കൃഷ്ണഗിരിയില്‍ ഗംഭീറും ധവാനും കളിക്കും
കൃഷ്ണഗിരി (വയനാട്): വയനാടന്‍ മണ്ണിലേക്ക് ഇന്ത്യന്‍ ഓപണര്‍മാരായ ഗൗതം ഗംഭീറും ശിഖര്‍ ധവാനുമെത്തുന്നു. ഈ മാസം 21 മുതല്‍ നടക്കുന്ന രഞ്ജി മത്സരത്തില്‍ രാജസ്ഥാനെതിരേ ഡല്‍ഹി നിരയില്‍ ഇരുവരും സ്ഥാനം പിടിക്കും. ഗംഭീര്‍ മത്സരത്തിനെത്തുമെന്ന് ആദ്യമേ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനുള്ള ടീമിലേക്ക് ഗംഭീറിനു വിളി വന്നതോടെ താരം എത്തില്ലെന്ന നിഗമനത്തിലായിരുന്നു ക്രിക്കറ്റ് ലോകം.
എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ആദ്യ ഇലവനില്‍ സ്ഥാനം നഷ്ടപ്പെട്ടതോടെ കൃഷ്ണഗിരിയില്‍ ക്രിക്കറ്റ് വിരുന്നൊരുക്കാന്‍ ഗംഭീര്‍ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ആദ്യ ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലും പരാജയപ്പെട്ടതോടെയാണ് ഗംഭീറിനു രണ്ടാം ടെസ്റ്റില്‍ അവസരം നിഷേധിക്കപ്പെട്ടത്.
ശിഖര്‍ ധവാനും കൃഷ്ണിഗിരിയിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. സെപ്തംബറില്‍ ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരയുടെ രണ്ടാം മത്സരത്തില്‍ പെരുവിരലിനു പരുക്കേറ്റ് ദേശീയ ടീമില്‍ നിന്നു പുറത്തുപോകേണ്ടി വന്ന ധവാന്‍ പരുക്കില്‍ നിന്നും മുക്തനായെന്നാണ് ഡല്‍ഹി ടീം മാനേജ്‌മെന്റ് നല്‍കുന്ന വിവരം. പരുക്ക് പൂര്‍ണമായും ഭേദമായ ധവാന്‍ തന്നെയാണ് രഞ്ജിയില്‍ ഡല്‍ഹിക്കായി ഇറങ്ങാന്‍ സന്നദ്ധത അറിയിച്ചത്. ഈ സാഹചര്യത്തില്‍ ധവാനും കൃഷ്ണഗിരിയില്‍ പാഡണിയുമെന്ന് ഡല്‍ഹിയുടെ പരിശീലകന്‍ ഭാസ്‌കര്‍ പിള്ള പറഞ്ഞു.
നേരത്തേ, ഗംഭീര്‍ കൃഷ്ണഗിരിയില്‍ രഞ്ജി കളിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. ഡല്‍ഹി ടീമിനു വൈത്തിരിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണു താമസ സൗകര്യം ഏര്‍പ്പെടുത്തിയത്. നേരത്തേ ഇഷാന്ത് ശര്‍മയും വയനാട്ടിലെത്തുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. ടെസ്റ്റ് ടീമില്‍ ഉള്‍പ്പെട്ടതോടെ ഇഷാന്ത് കൃ>്ണഗിരിയിലെത്തില്ലെന്നുറപ്പായി.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമില്‍ നില്‍ക്കെയാണ് ഗംഭീറിനെ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ടീമിലേക്ക് രണ്ടുവര്‍ഷത്തിനു ശേഷം തിരികെ വിളിച്ചത്. മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിലും ഡല്‍ഹി താരം സ്ഥാനം നിലനിര്‍ത്തി.
എന്നാല്‍ ആദ്യ ടെസ്റ്റില്‍ വേണ്ടത്ര തിളങ്ങാന്‍ സാധിക്കാതെ വന്നതോടെ ഗംഭീറിന്റെ ടീമിലെ സ്ഥാനം ചോദ്യ ചിഹ്നത്തിലായി. രാജ്യന്തര കരിയറിനു ഏതാണ്ട് തിരശ്ശീല വീണ സ്ഥിതിയിലാണ് ഗംഭീറിന്റെ വരവ്. രഞ്ജിയില്‍ വീണ്ടും തിളങ്ങി ഇന്ത്യന്‍ ടീമിലേക്ക് ഒരു തിരിച്ചു വരവെന്ന സ്വപ്നവും അദ്ദേഹം കാണുന്നുണ്ടാകും. ധവാന്റെ സ്ഥിതിയും മറിച്ചല്ല.
ന്യൂസിലന്‍ഡിനെതിരേ കാര്യമായ പ്രകടനം നടത്താന്‍ കഴിയാതെ പോയ ധവാനു പരുക്കും വില്ലനായി. ധവാനും രഞ്ജിയില്‍ തിളങ്ങി ഇന്ത്യന്‍ ടീമിലേക്കുള്ള മടക്കമാണ് മുന്നില്‍ കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."