കേരളത്തില്‍ ബി.ജെ.പി ക്ക് നിയമസഭാംഗം
കോഴിക്കോട്: കേരള ചരിത്രത്തില്‍ ആദ്യമായി ബി.ജെ.പിക്ക് നിയമസഭയില്‍ പ്രതിനിധിയായി. തിരുവനന്തപുരത്തെ നേമം മണ്ഡലത്തില്‍ നിന്നും മത്സരിച്ച ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ഒ.രാജഗോപാലാണ് കേരളത്തിലെ ബി.ജെ.പി മുന്നേറ്റത്തിന് നാന്ദി കുറിച്ചത്. നിരവധി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട രാജഗോപാല്‍ ഇതു തന്റെ അവസാനത്തെ തെരഞ്ഞെടുപ്പാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തുടക്കത്തില്‍ നേടിയ ലീഡ് നിലനിര്‍ത്താനായി എന്നുള്ളതാണ് പ്രധാനമായും എടുത്തുപറയേണ്ടത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ സിറ്റിങ് എം.എല്‍.എ വി. ശിവന്‍കുട്ടിയെയാണ് 8600ല്‍പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്.
എന്നാല്‍ മൂന്ന് മണ്ഡലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ബി.ജെ.പിക്ക് അത് നേടാനായില്ലെങ്കിലും മഞ്ചേശ്വരത്ത് വിജയം 89 വോട്ടുകള്‍ക്കാണ് കൈവിട്ടത്. ഇവിടെ കെ.സുരേന്ദ്രന്റെ അപരന്‍ നാന്നൂറില്‍പരം വോട്ടുകള്‍ നേടിയതാണ് സുരേന്ദ്രന് വിനയായത്. എന്നാല്‍ മണ്ഡലത്തിലെ ഈ മുന്നേറ്റം കേരളത്തില്‍ ബി.ജെ.പിക്ക് ശുഭപ്രതീക്ഷയാണ് നല്‍കുന്നത്. അതേസമയം നേമത്ത് യു.ഡി.എഫിന് നേടാനായത് 13000 ത്തില്‍ താഴെ വോട്ടുകളാണ്. ഇവിടെ ശക്തമായ അടിയൊഴുക്കുകള്‍ നടന്നുവെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍. കേരളത്തില്‍ ബി.ജെ.പിയുടെ മുന്നേറ്റം എത്രത്തോളമുണ്ടെന്ന് ബി.ജെ.പി ദേശീയ നേതാക്കള്‍ ഉറ്റുനോക്കിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. ഈ തെരഞ്ഞെടുപ്പിലും ബി.ജെ.പി അക്കൗണ്ട് തുറന്നില്ലെങ്കില്‍ നേതൃത്വത്തിന്റെ ശക്തമായ നടപടികള്‍ക്ക് വിധേയരാകേണ്ടിവരുമെന്ന് നേരത്തെ ബി.ജെ.പി ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നും സൂചനയുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ബി.ജെ.പി സംസ്ഥാനത്ത് നടത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."