രഞ്ജി: കേരളം- ഗോവ പോരാട്ടം സമനിലയില്‍
മുംബൈ: കേരളവും ഗോവയും തമ്മിലുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടം സമനിലയില്‍ അവസാനിച്ചു. ആദ്യ ഇന്നിങ്‌സില്‍ കേരളം 342 റണ്‍സും ഗോവ 286 റണ്‍സുമെടുത്തു. 56 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ കേരളം എട്ടു വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. 324 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ഗോവ നാലാം ദിവസം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സെടുത്തു നില്‍ക്കേ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു. ആദ്യ ഇന്നിങ്‌സിലെ ലീഡിന്റെ ബലത്തില്‍ കേരളത്തിനു മൂന്നു പോയിന്റും ഗോവയ്ക്ക് ഒരു പോയിന്റും ലഭിച്ചു.
കേരളത്തിനായി ആദ്യ ഇന്നിങ്‌സില്‍ നായകന്‍ രോഹന്‍ പ്രേം (130), ഭവിന്‍ തക്കര്‍ (117) എന്നിവര്‍ സെഞ്ച്വറി നേടി. രണ്ടാം ഇന്നിങ്‌സിലും രോഹന്‍ പ്രേം 71 റണ്‍സെടുത്തു തിളങ്ങി. മുഹമ്മദ് അസ്ഹറുദ്ദീന്‍ 68 റണ്‍സെടുത്തു. ബൗളിങില്‍ കേരളത്തിനായി ആദ്യ ഇന്നിങ്‌സില്‍ വിനോദ് കുമാര്‍ നാലും സന്ദീപ് വാര്യര്‍ മൂന്നും വിക്കറ്റെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ ഇഖ്ബാല്‍ അബ്ദുല്ല നാലു വിക്കറ്റെടുത്തു.
രണ്ടിന്നിങ്‌സിലും തിളങ്ങുകയും കേരളത്തിനായി രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡ് സുനില്‍ ഒയാസീസിനെ മറികടന്നു സ്വന്തമാക്കുകയും ചെയ്ത രോഹന്‍ പ്രേമാണ് കളിയിലെ കേമന്‍.
ഗ്രൂപ്പ് സിയില്‍ ആറു കളികളില്‍ നിന്നു ഒരു തോല്‍വിയും അഞ്ചു സമനിലകളുമായി കേരളം അഞ്ചാം സ്ഥാനത്ത്. കേരളത്തിന്റെ അടുത്ത മത്സരം ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ആന്ധ്രാപ്രദേശുമായാണ്. ഈ മാസം 21 മുതലാണ് മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."