ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയ ദമ്പതികള്‍ പിടിയില്‍
മട്ടാഞ്ചേരി: ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങി നടന്നിരുന്ന ദമ്പതികള്‍ മട്ടാഞ്ചേരി പൊലിസിന്റെ പിടിയിലായി. ഇടുക്കി തോപ്രാംകുടി സ്വദേശികളായ ജിയോ മാത്യു(37) ഇയാളുടെ ഭാര്യ ബിനി മോള്(34) എന്നിവരെയാണ് മട്ടാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ സാബു, മട്ടാഞ്ചേരി എസ്.ഐ വി ജോഷി എന്നിവരുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി സ്വദേശിയായ ഷാജിയെന്നയാളില്‍ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പൊലിസ് ഇവരെ അറസ്റ്റ് ചെയ്തത്.
ആലപ്പുഴയില്‍ ഹോളി ഏഞ്ചല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്നവരാണെന്നും 35 ലക്ഷം രൂപ ട്രസ്റ്റില്‍ നിക്ഷേപിച്ചാല്‍ ഒരു കോടി രൂപ മടക്കി നല്‍കാമെന്നും വാഗ്ദാനം നല്‍കിയുമാണ് ഇവര്‍ പണം തട്ടിയെടുത്തത്. ഇവര്‍ പാലാ സ്വദേശിയില്‍ നിന്നും ഒമ്പത് ലക്ഷം രൂപയും സ്വര്‍ഗ ചിത്ര അപ്പച്ചനില്‍ നിന്ന് ഒരു കോടിയും പാലക്കാട് സ്വദേശി ജോജോയില്‍ നിന്ന് പതിനാറ് ലക്ഷം രൂപയും സമാനമായ രീതിയില്‍ തട്ടിയെടുത്തതായി പൊലിസ് പറഞ്ഞു. പാലക്കാട്, ചങ്ങനാശ്ശേരി, രാമപുരം, നടക്കാവ് എന്നീ സ്റ്റേഷനുകളിലും ഇവര്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്.
ഇവര്‍ക്കെതിരെയുള്ള കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ തൃശൂര്‍ സ്വദേശിയായ പ്രേംകുമാര്‍ എന്നയാളെ ഉപയോഗിച്ച് ഓള് കേരള നിയമ സഹായ വേദിയുടെ പേരില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വ്യാജ പരാതികള്‍ നല്കി അന്വേഷണ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുന്നതും ഇവരുടെ പതിവ് രീതിയാണെന്ന് പൊലിസ് വ്യക്തമാക്കി.
വര്‍ഷങ്ങളായി വിവിധയിടങ്ങളില്‍ മാറി മാറി ഒളിവില്‍ കഴിയുകയായിരുന്ന ഇവര്‍ ആലപ്പുഴയിലുണ്ടെന്ന് സിറ്റി പൊലിസ് കമ്മീഷ്ണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാകുന്നത്. സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ ആര് അനില്‍ കുമാര്‍, രത്നകുമാര്‍, കെ.ടി അനില്‍ കുമാര്‍, സിവില്‍ പൊലിസ് ഓഫീസര്‍മാരായ രതീഷ് ബാബു, ഫ്രാന്‍സിസ്, രാജി മോള് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."