പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്നു തുടക്കം
ന്യൂഡല്‍ഹി: ഒരുമാസം നീണ്ടുനില്‍ക്കുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്നു തുടക്കം. ബി.ജെ.പി അധികാരത്തിലേറിയ ശേഷം സര്‍ക്കാര്‍ ഏറ്റവുമധികം പ്രതിരോധത്തിലായ സമയത്തു നടക്കുന്ന സമ്മേളനം നോട്ട് നിരോധനം, ഏകസിവില്‍കോഡ്, ജെ.എന്‍.യു വിദ്യാര്‍ഥി നജീബിന്റെ തിരോധാനം, കശ്മീര്‍ പ്രക്ഷോഭം, കര്‍ഷക ആത്മഹത്യകള്‍, ദലിത് പീഡനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കുന്നതോടെ ബഹളത്തില്‍ മുങ്ങുമെന്ന് ഉറപ്പാണ്.
സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ പ്രസിഡന്റ് സോണിയാഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചര്‍ച്ചചെയ്തു. നോട്ട് നിരോധനം മൂലം സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നം ഉയര്‍ത്തി പരമാവധി കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടാലാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. കഴിഞ്ഞയാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ ഇതുസംബന്ധിച്ച വിവരം ബി.ജെ.പിക്കും അദ്ദേഹവുമായി അടുപ്പമുള്ളവര്‍ക്കും ചോര്‍ന്നു കിട്ടിയിട്ടുണ്ടെന്നാണ് പ്രധാന ആരോപണം. ഇക്കാര്യം പാര്‍ലമെന്റിന്റെ ഇരുസഭയിലും അവര്‍ ശക്തമായി ഉന്നയിക്കും.
യോഗ ശേഷം വൈകിട്ടോടെ കോണ്‍ഗ്രസ് നേതാക്കള്‍ വിവിധ പ്രതിപക്ഷനേതാക്കളുമായും കൂടിക്കാഴ്ച നടത്തി. കഴിഞ്ഞദിവസം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ അനൗദ്യോഗികമായി യോഗം ചേര്‍ന്നിരുന്നു. നോട്ട് പിന്‍വലിച്ചത് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യസഭാ കക്ഷി നേതാവ് ആനന്ദ് ശര്‍മയും കശ്മീരില്‍ നൂറോളം പേരുടെ മരണത്തിനിടയാക്കിയ പ്രക്ഷോഭവും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യസഭാകക്ഷി ഉപനേതാവ് ഗുലാംനബി ആസാദും നോട്ടിസ് നല്‍കിയിട്ടുണ്ട്.
വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്റിനുപുറത്ത് 30 പ്രതിഷേധപരിപാടികളെങ്കിലും നടന്നേക്കുമെന്ന് ഡല്‍ഹി പൊലിസ് ലോക്‌സഭാ, രാജ്യസഭാ സെക്രട്ടറിയേറ്റിന് കത്ത് നല്‍കി. ഏകസിവില്‍കോഡ് വിഷയത്തില്‍ വെള്ളിയാഴ്ച വിവിധ മുസ്‌ലിം സംഘടനകള്‍ പാര്‍ലമെന്റ് മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
പി.വി അബ്ദുല്‍ വഹാബ് എം.പി, ഏകസിവില്‍കോഡ് വിഷയം ഉന്നയിച്ചു. പാകിസ്താനെതിരേ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ (മിന്നലാക്രമണം) പാര്‍ട്ടി പിന്തുണക്കുന്നു. പക്ഷേ ശരീഅത്തിനെതിരേ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തരുതെന്ന് അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."