കേന്ദ്രത്തിന്റെ പ്രകടനത്തിനുള്ള അംഗീകാരം: അമിത് ഷാ
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍, കേരളം, അസം, തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ മികച്ച വിജയം നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രകടനത്തിനുള്ള അംഗീകാരമാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മികച്ച പ്രവര്‍ത്തനം നടത്തി വോട്ടിങ് ശതമാനം പതിനഞ്ചിലധികം ഉയര്‍ത്തിയ കേരളത്തിലെ പ്രവര്‍ത്തകരെ അഭിനന്ദിച്ച അമിത് ഷാ, ബി.ജെ.പി-ബി.ഡി.ജെ.എസ് സഖ്യം കൂടുതല്‍ ശക്തമായി തുടരുമെന്നും വ്യക്തമാക്കി.
അഞ്ചു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ബി.ജെ.പിയെ സ്വീകരിച്ചിരിക്കുകയാണ്. കേരളം മുതല്‍ കശ്മീര്‍ വരെയും കച്ച് മുതല്‍ കാമരൂപം വരെയും ബി.ജെ.പിയുടെ വിജയം ഉണ്ടായി. പാര്‍ട്ടിയുടെ ഉജ്വല വിജയത്തിനായി ബൂത്തുതലം മുതല്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന ഫലമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് വിജയം. പോസിറ്റീവ് രാഷ്ട്രീയത്തിന്റെ വിജയവും നെഗറ്റീവ് പ്രചാരണത്തിന്റെ പരാജയവുമാണ് അഞ്ചു സംസ്ഥാനങ്ങളിലും സംഭവിച്ചത്, അമിത് ഷാ പറഞ്ഞു.
ബംഗാളില്‍ 2011ലെ 4.6 ശതമാനത്തില്‍ നിന്നു 10.7 ആയി വോട്ട് വര്‍ധിച്ചു. കേരളത്തില്‍ ആറു ശതമാനത്തില്‍ നിന്നു 15 ആയും ഉയര്‍ന്നു. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വലിയ വളര്‍ച്ചയുണ്ടായി. കേരളത്തിലെ അക്രമ രാഷ്ട്രീയത്തിനെതിരായ ജനവിധിയാണിത്. ഇതിനു പുറമേ ഗുജറാത്ത്, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പുകളിലും വിജയിക്കാനായി. ഗ്രാമീണര്‍ക്കും ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളുടെ ഫലം ലഭിച്ചു തുടങ്ങിയിരിക്കുന്നു. അഴിമതി വിമുക്ത സര്‍ക്കാര്‍ എന്ന വാക്കു പാലിച്ചതിന് ലഭിച്ച സമ്മാനമാണിതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."