കോണ്‍ഗ്രസിന്റെ തകര്‍ച്ച ബി.ജെ.പിക്കു വളമാകുന്നു
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ മാത്രം ഒതുങ്ങിയിരുന്ന ബി.ജെ.പി വടക്കു കിഴക്കന്‍ സംസ്ഥാനമായ അസമില്‍ അധികാരത്തിലേറിയതും കേരളത്തില്‍ അക്കൗണ്ട് തുറന്നതുമാണ് ഇന്നലെ പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രത്യേകത. ഇടതുപക്ഷ- മതേതര പ്രസ്ഥാനങ്ങള്‍ക്കു ശക്തമായ വേരോട്ടമുള്ള പശ്ചിമ ബംഗാളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും കേന്ദ്ര നേതൃത്വത്തിനു നിരാശ നല്‍കുന്നതായിരുന്നു സംസ്ഥാനത്തെ ഫലം. നേരത്തെയുണ്ടായിരുന്ന മൂന്നു സീറ്റ് ഇത്തവണ സഖ്യമായി മത്സരിച്ച് ആറാക്കാന്‍ കഴിഞ്ഞതാണ് സംസ്ഥാനത്ത് ബി.ജെ.പിക്കുണ്ടായ നേട്ടം. എന്നാല്‍ തമിഴ്‌നാട്ടില്‍ ഇക്കുറിയും താമര വിരിയിക്കാന്‍ കഴിയാത്തത് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്കു തിരിച്ചടിയാണ്. കോണ്‍ഗ്രസിന്റെ നിയന്ത്രണത്തില്‍ നിന്നു ഓരോ സംസ്ഥാനങ്ങള്‍ കുറഞ്ഞു വരുന്നതിനും തെരഞ്ഞെടുപ്പു ഫലം സാക്ഷ്യം വഹിച്ചു. നിലവില്‍ ഒന്‍പത് സംസ്ഥാനം ബി.ജെ.പി ഭരിക്കുമ്പോള്‍ നാലിടത്ത് അവര്‍ ഭരണത്തില്‍ പങ്കാളികളുമാണ്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പിയുടെ മുദ്രാവാക്യം അന്വര്‍ഥമാക്കുന്ന വിധത്തില്‍ അസമിലും കേരളത്തിലും കോണ്‍ഗ്രസിനു ഭരണം നഷ്ടമായി. നിലവില്‍ ആറു സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിനു ഭരണം ഉള്ളത്.
കേരളത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും അഴിമതിയും ബി.ജെ.പി സമര്‍ഥമായി ഉപയോഗിച്ചു. മറുഭാഗത്താവട്ടെ ജമ്മു- കശ്മീര്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം മുസ്‌ലിം ജനസംഖ്യാ ശതമാനമുള്ള അസമില്‍ കോണ്‍ഗ്രസും അത്തര്‍ വ്യാപാരിയായ ബദറുദ്ദീന്‍ അജ്മലിന്റെ എ.ഐ.യു.ഡി.എഫും തനിച്ചു മത്സരിച്ചത് ന്യൂനപക്ഷ- മതേതര വോട്ടുകള്‍ ഭിന്നിക്കാന്‍ കാരണവുമായി. സംസ്ഥാനത്തെ 50 ഓളം മണ്ഡലങ്ങളില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ ശക്തിയുള്ള മുസ്‌ലിം വോട്ടുകള്‍ എ.ഐ.യു.ഡി.എഫിലേക്കും കോണ്‍ഗ്രസിലേക്കുമായി ചിതറിയതും ബി.ജെ.പിക്കു ഗുണം ചെയ്തു. മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്‌ക്കെതിരേ ശക്തമായ വികാരമാണ് സംസ്ഥാനത്തെ ജനങ്ങളിലുണ്ടായിരുന്നത്. തൊഴിലില്ലായ്മ പോലുള്ള വിഷയങ്ങള്‍ ബി.ജെ.പി ഉയര്‍ത്തിയതിനാല്‍ ഭരണവിരുദ്ധ വികാരം അവര്‍ക്കു നേട്ടമായി. സംസ്ഥാനത്തെ ജനകീയ കോണ്‍ഗ്രസ് നേതാവായിരുന്ന ഹിമാന്ദ ബിശ്വ ബി.ജെ.പിയിലെത്തിയതും അവര്‍ക്കു ഗുണം ചെയ്തു. അസം ഗണപരിഷത്ത്, ബോഡോ പീപ്പിള്‍സ് ഫ്രണ്ട് തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയും റബ്ബാ, തിവ വിഭാഗങ്ങളുടെ പിന്തുണ നേടിയതും ഫലത്തെ സ്വാധീനിച്ചു.
അതിനു പുറമെ ബി.ജെ.പി വര്‍ഗീയ പ്രചാരണവും അഴിച്ചുവിട്ടു. ബംഗ്ലാദേശ് കുടിയേറ്റ പ്രശ്‌നം ബി.ജെ.പി ശക്തമായി ഉയര്‍ത്തി. ബംഗ്ലാദേശില്‍ നിന്നു കുടിയേറി വരുന്ന ഹിന്ദുക്കള്‍ക്കു പൗരത്വം നല്‍കുമെന്നും അനധികൃത കുടിയേറ്റക്കാരായ മുസ്‌ലിംകളെ തിരിച്ചയക്കുമെന്നുമുള്ള അമിത് ഷായുടെ പ്രഖ്യാപനം പൊതുവേ വര്‍ഗീയ ധ്രുവീകരണം കുറവുള്ള സംസ്ഥാനമായ അസമിലെ ജനങ്ങളില്‍ വര്‍ഗീയമായി ചേരിതിരിവുണ്ടാക്കി. പരമ്പരാഗതമായി കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന തേയില മേഖലയിലെ തൊഴിലാളികളും ഇത്തവണ ബി.ജെ.പിക്കൊപ്പം നിന്നതുള്‍പ്പെടെയുള്ള ഘടകങ്ങളെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ നാലു വര്‍ഷം മുന്‍പ് വെറും അഞ്ചു സീറ്റുകളുണ്ടായിരുന്ന നിലയില്‍ നിന്നു ഭരണത്തിലേറാന്‍ ബി.ജെ.പിയെ സഹായിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."