ചേര്‍ത്തല സ്പെഷ്യല്‍ സ്കൂള്‍ കെട്ടിടം കാടുകയറി നശിക്കുന്നു
ചേര്‍ത്തല: ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച സ്പെഷ്യല്‍ സ്കൂള്‍ കെട്ടിടവും ഉപകരണങ്ങളും നശിക്കുന്നു. ശാരീരിക വൈകല്യവും ബധിര മൂകതയും അനുഭവിക്കുന്ന കുട്ടികള്‍ക്കായുള്ള ചേര്‍ത്തല ഗവണ്മെന്റെ് ഗേള്‍സ് ഹൈസ്കൂളിലെ സ്പെഷ്യല്‍ സ്കൂള്‍ കെട്ടിടമാണ് നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തില്‍ ഫണ്ടിന്റെ കുറവുമൂലം പൂര്‍ണമാകാതെ കാടുകയറി കിടന്ന് നശിക്കുന്നത്.
ഇവിടെ വസിക്കുന്ന പാമ്പുകളുടെയും തെരുവ് നായകളുടെയും ശല്യം സമീപത്തെ ക്ലാസ് മുറികളിലെ കുട്ടികള്‍ക്കും ദുരിതമാകുന്നു. ബധിര മൂക കുട്ടികള്‍ക്ക് എല്ലാവിധ സൗക്യവും ലഭിക്കുംവിധം ജില്ലയിലെ പ്രധാന കേന്ദ്രമെന്ന നിലയില്‍ നിര്‍മ്മിച്ച കെട്ടിടത്തിന് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപയാണ് അനുവദിച്ചത്. വിശാലമായ ഹാളും ആറ് മുറികളും ഉള്ള കെട്ടിടവും ഉപകരണങ്ങളും ഒരുക്കിയപ്പോള്‍ ഫണ്ട് തികയാതെ വന്നു. തുടര്‍ന്ന് സ്കൂള്‍ പി.റ്റി.എ ഒരു ലക്ഷത്തി അറുപതിനായിരം രൂപാ മുടക്കിയെങ്കിലും പൂര്‍ത്തികരിക്കാനായില്ല. ഇനി മുറികള്‍ക്ക് ടൈല്‍സ് പാകല്‍, വയറിംങ്, പ്ലംബ്ബിംങ് എന്നീ ജോലികള്‍ മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്. മൂന്നു ലക്ഷത്തോളം രൂപയുണ്ടെങ്കില്‍ ഇത് പൂര്ണമാക്കാന് കഴിയും. സ്പെഷ്യല്‍ സ്കൂളിനായി വാങ്ങിയ ഉപകരണങ്ങള്‍ കെട്ടിടത്തിനുള്ളില്‍ കിടന്ന് നശിക്കുകയാണ്. എം.എല്‍.എ ഫണ്ടിന് ശ്രമിച്ചെങ്കിലും പൂര്‍ത്തിയാകാതെ കിടക്കുന്നവയ്ക്ക് ഫണ്ട് അനുവദിക്കാന്‍ സാധിക്കില്ലെന്നാണ് അറിഞ്ഞതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
മൂന്നു വയസും അതിനു മുകളിലുമുള്ള ശാരീരിക വൈകല്യം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ഓര്‍ത്തോ പീഡിക് റൂമും ബധിരരായവര്‍ക്ക് സ്പീച്ച് തെറാപ്പി, ഹിയറിംഗ് ഇംപെയര്, മന്ദബുദ്ധികളായവര്ക്ക് മെന്റല്‍ റിട്ടാര്‍ഡേഷന്‍ റൂം എന്നിവ ഒരുക്കി എല്ലാ സമയവും ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും സേവനം ലഭിക്കുന്ന വിധമുള്ള സ്പെഷ്യല്‍ സ്കൂളിനുള്ള കെട്ടിട നിര്‍മ്മാണമാണ് മുടങ്ങിക്കിടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."