നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍; വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ്
നീലേശ്വരം: നീലേശ്വരം റെയില്‍വേ സ്റ്റേഷനിലെ വരുമാനം സര്‍വകാല റെക്കോര്‍ഡില്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം യാത്രായിനത്തില്‍ 5.16 കോടി രൂപയാണു ഇവിടെ നിന്നും റെയില്‍വേക്കു ലഭിച്ചത്. നീലേശ്വരം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷനു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണു ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
വരുമാനത്തില്‍ ജില്ലയില്‍ മൂന്നാം സ്ഥാനമാണു നീലേശ്വരത്തിന്. കാസര്‍കോട് (18.1), കാഞ്ഞങ്ങാട് (14.28) എന്നീ സ്റ്റേഷനുകളാണു ആദ്യ രണ്ടു സ്ഥാനങ്ങളില്‍. വരുമാനമനുസരിച്ചു നീലേശ്വരം സ്റ്റേഷന്‍ ബി ഗ്രേഡിലെത്തിയെങ്കിലും വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഗ്രേഡു തിരിവ് അഞ്ചു വര്‍ഷത്തിലൊരിക്കലായതു കൊണ്ടുതന്നെ 2017ല്‍ മാത്രമേ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ. നാലു കോടിക്കും 12 കോടിക്കും ഇടയില്‍ വാര്‍ഷിക വരുമാനം ലഭിക്കുന്ന സ്റ്റേഷനുകളെയാണു ബി ഗ്രേഡില്‍ ഉള്‍പ്പെടുത്തുന്നത്.
വരുമാനത്തിന്റെ കാര്യത്തില്‍ മുന്നോട്ടു പോകുമ്പോഴും ഇവിടെ വികസനം ഇഴഞ്ഞു നീങ്ങുകയാണ്. നീലേശ്വരം നഗരസഭയ്ക്കു പുറമേ മടിക്കൈ, കിനാനൂര്‍ കരിന്തളം, ബളാല്‍, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകാരുടേയും ഏക ആശ്രയമാണു ഈ സ്റ്റേഷന്‍. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ കോട്ടപ്പുറം, അഴിത്തല, കോട്ടഞ്ചേരി മല എന്നിവിടങ്ങളിലേക്കെത്താനുള്ള അടുത്ത സ്റ്റേഷനും നീലേശ്വരമാണ്.
ചെന്നൈ മെയില്‍, നേത്രാവതി എക്‌സ്പ്രസ്, ഇന്റര്‍സിറ്റി, ചെന്നൈ സൂപ്പര്‍ഫാസ്റ്റ് തുടങ്ങിയ പ്രധാന വണ്ടികള്‍ക്കൊന്നും ഇവിടെ സ്റ്റോപ്പില്ല. പലതവണ പാലക്കാട് ഡിവിഷന്‍ സ്റ്റോപ്പിനായി ശുപാര്‍ശ ചെയ്തിട്ടും നീലേശ്വരത്തെ യാത്രക്കാര്‍ക്ക് ഇന്നും സ്വപ്നം മാത്രമായി അവശേഷിക്കുന്നു. എക്‌സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ് വണ്ടികള്‍ക്ക് സ്റ്റോപ്പനുവദിക്കാനുള്ള അധികാരം റെയില്‍വേ ബോര്‍ഡിനാണെങ്കിലും രാഷ്ട്രീയസമ്മര്‍ദമില്ലാതെ ഒന്നും നടക്കില്ല.
ഇവിടുത്തെ ടിക്കറ്റ് കൗണ്ടര്‍ ഇപ്പോഴും കിളിവാതിലിന്റെ വലുപ്പമുള്ളതാണ്. റിസര്‍വേഷന്‍ ടിക്കറ്റും സാധാരണ ടിക്കറ്റും ഈ കൗണ്ടറിലൂടെ തന്നെയാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ റിസര്‍വേഷന്‍ സമയം ദീര്‍ഘിപ്പിക്കണമെന്ന് ഏറെക്കാലമായി ആവശ്യപ്പെടുന്നു. എന്നാല്‍ ഇതുവരെയായും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. രണ്ടുതരം ടിക്കറ്റുകള്‍ ഒരേ കൗണ്ടറില്‍ നിന്ന് കൊടുക്കുന്നതു കൊണ്ടുതന്നെ ഗ്രൂപ് ബുക്കിങ് സംവിധാനവും നിലവിലില്ല.
മേല്‍നടപ്പാലം കിഴക്കു ഭാഗത്തേക്ക് നീട്ടുന്നതിനുള്ള നടപടികള്‍ക്കും വേഗതയില്ല. ഇതുമൂലം മലയോരത്തു നിന്നുവരുന്ന യാത്രക്കാര്‍ പ്ലാറ്റ്‌ഫോമുകളിലെത്താന്‍ ഏറെ ബുദ്ധിമുട്ടുകയാണ്. ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മേല്‍നടപ്പാലത്തിനു മേല്‍ക്കൂരയും പണിതില്ല. കൂടാതെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിന്റെ ഉയരക്കുറവ് അപകട സാധ്യത വിളിച്ചുവരുത്തുന്നു. റെയില്‍വേ സ്റ്റേഷന്റെ സുരക്ഷയ്ക്കായി ചുറ്റുമതില്‍ വേണമെന്നാണ് നിയമമെങ്കിലും ഇവിടെ അതുമില്ല.
ഷൊര്‍ണൂരിനും മംഗ്ലൂരുവിനുമിടയില്‍ ഏറ്റവും കൂടുതല്‍ സ്ഥലം സ്വന്തമായിട്ടുള്ളത് നീലേശ്വരത്താണ്. 26 ഏക്കര്‍ ഇവിടെയുണ്ട്. അതേസമയം റെയില്‍വേയുടെ വന്‍ പദ്ധതികള്‍ ആരംഭിക്കാനുള്ള നിര്‍ദേശം ഉദ്യോഗസ്ഥ തലത്തില്‍ നിന്നോ രാഷ്ട്രീയ തലത്തില്‍ നിന്നോ ഉണ്ടായിട്ടില്ല. ദീര്‍ഘദൂര വണ്ടികളുടെ അറ്റകുറ്റപണികള്‍ നടത്തുന്നതിനുള്ള പിറ്റ്‌ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയാല്‍ മലബാര്‍ മേഖലയിലേക്ക് കൂടുതല്‍ വണ്ടികള്‍ ഓടിക്കാന്‍ പറ്റും. പാലക്കാട് ഡിവിഷനു കീഴില്‍ നിലവില്‍ പിറ്റ് ലൈന്‍ സൗകര്യമുള്ളത് മംഗളൂരു മാത്രമാണ്. എന്നാല്‍ തീവണ്ടികളുടെ ബാഹുല്യം കാരണം പിറ്റ്‌ലൈന്‍ സൗകര്യം അതിന്റെ പരിധി വിട്ടുകഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."