പള്ളുരുത്തിയിലെ സ്വകാര്യ ഫാമില്‍ നൂറുകണക്കിന് താറാവുകള്‍ ചത്തു
മട്ടാഞ്ചേരി: പക്ഷിപ്പനി ഭീതിയുടെ സാഹചര്യത്തില്‍ പള്ളുരുത്തിയിലെ സ്വകാര്യ ഫാമില്‍ വളര്‍ത്തി വന്നിരുന്ന നൂറുകണക്കിന് താറാവുകള്‍ ചത്തു. പള്ളുരുത്തി കടേ ഭാഗം പാര്‍ക്കിനു സമീപം വടശ്ശേരി വീട്ടില്‍ ജിജിയുടെ ഉടമസ്ഥതയിലുള്ളതാണ് താറാവുകള്‍. ഒരു മാസം മുന്‍പാണ് മണ്ണൂത്തിയില്‍ നിന്നും ഇയാള്‍ മുന്നൂറോളം താറാവുകളെ ഇവിടെ എത്തിക്കുന്നത്. ഏകദേശം മൂന്നു മാസം പ്രായമുള്ളതാണ് ഇവ. തീറ്റയും, വാക്സിനേഷനും കൃത്യമായി നല്‍കിയിരുന്നതാണ് ഉടമ പറഞ്ഞു.
കഴിഞ്ഞ രണ്ടു ദിവസം മുന്‍പാണ് താറാവുകള്‍ ഓരോന്നായി ചാകാന്‍ തുടങ്ങിയത്. വെള്ളത്തിലും, കരയിലുമായി താറാവുകള്‍ കൂട്ടത്തോടെ ചത്തു കിടക്കുകയാണ്. ഇവറ്റകളെ നീക്കം ചെയ്യാത്തതുമൂലം സമീപത്ത് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതായി നാട്ടുകാര്‍ പരാതിപ്പെട്ടു. ഇതിനിടയില്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടതു പ്രകാരം സ്ഥലം കൗണ്‍സിലര്‍ ഹേമ പ്രഹ്ളാന് സംഭവത്തില്‍ ഇടപെട്ടു.
തുടര്‍ന്ന് കൊച്ചിനഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും എറണാകുളം ജില്ലാവെറ്റിനറി വിഭാഗവും സ്ഥലത്തെത്തി. 290 ഓളം താറാവുകള്‍ ചത്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പ്രതികരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചത്ത താറാവുകളെ സമീപത്ത് തന്നെ കുഴിച്ചുമൂടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."