കാര്യമായ പരുക്കേല്‍ക്കാതെ മുസ്‌ലിം ലീഗ്
കോഴിക്കോട്: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ഇടതുതരംഗത്തില്‍ കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത് മുസ്‌ലിം ലീഗ് മാത്രം. മത്സരിച്ച 24 സീറ്റുകളില്‍ 18 സീറ്റിലും ലീഗിന് വിജയിക്കാനായി. തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പേയുള്ള പ്രവചനം ശരിവയ്ക്കുന്ന രീതിയിലാണ് ലീഗിന്റെ തിളക്കമാര്‍ന്ന വിജയം.
കൊടുവള്ളി, തിരുവമ്പാടി, ബാലുശ്ശേരി, താനൂര്‍, ഗുരുവായൂര്‍, പുനലൂര്‍ സീറ്റുകളാണ് ലീഗിന് നഷ്ടമായത്. അതേസയമം സി.പി.എമ്മിന്റെ കുത്തകയായിരുന്ന കുറ്റ്യാടി മണ്ഡലത്തില്‍ ലീഗ് പച്ചക്കൊടി പാറിക്കുകയും ചെയ്തു.
മഞ്ചേശ്വരം, കാസര്‍കോട്, അഴീക്കോട്, കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന്, കൊണ്ടോട്ടി, മലപ്പുറം, മഞ്ചേരി, ഏറനാട്, പെരിന്തല്‍മണ്ണ, മങ്കട, കോട്ടക്കല്‍, വേങ്ങര, തിരൂരങ്ങാടി, തിരൂര്‍, മണ്ണാര്‍ക്കാട്, കളമശ്ശേരി എന്നിവയാണ് ലീഗ് വിജയിച്ച മറ്റു മണ്ഡലങ്ങള്‍.
കഴിഞ്ഞ തവണ 20 സീറ്റുകള്‍ നേടി ലീഗ് ചരിത്രവിജയം സ്വന്തമാക്കിയിരുന്നു. ഭരണവിരുദ്ധ തരംഗത്തിനപ്പുറം മാറ്റത്തിനായി ജനം വിരലമര്‍ത്തിയപ്പോള്‍ ഭരണമുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ ദയനീയമായ പരാജയമാണ് ഏറ്റുവാങ്ങിയത്.
യു.ഡി.എഫിലെ ഒന്നാം കക്ഷിയായ കോണ്‍ഗ്രസിന് 22 സീറ്റാണ് നേടാനായത്. അതോടൊപ്പം ആര്‍.എസ്.പിക്കും ജെ.ഡി.യുവിനും സി.എം.പിക്കും ഒരു സീറ്റ് പോലും ലഭിച്ചില്ല. കേരള കോണ്‍ഗ്രസ് (എം) ആറിടത്തും കേരള കോണ്‍ഗ്രസ് ജേക്കബ് ഒരിടത്തും വിജയിച്ചു.
കഴിഞ്ഞ തവണത്തേക്കാള്‍ മലപ്പുറം ജില്ലയില്‍ എല്‍.ഡി.എഫിന് വലിയ മുന്നേറ്റമുണ്ടാക്കാനായില്ലെന്നതാണ് വസ്തുത. മലപ്പുറത്തെ പച്ചക്കോട്ടകള്‍ മിക്കതും ഇത്തണവയും ഇളകാതെ നിന്നു. ലീഗിന്റെ സിറ്റിങ് സീറ്റായ താനൂര്‍ മാത്രമാണ് എല്‍.ഡി.എഫ് പിടിച്ചെടുത്തത്. താനൂരില്‍ സ്ഥാനാര്‍ഥി വി.അബ്ദുറഹ്മാന്റെ പണമൊഴുക്കില്‍ കടപുഴകിയെന്നാണ് ലീഗ് വിലയിരുത്തല്‍.
നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെട്ടു. മറ്റു രണ്ടു മണ്ഡലങ്ങള്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് പരാജയപ്പെട്ട തവനൂരും പൊന്നാനിയുമാണ്.
അതേസമയം കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ തവണ വിജയിച്ച കൊടുവള്ളിയിലും തിരുവമ്പാടിയിലും പരാജയത്തിന്റെ രുചിയറിഞ്ഞത് ലീഗിന് പ്രഹരമായി.
ലീഗ് വിമത സ്ഥാനാര്‍ഥിയാണ് കൊടുവള്ളിയില്‍ വിജയിച്ചത്. മണ്ഡലം മാറിയതാണ് ഏറെ പൊതുസമ്മതനായ വി. ഉമ്മര്‍ മാസ്റ്റര്‍ക്ക് വിനയായതെന്ന വാദം വിവിധ കോണുകളില്‍ നിന്നുയര്‍ന്നിട്ടുണ്ട്.
മഞ്ചേശ്വരത്തെ വിജയവും ലീഗിന് അഭിമാനമായിമാറി. ചുരുങ്ങിയ വോട്ടുകള്‍ക്ക് ബി.ജെ.പിയെ ലീഗ് മലര്‍ത്തിയടിച്ചു. സംസ്ഥാനത്ത് ഏതു പ്രതിസന്ധിയിലും പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്ന് വീണ്ടും തെളിയിച്ചതിനാല്‍ പരാജയത്തിന്റെ ഉത്തരവാദിത്വത്തില്‍ ലീഗിന് കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടി വരില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."