തൊടുപുഴ നഗരത്തില്‍ രണ്ടിടങ്ങളില്‍ വീണ്ടും മോഷണം
തൊടുപുഴ: നഗരത്തില്‍ വീണ്ടും മോഷണം. ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹെഡ് മാസ്റ്ററിന്റേയും പ്രിന്‍സിപ്പലിന്റേയും മുറികളില്‍ മോഷണ ശ്രമം നടന്നപ്പോള്‍ കാര്‍ഷിക ലൈബ്രറിയില്‍ നിന്ന് പണവും നഷ്ടപ്പെട്ടിട്ടുണ്ട്. സ്കൂളില്‍ പത്താം തരം തുല്യതാ കോഴ്സിന്റെ ചോദ്യപേപ്പറുകള്‍ സൂക്ഷിച്ചിരുന്നത് നഷ്ടപ്പെട്ടില്ല. ഞായറാഴ്ചയാണ് സംഭവം നടന്നതെന്നാണ് നിഗമനം.
സ്കൂളിലെ ഹെഡ്മാസ്റ്ററിന്റെ മുറിയുടെ വാതില്‍ സിമന്റ് കട്ട ഉപയോഗിച്ച് തകര്‍ത്താണ് അകത്തു മോഷ്ടാവ് കടന്നത്. വാതിലിന്റെ താഴെ നിന്നും കുറച്ചു ഭാഗം അടിച്ചു പൊളിച്ചിട്ടുണ്ട്. ഇതിലൂടെ നുഴഞ്ഞ് കയറിയ മോഷ്ടാവ് മുറി അലങ്കോലമാക്കിയെങ്കിലും യാതൊന്നും നഷ്ടപ്പെട്ടില്ല. തുടര്‍ന്ന് ഇതേ കെട്ടിടത്തിലെ മുകള്‍ നിലയിലുള്ള പ്രിന്‍സിപ്പലിന്റെ മുറിയും മോഷ്ടാക്കള്‍ ചവിട്ടിത്തുറന്നു.
കാബിനിലേക്ക് ചാടിക്കടക്കുകയാണ് ചെയ്തത്. ഇവിടെ നിന്നും ഒന്നും എടുത്തിട്ടില്ല. അലമാര തുറക്കാനുള്ള ശ്രമവും നടത്തി. രണ്ട് ഓഫിസുകളിലും കംപ്യൂട്ടറുകള്‍ അടക്കം വിലപിടിപ്പുള്ള വസ്തുക്കള്‍ ഉണ്ടായിരുന്നു. താഴത്തേ നിലയില്‍ നിന്ന് പ്രിന്‍സിപ്പലിന്റെ കാബിനിലേക്കുള്ള ചവിട്ടുപടിയില്‍ മോഷ്ടാവ് മലമൂത്ര വിസര്‍ജനം നടത്തിയിട്ടുണ്ട്. താഴത്തെ ഹയര്‍ സെക്കന്‍ഡറി ക്ലാസില്‍ കിടന്നതായും കാണുന്നുണ്ട്. ഇവിടെ നിന്നും ഒരു തുണിയും രണ്ട് ബസ് ടിക്കറ്റുകളും കണ്ടെത്തി. ബസ് ടിക്കറ്റ് പ്രകാരം ഈരാറ്റുപേട്ടയില്‍ നിന്ന് പാലായിലേക്കും അവിടെ നിന്നും തൊടുപുഴയിലേക്കും എത്തിയതായി കാണുന്നു. ഞായറാഴ്ച രാത്രി ഒന്‍പതിനാണ് എത്തിയിരിക്കുന്നത്.
ലൈബ്രറിയിലെ പൂട്ട് കമ്പിയിട്ടാണ് തുറന്നതെന്ന് സംശയിക്കുന്നു. അകത്ത് കയറിയ കള്ളന് പ്രധാന വാതില്‍ തകര്‍ക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. പത്രങ്ങളും മാസികകളും സൂഷിച്ചിരുന്ന മുറി അലങ്കോലമാക്കിയിരുന്നു.
മേശയിലിരുന്ന പൈസയാണ് നഷ്ടമായത്. ഡോഗ് സ്ക്വാഡ് സംഭവം സ്ഥലം പരിശോധിച്ചു. പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."