ഇടുക്കി ജില്ലാ കോടതി സമുച്ചയത്തിലെ ശുചിമുറിയില്‍ ഒളികാമറ
തൊടുപുഴ: മുട്ടത്തെ ജില്ലാ കോടതി സമുച്ചയത്തിലെ ശുചിമുറിയില്‍ ഒളികാമറ കണ്ടെത്തി. ജില്ലാ സെഷന്‍സ് കോടതിയ്ക്ക് സമീപത്തെ ഓഫിസിനോട് ചേര്‍ന്ന ശുചിമുറിയിലെ ഫ്ളഷ് ടാങ്കിന് മുകളിലാണ് വിദഗ്ധമായി ഒളികാമറ സ്ഥാപിച്ചിരുന്നത്.
ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട എല്ലാ കോടതികളും പ്രവര്‍ത്തിക്കുന്ന സമുച്ചയമാണിത്. ഇന്നലെ രാവിലെ 11.30 ഓടെ ശുചിമുറിയില്‍ എത്തിയ കോടതി ജീവനക്കാരിയ്ക്ക് സംശയം തോന്നി സഹജീവനക്കാരിയെ വിവരം ധരിപ്പിക്കുകയായിരുന്നു. ഫ്ളഷ് ടാങ്കിന് മുകളില്‍ സെല്ലോടേപ്പ് ഉപയോഗിച്ച് പെന്‍ കാമറ ഉറപ്പിച്ച ശേഷം തുണി ഉപയോഗിച്ച് മൂടിയിരുന്നു. ഇഴജന്തുക്കളെന്തെങ്കിലും കാണുമോയെന്ന സംശയത്തിലാണ് ജീവനക്കാരി പരിസരമാകെ വീക്ഷിച്ചത്. അപ്പോഴാണ് ഫ്ളഷ്ടാങ്കിന് മുകളില്‍ കാമറ കണ്ടത്.
ശിരസ്തദാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് മുട്ടം എസ്. ഐ ഷൈനിന്റെ നേതൃത്വത്തില്‍ കാമറ കസ്റ്റഡിയിലെടുത്തു. വിരലടയാളവിദഗ്ധരും സൈബര്‍ പൊലിസും സ്ഥലത്ത് പരിശോധന നടത്തി. കാമറ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് കൈമാറുമെന്ന് മുട്ടം എസ്.ഐ എസ.് ഷൈന്‍ അറിയിച്ചു. ഐ. ടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ജീവനക്കാര്‍ക്ക് പുറമെ അഭിഭാഷകരും കോടതിസമുച്ചയത്തിലെത്തുന്ന പൊതുജനങ്ങളും ഈ ശുചിമുറി ഉപയോഗിക്കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."