയവിള ഇരപ്പില്‍ നിവാസികള്‍ .പഞ്ചായത്ത് ഓഫിസ് അടക്കം നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുള്ള വാര്‍ഡാണിത്. നദിക്കു കുറുകെ ഒരു നടപ്പാലമെങ്കിലും പണിയണമെന്ന ഇവരുടെ ആഗ്രഹത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട് .
ഓരോ അഞ്ചു കൊല്ലം കൂടുമ്പോഴും മാറി മാറി വരുന്ന ജനപ്രതിനിധികളോട് പരാതിയും പരിഭവവും ആയി നാട്ടുകാര്‍ എത്തുന്നതും പതിവാണ് .മഴക്കാലത്താണ് നാട്ടുകാര്‍ ഏറെ ദുരിതം അനുഭവിക്കുന്നത് .കിലോമീറ്ററുകള്‍ നടന്നാലെ ടൗണില്‍ എത്താനാകൂ . പാലത്തിന്റെ അഭാവം മൂലം പെണ്‍ കുട്ടികളുടെ വിവാഹം പോലും മുടങ്ങിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് .
ലോകബാങ്കിന്റെ ഫണ്ട് ലഭിച്ചതാണ് നാട്ടുകാരുടെ പരാതിക്കു പരിഹാരം കാണാന്‍ പഞ്ചായത്തിന് പ്രേരണയായത് .വാര്‍ഡ് മെമ്പര്‍ വി .ജി പോറ്റിയും പഞ്ചായത്ത് പ്രസിഡന്റ് സിന്ധുവും മറ്റ് മെമ്പര്‍ മാരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും നാട്ടുകാരുടെ ആവശ്യം പറഞ്ഞു ബോധ്യപെടുത്തുകയും കഴിഞ്ഞ ദിവസം കൂടിയ പഞ്ചായത്ത് കമ്മിറ്റിയുടെ ഏക കണ്‌ഠേനയുള്ള അംഗീകാരം നേടുകയുമായിരുന്നു . 18 .75 ലക്ഷം രൂപയാണ് പാലം നിര്‍മിക്കുന്നതിന് വകയിരുത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ നാട്ടുകാരെ വിളിച്ചു കൂട്ടി കാര്യങ്ങള്‍ വിശദീകരിക്കുകയും ഈ വരുന്ന മാര്‍ച്ചിനു മുമ്പ് പാലം പണി തീര്‍ക്കണമെന്ന് തത്വത്തില്‍ തീരുമാനമെടുക്കുകയും ചെയ്തു .യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ,വൈസ് പ്രസിഡന്റ് കെ .രാജേന്ദ്രന്‍ ,ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സുജിത്ത് ,വാര്‍ഡ് മെമ്പര്‍ വി. ജി. പോറ്റി ,ഇ.ഷാജഹാന്‍ , രാജേന്ദ്രന്‍ തുടങ്ങിയര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."